Saturday, December 17, 2011

മുല്ലപ്പെരിയാര്‍ : ജനകീയ ഐക്യം സംരക്ഷിക്കും-എല്‍ഡിഎഫ്

മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന പ്രക്ഷോഭങ്ങളിലുണ്ടായ ജനകീയ ഐക്യം സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് തുടര്‍ന്നും നിലപാടു സ്വീകരിക്കുകയെന്ന് സംസ്ഥാനകമ്മിറ്റി യോഗം പ്രമേയത്തില്‍ വ്യക്തമാക്കി. ഭാവിപരിപാടികള്‍ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നിശ്ചയിക്കും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഭൂചലനം ഈ ആശങ്ക വര്‍ധിപ്പിച്ചു. അണക്കെട്ട് തകര്‍ന്നാല്‍ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭീതി നിലനില്‍ക്കുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പുവരുത്തി പുതിയ ഡാം നിര്‍മിക്കണം. അതിനുള്ള സാഹചര്യമൊരുക്കാന്‍ സമാധാനപരമായ ചര്‍ച്ച ഉയര്‍ന്നുവരണം. രണ്ടു സംസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനാണ് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടാനാാവുക. മുല്ലപ്പെരിയാര്‍ സമരം പിറന്ന മണ്ണില്‍ ജീവിക്കുന്നതിനുള്ള സമരമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് മനുഷ്യമതില്‍ സൃഷ്ടിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാമെന്നും അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തിയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. സമരം തെറ്റായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള പ്രവണതകളെ എല്‍ഡിഎഫ് എതിര്‍ക്കും. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പ്രശ്നം പരിഹരിക്കാനാകില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് എക്കാലത്തും സ്വീകരിച്ചത്. ആ സമീപനം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗം വ്യക്തമാക്കി.

പ്രധാനമന്ത്രി ശരിക്കൊപ്പം നില്‍ക്കണം: മാണി

കണ്ണൂര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശരിയുടെ പക്ഷത്ത് നില്‍ക്കണമെന്ന് ധനമന്ത്രി കെ എം മാണി. തെറ്റുചെയ്യുന്നവരോട് അത് മുഖത്തുനോക്കി പറയാനുള്ള ആജ്ഞാശക്തി പ്രധാനമന്ത്രി പ്രകടിപ്പിക്കണം. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. കേരളത്തിന്റെ വാദം തെറ്റാണെങ്കില്‍ അക്കാര്യം പ്രധാനമന്ത്രി പറയട്ടെയെന്നും കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ "മീറ്റ് ദി പ്രസി"ല്‍ മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടേണ്ടത് ഭരണഘടനാപരമായ ചുമതലയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇടപെടാമെന്ന് പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തിന് ഉറപ്പുനല്‍കിയതുമാണ്. അതിന് അന്തരീക്ഷം സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറുന്നത്. ഒരു മാസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും മാണി പറഞ്ഞു.

പുതിയ അണക്കെട്ട്: പാരിസ്ഥിതിക പഠനം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങും

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള പാരിസ്ഥിതിക പ്രത്യാഘാതപഠനം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങും. സെക്കന്തരാബാദിലെ സ്വകാര്യകമ്പനിയുമായി സംസ്ഥാനസര്‍ക്കാര്‍ ഇതിന് കരാര്‍ ഒപ്പുവച്ചു. പ്രഗതി കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പഠനം നടത്തുക. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള അണക്കെട്ടില്‍നിന്ന് 1300 അടി താഴെയാണ് കേരള പെരിയാര്‍ ഡാം നിര്‍മിക്കുന്നത്. അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 23 ഹെക്ടര്‍ വനഭൂമി അധികമായി വെള്ളത്തിലാകും. റോഡ്, കെട്ടിടങ്ങള്‍ , മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ 50 ഹെക്ടര്‍ കൂടി അധികമായി വേണ്ടിവരും. ഇതിനുപകരമായി മൂന്നിരട്ടി ഭൂമി വനവല്‍ക്കരണത്തിനായി സംസ്ഥാനം നല്‍കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 34 പ്രത്യാഘാതകാര്യങ്ങളാണ് പഠിക്കാനുള്ളത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വാങ്ങണം.

സുരക്ഷിത കേന്ദ്രങ്ങള്‍ക്കായി സര്‍വെ തുടരുന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള സര്‍വെ പുരോഗമിക്കുന്നു. ആദ്യഘട്ടം അടയാളം രേഖപ്പെടുത്തല്‍ ഏതാനുംദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ട സര്‍വെയാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഭൗമശാസ്ത്ര പഠന കേന്ദ്രവും സംയുക്തമായാണ് സര്‍വെ നടത്തുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ രക്ഷപ്പെടാനുള്ള കേന്ദ്രങ്ങള്‍ നിര്‍ണയിക്കാനാണ് സര്‍വെ. ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ അടയാളങ്ങള്‍ക്കനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. വള്ളക്കടവ് മുതല്‍ ഇടുക്കി വരെയുള്ള 37 കിലോമീറ്ററില്‍ 300 ലധികം സുരക്ഷിത കേന്ദ്രങ്ങളുണ്ടാകും. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണം, ഇവര്‍ക്ക് പെട്ടന്ന് രക്ഷപ്പെടാനുള്ള പാത, ഓരോ കുടുംബങ്ങളും എത്തേണ്ട കേന്ദ്രം എന്നിവയാണ് നിശ്ചയിക്കുന്നത്. ഇലട്രിക് പോസ്റ്റുകള്‍ , വീടിന്റെ ചുവര്, പാറപ്പുറം, മരം എന്നിവിടങ്ങളിലാണ് അടയാളം രേഖപ്പെടുത്തിയത്. അണക്കെട്ട് തകര്‍ന്നാല്‍ ഏഴ് മിനുട്ടിനകം പ്രളയജലം ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവിലെത്തും. പെരിയാര്‍ നദിയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കണക്കെടുപ്പ് റവന്യൂ അധികൃതരുടെ നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്. 136 അടി കണക്കാക്കി സര്‍വെ നടക്കുന്നതിലും പെരുത്തക്കേടുള്ളതായി വിദഗ്ധര്‍ പറയുന്നു. അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായി 64 സെന്റിമീറ്റര്‍ മഴപെയ്താല്‍ ജലനിരപ്പ് 162 അടി വരെ ഉയരാമെന്ന് പറയുന്നു. വന്‍പ്രളയസാധ്യത കൂടി കണക്കാക്കിയുള്ള സര്‍വെയാണ് വേണ്ടതെന്ന അഭിപ്രായവും ഉണ്ട്.

മുല്ലപ്പെരിയാറില്‍ ഭൂചലനസാധ്യത ഇല്ലെന്ന് ഉന്നതാധികാര സമിതിയില്‍ തമിഴ്നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ അപകടകരമായ ഭഭൂചലനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേരളം അനാവശ്യമായി ഭഭീതി സൃഷ്ടിക്കുകയാണെന്നും കാണിച്ച് തമിഴ്നാട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജലനിരപ്പ് 120 അടിയായി അടിയന്തരമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് തമിഴ്നാട് ഇങ്ങനെ പറഞ്ഞത്.. മുല്ലപ്പെരിയാറില്‍ പൊട്ടലുണ്ടായാല്‍ വന്‍ദുരന്തത്തിന് വഴിയൊരുക്കുംവിധം തകര്‍ച്ചയുണ്ടാവില്ല. ഈ സാഹചര്യം അതിജീവിക്കാനുള്ള ശേഷി അണക്കെട്ടിനുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ 3.1 നും 3.4 നും ഇടയിലുള്ള നാല് ഭൂചലനം മാത്രമാണുണ്ടായതെന്ന് ഇന്ത്യന്‍ കാലാവസ്ഥാപഠന വകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നു. കേരളം ഹാജരാക്കിയത് തിരുവനന്തപുരം സെസ് നല്‍കിയ വിവരങ്ങളാണ്. 24 ഭൂചലനങ്ങള്‍ ഉണ്ടായതായി കാലാവസ്ഥാപഠന വകുപ്പ് പറയുന്നില്ല. കെഎസ്ഇബി രേഖപ്പെടുത്തിയ ഭൂചലനങ്ങളെ കുറിച്ച് സെസിന് വിവരമൊന്നുമില്ല. അണക്കെട്ടില്‍ നിന്ന് 39 കിലോമീറ്റര്‍ മാറിയാണ് 4.9 വരെയുള്ള ദുര്‍ബലമായഭഭൂചലനമുണ്ടായത്. 15032 ക്യുസെക്സ് വെള്ളം അണക്കെട്ടിലേക്ക് എത്തിയതുകൊണ്ട് ജനങ്ങള്‍ ഭീതിയിലാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇതിലുമധികം വെള്ളം അണക്കെട്ടിലേക്ക് വന്നിട്ടുണ്ട്. അനാവശ്യഭീതി സൃഷ്ടിക്കുകയാണ്-സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറഞ്ഞു.

deshabhimani 171211

No comments:

Post a Comment