Friday, January 27, 2012

തെരുവരങ്ങ് തിരിച്ചെത്തുന്നു


പഴയ കരുത്തോടെ തെരുവരങ്ങ് തിരിച്ചെത്തുകയാണ്. അരങ്ങില്‍ തീവെളിച്ചം പോലെ നിറയുകയാണ് തെരുവിലെ അവതരണങ്ങള്‍ . ചുറ്റിലുമുള്ള കെട്ട കാഴ്ചകള്‍ക്കെതിരെ സാധാരണക്കാരന്റെ ഭാഷയില്‍ ഗര്‍ജിക്കുന്ന അരങ്ങുകള്‍ . പട്ടുവസ്ത്രം നെയ്യുന്ന തൊഴിലാളികള്‍ ചണചാക്കിന്റെ ഉടുപ്പണിയേണ്ടിവരുന്നതിന്റെ ഗതികേടിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവ. അധിനിവേശകാലത്തെ പുതിയ പ്രലോഭനങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ചതികളെ ചൂണ്ടിക്കാട്ടുകയാണ് അവ. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സിലും തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സഫ്ദര്‍ ഹാശ്മി നാടകോത്സവമാണ് ജീവസ്സുറ്റ തെരുനാടകങ്ങളുടെ അവതരണങ്ങളാല്‍ സജീവമായത്.

അഞ്ചു നാടകങ്ങളാണ് അരങ്ങിലെത്തിയത്. കാഴ്ചവട്ടത്തെ നേരുചികയുന്ന നാടകങ്ങള്‍ക്ക് കാഴ്ചക്കാരാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ജീവിതവിജയങ്ങള്‍ക്ക് കുറുക്കുവഴികള്‍ തേടുന്ന പുതുതലമുറശയ ചിത്രീകരിച്ച വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ "വിത്തും കൈക്കോട്ടു" മാണ് മികച്ച നാടകം. അന്നം തന്ന വയലും വിളകളും ഉപേക്ഷിച്ച് പച്ചപ്പരിഷ്കാരികളാവാന്‍ ശ്രമിക്കുന്ന സമൂഹത്തെ നാടകം ജനീകീയ വിചാരണ ചെയ്യുന്നു. ലാഭം മാത്രം ഉന്നം വെക്കുന്ന മൂലധനത്തിന്റെ പ്രലോഭന തന്ത്രങ്ങളാണ് ചെറിയ മൂലകലാവേദിയുടെ അപ്പൂപ്പന്‍ താടികളില്‍ അവതരിപ്പിച്ചത്. മികച്ച രണ്ടാമത്തെ നാടകം ഇതാണ്. ലാഭക്കൊതി മൂത്ത് പാരമ്പര്യവും പൈതൃകങ്ങളും വിറ്റുതുലക്കുന്ന സമകാലീന സമൂഹമാണ് കുണിയന്‍ യുവപ്രതിഭ അവതരിപ്പിച്ച "ഗാമ സര്‍ക്കസി"ല്‍ നിറഞ്ഞത്. വാസ്കോഡ ഗാമയിലൂടെ കേരളത്തിലേക്ക് കാലൂന്നിയ വ്യാപാരതാല്‍പര്യങ്ങളുടെ വീണ്ടും വേഷപ്രഛന്നരായി എത്തുകയാണെന്ന് നാടകം മുന്നറിയിപ്പ് നല്‍കുന്നു. സൗജന്യങ്ങള്‍ക്ക് പിന്നിലെ കാണാച്ചരടുകളിലൂടെ ഉടമ്പടികള്‍ക്ക് പിന്നിലെ ചതിയാണ് കാളീശ്വരം സ്നേഹാര്‍ദ്രയുടെ "നല്ലൊരു കൂട്ടിന് കൂടരുത്" എന്ന നാടകം വെളിച്ചത്തുകൊണ്ടുവരുന്നത്. വിവാഹചടങ്ങുകള്‍ മുതല്‍ സംസ്കാര ചടങ്ങുകള്‍ വരെ മദ്യത്തില്‍ മുങ്ങുന്ന കാഴ്ചയാണ് ഡിവൈഎഫ്ഐ ചെറുകുന്ന് സൗത്ത് വില്ലേജ് കമ്മറ്റിയുടെ "ഓലചുരുട്ടിപ്പുഴു" ചിത്രീകരിച്ചത്. വിത്തും കൈക്കോട്ടിലെ ഗിരീഷ് ഗ്രാമികയാണ് മികച്ച സംവിധായകന്‍ . ഇതേ നാടകത്തിലെ എം പി രമേശനാണ് നല്ല നടന്‍ .

നാടകോത്സവം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സഫ്ദര്‍ ഹാശ്മി അനുസ്മരണവും രാജഗോപാലന്‍ നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വൈക്കത്ത് നാരായണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ബൈജു, ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വായനാമത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എം കെ മനോഹരന്‍ ട്രോഫി സമ്മാനിച്ചു. ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ സി ശ്രീനിവാസന്‍ സ്വാഗതവും പി പി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani

1 comment:

  1. പഴയ കരുത്തോടെ തെരുവരങ്ങ് തിരിച്ചെത്തുകയാണ്. അരങ്ങില്‍ തീവെളിച്ചം പോലെ നിറയുകയാണ് തെരുവിലെ അവതരണങ്ങള്‍ . ചുറ്റിലുമുള്ള കെട്ട കാഴ്ചകള്‍ക്കെതിരെ സാധാരണക്കാരന്റെ ഭാഷയില്‍ ഗര്‍ജിക്കുന്ന അരങ്ങുകള്‍ . പട്ടുവസ്ത്രം നെയ്യുന്ന തൊഴിലാളികള്‍ ചണചാക്കിന്റെ ഉടുപ്പണിയേണ്ടിവരുന്നതിന്റെ ഗതികേടിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവ. അധിനിവേശകാലത്തെ പുതിയ പ്രലോഭനങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ചതികളെ ചൂണ്ടിക്കാട്ടുകയാണ് അവ. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സിലും തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സഫ്ദര്‍ ഹാശ്മി നാടകോത്സവമാണ് ജീവസ്സുറ്റ തെരുനാടകങ്ങളുടെ അവതരണങ്ങളാല്‍ സജീവമായത്.

    ReplyDelete