Friday, January 27, 2012

10 പദ്ധതികള്‍ക്ക് പിട്രോഡ രൂപരേഖ തയ്യാറാക്കും

തീരദേശ ജലപാത, അതിവേഗ ട്രെയിന്‍ അടക്കം 10 പദ്ധതികളില്‍ 90 ദിവസത്തിനകം രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് സാം പിട്രോഡ അറിയിച്ചു. കേരളത്തിന്റെ വികസനപദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിട്രോഡ.
ചരക്കുഗതാഗതത്തിനായി തീരദേശജലപാത, നോളഡ്ജ് സിറ്റി, ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം, നിശ്ചിത തുക ബില്ലില്‍ അധികം വാങ്ങി മെബൈല്‍ ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, മാലിന്യസംസ്കരണം, സര്‍വീസില്‍നിന്ന് വിരമിച്ചവരെ പുതിയ തൊഴില്‍മേഖലയില്‍ വിനിയോഗിക്കല്‍ , പരമ്പരാഗത വ്യവസായമേഖലകളുടെ ആധുനികവല്‍ക്കരണം, ഇ-ഗവേണന്‍സ്, ആയുര്‍വേദമേഖല പുനരുദ്ധാരണം, അതിവേഗ ട്രെയിന്‍ എന്നീ മേഖലയിലാണ് പിട്രോഡയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുക. പത്ത് പദ്ധതികള്‍ സംബന്ധിച്ചും വിശദമായ പഠനം നടത്തും. രൂപരേഖ തയ്യാറാക്കുന്ന പദ്ധതികളില്‍ ഏതെല്ലാം നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക.

ലോകം മാറുന്നതനുസരിച്ച് കേരളവും മാറുകയാണെന്നും പദ്ധതികള്‍ നല്ലതാണെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ സ്വകാര്യമേഖല തയ്യാറാകുമെന്നും പിട്രോഡ പറഞ്ഞു. തൊഴില്‍പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനങ്ങള്‍ പൂട്ടുന്ന സ്ഥിതി കേരളത്തില്‍ അവസാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി.

deshabhimani 260112

1 comment:

  1. തീരദേശ ജലപാത, അതിവേഗ ട്രെയിന്‍ അടക്കം 10 പദ്ധതികളില്‍ 90 ദിവസത്തിനകം രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് സാം പിട്രോഡ അറിയിച്ചു.

    ReplyDelete