Friday, December 16, 2011

പെന്‍ഷന്‍ ഫണ്ടിനെതിരെ പ്രക്ഷോഭ പ്രചരണ പരിപാടി

പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണനിയുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുത്ത് പെന്‍ഷന്‍കാരുടെ ജീവിത സുരക്ഷിതത്വം തകര്‍ക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഡെവലപ്‌മെന്റ് ബില്ലിനെതിരെ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി ഇന്ന് പെന്‍ഷന്‍ ദിനാചരണം നടക്കുകയാണ്.

ബില്‍ പിന്‍വലിക്കുക എന്ന ശക്തമായ ആവശ്യമാണ് പെന്‍ഷന്‍ സംഘടനകള്‍ ഉയര്‍ത്തുന്നത്. ഇത് മുന്‍ നിര്‍ത്തി രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സംഘടനകള്‍ തീരുമാനിച്ചു കഴിഞ്ഞു. 2004 ജനുവരി ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായി മാത്രമാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്നാണ് പറയുന്നതെങ്കിലും ബില്‍ നടപ്പായി കഴിയുമ്പോള്‍ നിലവിലെ ജീവനക്കാരെയും ഇതില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ജീവനക്കാരില്‍ നിന്നും സ്വരൂപിക്കുന്ന നിശ്ചിത ശതമാനം തുകയും, സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ഒരു പുതിയ ഫണ്ട് രൂപീകരിച്ച് ആ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലെ ലാഭം നോക്കി പെന്‍ഷന്‍ നല്‍കുമ്പോള്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ കൂടുതല്‍ തുക ലഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം മാനേജര്‍മാരെ നിയമിക്കും. ഇവരുടെ നേതൃത്വത്തില്‍ ഈ ഫണ്ട് സ്വകാര്യ കമ്പനികളെ ഉള്‍പ്പെടെ ഏല്‍പ്പിച്ച് പെന്‍ഷന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിദേശ കമ്പനികളെ ഇതില്‍ പങ്കാളികളാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞെങ്കിലും പിന്നീട് കേന്ദ്രം ഇതില്‍ നിന്ന് പിന്നോട്ട് പോയി. പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പോലും തള്ളിക്കളഞ്ഞു കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇതുമായി മുന്നോട്ട് പോകുന്നത്. വിദേശ പങ്കാളിത്തം അനുവദിക്കുമ്പോള്‍ അത് 26 ശതമാനത്തില്‍ കവിയരുത് എന്ന സുപ്രധാന ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ തള്ളിക്കളഞ്ഞിട്ടുണ്ട്. പരിധിയില്ലാത്ത വിദേശ പങ്കാളിത്തം അനുവദിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇത് നൂറ് ശതമാനം വരെ ഉയര്‍ത്താനും ഇതിലൂടെ സാധിക്കും.

പെന്‍ഷന്‍ സ്വകാര്യവവല്‍ക്കരണം നടത്താനുള്ള ഈ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടുമെന്ന് പറയുന്ന സര്‍ക്കാര്‍ കുറഞ്ഞ തുക എത്രയാണെന്ന് പോലും നിജപ്പെടുത്താനോ വെളിപ്പെടുത്താനോ തയ്യാറല്ലെന്നതാണ് വസ്തുത.

ഇടതു പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് മേലുണ്ട്. എന്നാല്‍ ചെറുകിട വ്യവസായ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനത്തിലുള്‍പ്പെടെ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ എതിര്‍പ്പ് മറികടക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിപക്ഷത്തിനെ കൂട്ട് പിടിച്ച് ബില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ബി ജെ പിയുമായി കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബില്ലിനെ പിന്‍തുണയ്ക്കാനാണ് ബി ജെ പിയുടെയും തീരുമാനം. ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണെന്ന 1982 ഡിസംബര്‍ 17 ലെ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡിസംബര്‍ 17 പെന്‍ഷന്‍ ദിനമായി ആചരിക്കുന്നത്. എന്നാല്‍ പെന്‍ഷന്റെ കാര്യത്തില്‍ സുപ്രിം കോടതിയുടെ നിരീക്ഷണം പോലും ഇന്ന് ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് മറ്റൊരു പെന്‍ഷന്‍ ദിനം കൂടി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രക്ഷോഭങ്ങളും പ്രചരണ പരിപാടികളും ആചരിക്കുന്നുണ്ട്.

janayugom 171211

1 comment:

  1. പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണനിയുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുത്ത് പെന്‍ഷന്‍കാരുടെ ജീവിത സുരക്ഷിതത്വം തകര്‍ക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഡെവലപ്‌മെന്റ് ബില്ലിനെതിരെ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി ഇന്ന് പെന്‍ഷന്‍ ദിനാചരണം നടക്കുകയാണ്.

    ReplyDelete