Thursday, December 15, 2011

തകര്‍ത്തത് ജീവിത സ്വപ്നങ്ങള്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നം വൈകാരികമായി ഏറ്റെടുത്ത തമിഴ് കലാപകാരികള്‍ തകര്‍ത്തെറിഞ്ഞത് നൂറുകണക്കിന് മലയാളികളുടെ ജീവിത സ്വപ്നങ്ങള്‍ . ഒപ്പം പൊട്ടിത്തകരുന്നത് ദശാബ്ദങ്ങളായി കാത്തുപോന്ന മലയാളി-തമിഴ് സാഹോദര്യത്തിന്റെ ഇഴകളും. നൂറുകണക്കിന് വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി ആക്രോശിച്ചെത്തുന്നതറിഞ്ഞ് ഉടുതുണിയുമായി ഓടിരക്ഷപ്പെട്ടവരാണ് മിക്കവരും. പതിറ്റാണ്ടുകളുടെ കഠിനധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം എന്നേക്കുമായി നഷ്ടമായത് ഒരു ദുസ്വപ്നം പോലെയാണിവര്‍ക്ക്. കോടികള്‍ വിലമതിക്കുന്ന ചകിരി ഫാക്ടറികള്‍ , കന്നുകാലി ഫാമുകള്‍ , കടകള്‍ , കൃഷി തുടങ്ങിയവയെല്ലാം അഗ്നിക്കിരയാകുന്നതും വെട്ടിനശിപ്പിക്കുന്നതും നിസഹായരായി കാണേണ്ടിവന്ന ഇവര്‍ ആത്മഹത്യാമുനമ്പിലാണ്.

പതിവുപോലെ തമിഴ്നാട്ടില്‍ വാഴക്കുലയെടുക്കാന്‍ കമ്പത്തേക്കുപോയ കമ്പംമെട്ട് മന്തിപ്പാറ ജോസഫിന്റെ രണ്ട് ലോറിയ്ക്ക് അക്രമികള്‍ തീയിട്ടു. സംരക്ഷണാര്‍ഥം വാഹനം തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും അക്രമികള്‍ വാഹനത്തിലുണ്ടായിരുന്ന വാഴക്കുലകളും മറ്റും റോഡിലെറിഞ്ഞ് നശിപ്പിക്കുകയും പങ്കിട്ടെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കു പരാതികൊടുക്കുമെന്നറിയാതെ വിഷമിക്കുകയാണ് ജോസഫ്. കാലിത്തീറ്റ കൊണ്ടുവരാന്‍ കമ്പം കെ കെ പട്ടിയിലേക്ക് പോയ കൊച്ചറ കൊച്ചുപുരയ്ക്കല്‍ കെ വി ജോസഫിന്റെ ജീപ്പ് അക്രമികള്‍ കത്തിച്ചത് കഴിഞ്ഞദിവസമാണ്. നെറ്റിത്തൊഴു വാഴവേലില്‍ മോന്‍സിയുടെ തമിഴ്നാട്ടിലെ ടയര്‍കട കൊള്ളയടിച്ചു. നെറ്റിത്തൊഴു സ്വദേശികളുടെ തമിഴ്നാട്ടിലുള്ള 20,000 ഏക്കറിലെ വാഴയാണ് അക്രമികള്‍ വെട്ടിനശിപ്പിച്ചത്. ഐ മാത്യു, ജോസ് പൂവത്തുംമൂട്ടില്‍ എന്നിവരുടെ വാഴത്തോട്ടങ്ങളും വെട്ടിവീഴ്ത്തി. തമിഴ്നാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ജോര്‍ജ് ജേക്കബിന്റെ നാലേക്കര്‍ തെങ്ങിന്‍തോപ്പാണ് അക്രമികള്‍ വെട്ടിനശിപ്പിച്ചത്.

കാഞ്ഞിരപ്പള്ളി സ്വദേശി വക്കച്ചന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയില്‍ തമിഴ്നാട് കെ എസ് പട്ടിയിലുള്ള 50 ഏക്കറിലെ തെങ്ങ്, കശുമാവ് തുടങ്ങിയ വിളകളെല്ലാം വെട്ടിനശിപ്പിക്കുകയും വീടിന് മുറ്റത്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ട്. അക്രമിസംഘം നാലുദിവസം തുടര്‍ച്ചയായെത്തി കൊള്ളയടിച്ചശേഷം സകലതും അടിച്ചുതകര്‍ത്തു. കൃഷിഫാമിലേക്കുള്ള പൈപ്പ്ലൈനുകളും മോട്ടറുകളും കൊണ്ടുപോയി. തമിഴ്നാട്ടില്‍ നിന്ന് ഓടിപ്പോന്ന പലര്‍ക്കും തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. കലക്ടറെയും പി ടി തോമസ് എംപിയെയും സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി.
(കെ ടി രാജീവ്)

മുല്ലപ്പെരിയാര്‍ : സമരം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും മാണിയും

കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും നടത്തിവന്നിരുന്ന സമരം നിര്‍ത്തുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിരാഹാരസമരം വ്യാഴാഴ്ച താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്ന് കെ എം മാണി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ നടത്തിവന്നിരുന്ന നിരാഹാരസമരം വ്യാഴാഴ്ച പിന്‍വലിക്കും. ഒരു മാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസ് നടത്തിവരുന്ന സമരവും പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തമിഴ്നാടുമായി ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രക്ഷോഭം തല്‍ക്കാലം നിര്‍ത്തുന്നത്. മറ്റു സംഘടനകള്‍ തുടങ്ങിയ സമരം തുടരണമോയെന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സര്‍വകക്ഷി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്കു ശേഷം നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഇരുവരും പത്രലേഖകരോട് പറഞ്ഞതാണിത്.

നിയമം നടപ്പാക്കുന്നതില്‍ വികാര പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല: ജ. കെ ടി തോമസ്

കോട്ടയം: നിയമം നടപ്പാക്കുന്നതില്‍ വികാര പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗം ജ. കെ ടി തോമസ് പറഞ്ഞു. കോട്ടയം സിഎംഎസ് കോളേജില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫെബ്രുവരി വരെ സമയമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സാവകാശം വേണം. ഗഹനമായി പഠിച്ച് നിഷ്പക്ഷമായിട്ടായിരിക്കും വിഷയം അവതരിപ്പിക്കുന്നത്. വേകാതെ വിളമ്പാനാകില്ല. നിയമങ്ങളില്‍ ചിലത് കാലഹരണപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന്, ഐ ടി രംഗത്ത് ചില നിയമങ്ങള്‍ പുതുതായി വന്നിട്ടുണ്ട്. ഈ നിലയില്‍ കൂടുതല്‍ വിഷയങ്ങളില്‍ നിയമ പരിഷ്ക്കാരങ്ങള്‍ വേണം. കാലോചിതമായ പരിഷ്ക്കാരമാണ് ഇക്കാര്യങ്ങളില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 151211

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നം വൈകാരികമായി ഏറ്റെടുത്ത തമിഴ് കലാപകാരികള്‍ തകര്‍ത്തെറിഞ്ഞത് നൂറുകണക്കിന് മലയാളികളുടെ ജീവിത സ്വപ്നങ്ങള്‍ . ഒപ്പം പൊട്ടിത്തകരുന്നത് ദശാബ്ദങ്ങളായി കാത്തുപോന്ന മലയാളി-തമിഴ് സാഹോദര്യത്തിന്റെ ഇഴകളും. നൂറുകണക്കിന് വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി ആക്രോശിച്ചെത്തുന്നതറിഞ്ഞ് ഉടുതുണിയുമായി ഓടിരക്ഷപ്പെട്ടവരാണ് മിക്കവരും. പതിറ്റാണ്ടുകളുടെ കഠിനധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം എന്നേക്കുമായി നഷ്ടമായത് ഒരു ദുസ്വപ്നം പോലെയാണിവര്‍ക്ക്. കോടികള്‍ വിലമതിക്കുന്ന ചകിരി ഫാക്ടറികള്‍ , കന്നുകാലി ഫാമുകള്‍ , കടകള്‍ , കൃഷി തുടങ്ങിയവയെല്ലാം അഗ്നിക്കിരയാകുന്നതും വെട്ടിനശിപ്പിക്കുന്നതും നിസഹായരായി കാണേണ്ടിവന്ന ഇവര്‍ ആത്മഹത്യാമുനമ്പിലാണ്.

    ReplyDelete