Friday, December 2, 2011

മുസ്ലിങ്ങള്‍ക്ക് പ്രത്യേക സംവരണമില്ലെന്ന് കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിങ്ങള്‍ക്ക് പത്തു ശതമാനം പ്രത്യേക സംവരണം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അതേസമയം, നിലവിലുള്ള ഒബിസി സംവരണത്തിന്റെ 10 ശതമാനം പിന്നോക്ക മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്യുമെന്ന് നിയമമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകും. വിശദമായ കുറിപ്പ് പ്രധാനമന്ത്രി പരിശോധിച്ച് വരികയാണെന്നും ഖുര്‍ഷിദ് പറഞ്ഞു. സംവരണത്തിന്റെ ഫോര്‍മുല മന്ത്രിസഭാതീരുമാനം വന്നാലുടന്‍ ഉണ്ടാകും. കേന്ദ്ര സര്‍വീസില്‍ മറ്റു പിന്നോക്കവിഭാഗക്കാര്‍ക്കുള്ള (ഒബിസി) ക്വോട്ട 27 ശതമാനമാണ്. ഇതില്‍നിന്ന് പത്തു ശതമാനമായിരിക്കും പിന്നോക്ക മുസ്ലിങ്ങള്‍ക്ക് ലഭിക്കുക. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലേ നീക്കമെന്ന ചോദ്യത്തിന് രണ്ടര വര്‍ഷം മുമ്പ് തങ്ങള്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കുക മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ , ഖുര്‍ഷിദിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ് പ്രഖ്യാപനമെന്ന് സമാജ്വാദിപാര്‍ടി നേതാവ് അസംഖാന്‍ പറഞ്ഞു. മുസ്ലിം വിഭാഗത്തിന് പത്തുശതമാനം പ്രത്യേകസംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയിരുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തി പിന്നോക്ക മുസ്ലിങ്ങളെ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് വിഷയം ഏറ്റെടുത്തതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയതും. അതേസമയം, കേന്ദ്രസര്‍വീസില്‍ ഒരുവിധത്തിലുള്ള സംവരണവും മുസ്ലിം വിഭാഗത്തിനു നല്‍കാന്‍ പാടില്ലെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ രംഗത്തുവന്നു.

deshabhimani 021211

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിങ്ങള്‍ക്ക് പത്തു ശതമാനം പ്രത്യേക സംവരണം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അതേസമയം, നിലവിലുള്ള ഒബിസി സംവരണത്തിന്റെ 10 ശതമാനം പിന്നോക്ക മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്യുമെന്ന് നിയമമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് അറിയിച്ചു.

    ReplyDelete