Monday, December 12, 2011

ഹസാരെ ഉപവസിച്ചു; പിന്തുണച്ച് പ്രതിപക്ഷം

കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനാവലിയെ അണിനിരത്തി വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന മുന്നറിയിപ്പോടെ അണ്ണ ഹസാരെ ഡല്‍ഹിയില്‍ ഞായറാഴ്ച ഏകദിന ഉപവാസം നടത്തി. ലോക്പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തപക്ഷം 27 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഹസാരെ വ്യക്തമാക്കി. പ്രതിപക്ഷപാര്‍ടികളുടെ പ്രതിനിധികള്‍ ഉപവാസവേദിയിലെത്തി സമരത്തിന് പിന്തുണ അര്‍പ്പിച്ചു. സമരവുമായി സഹകരിക്കാനും നിലപാട് വ്യക്തമാക്കാനും അഭ്യര്‍ഥിച്ച് ഹസാരെ എല്ലാ രാഷ്ട്രീയപാര്‍ടികളെയും ക്ഷണിച്ചിരുന്നു. ഏപ്രിലില്‍ നടത്തിയ ആദ്യ ഉപവാസത്തില്‍ പങ്കെടുത്തതിന്റെ പതിന്മടങ്ങ് ജനങ്ങളാണ് ഞായറാഴ്ച ജന്തര്‍മന്തിറില്‍ എത്തിയത്.
പ്രധാനമന്ത്രിയെയും താഴെതട്ടിലെ ജീവനക്കാരെയും സിബിഐയുടെ അഴിമതി അന്വേഷണ വിഭാഗത്തെയും ലോക്പാല്‍പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് ഇടതുപക്ഷവും ബിജെപിയും പിന്തുണ അറിയിച്ചു. ജുഡീഷ്യറിയെ നിരീക്ഷിക്കാനും അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കാനും പ്രത്യേക സംവിധാനം വേണമെന്നും ഭൂരിപക്ഷം രാഷ്ട്രീയപാര്‍ടി പ്രതിനിധികളും അഭിപ്രായപ്പെട്ടു. അതിനെ ലോക്പാലുമായി ബന്ധിപ്പിക്കരുത്. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നും അവര്‍ വ്യക്തമാക്കി.
താഴെതട്ടിലുള്ള ജീവനക്കാരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശം നിലനിര്‍ത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ജന്തര്‍മന്ദിറിലെ സമരവേദിയില്‍ സിപിഐ എം നിലപാട് വ്യക്തമാക്കി സംസാരിക്കുകയായിരുന്നു വൃന്ദ. എംപിമാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം. എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ കാണരുതെന്ന് ഹസാരെസംഘത്തോട് വൃന്ദ അഭ്യര്‍ഥിച്ചു. ബില്‍ പരിഗണിച്ച സ്ഥിരം സമിതിക്കുമുന്നില്‍ സിപിഐ എം നല്‍കിയ വിയോജനക്കുറിപ്പ് വൃന്ദ വിശദമാക്കി.

സിപിഐ എം, സിപിഐ, ബിജെപി, ജനതാദള്‍ (യു), അകാലിദള്‍ , ടിഡിപി, ബിജെഡി എന്നീ പാര്‍ടികളുടെ പ്രതിനിധികളാണ് പിന്തുണയുമായി സമരവേദിയിലെത്തിയത്. തങ്ങള്‍ ഉന്നയിക്കുന്ന എല്ലാ വാദവും മറ്റുള്ളവര്‍ അംഗീകരിക്കുമെന്ന് ഹസാരെ സംഘം പ്രതീക്ഷിക്കരുതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം ക്ഷമയോടെ കേള്‍ക്കാനുള്ള സന്മനസ്സ് ഹസാരെസംഘം കാണിക്കണം- ബര്‍ദന്‍ പറഞ്ഞു.

അകാലിദള്‍ നേതാവ് സുഖ്ദാസ് സിങ് അഴിമതിക്കെതിരെ പ്രസംഗിച്ചപ്പോള്‍ , സദസ്സിലെ സിഖുകാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. അകാലിദള്‍ മന്ത്രിസഭ അഴിമതിയുടെ കൂടാരമാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. നിയമം നിര്‍മിക്കേണ്ടത് പാര്‍ലമെന്റാണെങ്കിലും അവിടെ അത് നടക്കാതെ വരുമ്പോഴാണ് ജനകീയ ഇടപെടലുണ്ടാകുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ശക്തമായ ലോക്പാലിനുവേണ്ടി നിലകൊള്ളുമെന്ന് പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ , ഇപ്പോഴത്തെ കരടില്‍ അത് കാണുന്നില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസിനെ ഉപവാസത്തിന് ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. എഐസിസി കൊടുത്തയച്ച കത്ത് കെജ്രിവാള്‍ വേദിയില്‍ വായിച്ചു. ബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ അവിടെയാണ് സംവദിക്കേണ്ടതെന്ന് കത്തില്‍ പറഞ്ഞു.

വൈകിട്ട് അഞ്ചിന് ഉപവാസം അവസാനിപ്പിക്കുന്നതിനുമുന്നോടിയായി ഹസാരെ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിക്കോ മന്ത്രിസഭയിലെ പ്രമുഖര്‍ക്കോ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുതയെന്ന് ഹസാരെ പറഞ്ഞു. രാഹുല്‍ഗാന്ധിയാണ് തീരുമാനിക്കുന്നത്. രാഹുലിന് പ്രധാനമന്ത്രിയാകലാണ് ലക്ഷ്യമെങ്കില്‍ ഇങ്ങനെ നടന്നാല്‍ പോരാ. കടുത്ത ത്യാഗം അനുഭവിക്കണം- ഹസാരെ പറഞ്ഞു. ഹസാരെസംഘത്തിന് പിന്തുണ പ്രഖ്യാപിച്ച് ചെന്നൈയില്‍ എഴുനൂറോളംപേര്‍ ഉപവസിച്ചു.
(ദിനേശ്വര്‍മ)

deshabhimani 121211

2 comments:

  1. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനാവലിയെ അണിനിരത്തി വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന മുന്നറിയിപ്പോടെ അണ്ണ ഹസാരെ ഡല്‍ഹിയില്‍ ഞായറാഴ്ച ഏകദിന ഉപവാസം നടത്തി. ലോക്പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തപക്ഷം 27 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഹസാരെ വ്യക്തമാക്കി. പ്രതിപക്ഷപാര്‍ടികളുടെ പ്രതിനിധികള്‍ ഉപവാസവേദിയിലെത്തി സമരത്തിന് പിന്തുണ അര്‍പ്പിച്ചു.

    ReplyDelete
  2. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനാവലിയെ അണിനിരത്തി വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന മുന്നറിയിപ്പോടെ അണ്ണ ഹസാരെ ഡല്‍ഹിയില്‍ ഞായറാഴ്ച ഏകദിന ഉപവാസം നടത്തി.

    ReplyDelete