ഇറാനുമായുള്ള എണ്ണ ഇടപാടില്‍ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ അവയുമായി ചര്‍ച്ച നടത്തിവരുന്നതായി അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്കോറിയ ന്യൂലന്‍ഡ് പറഞ്ഞു. ആണവപ്രശ്നത്തില്‍ ഇറാന്റെ സമീപനം അപകടമാണെന്ന അമേരിക്കന്‍ നിലപാട് ഇന്ത്യയും പങ്കിടുന്നതായി അവര്‍ അവകാശപ്പെട്ടു. ഇതേസമയം, ആണവപ്രശ്നത്തില്‍ ഇറാനുമായി ചര്‍ച്ചകള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) ഉന്നത സംഘം 28 മുതല്‍ തെഹ്റാനില്‍ സന്ദര്‍ശനം നടത്തും. അണുവായുധങ്ങള്‍ നിര്‍മിക്കുന്നതായുള്ള പാശ്ചാത്യ ആരോപണം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഐഎഇഎ സംഘത്തിന്റെ സന്ദര്‍ശനം.
അതിനിടെ, ഇറാന്റെ യുവ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹ്മദി റോഷനെ കാര്‍ബോംബ് സ്ഫോടനത്തില്‍ വധിച്ചതിനുപിന്നില്‍ ആരെന്നതു സംബന്ധിച്ച് ചില ധാരണയുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും പനേറ്റ അവകാശപ്പെട്ടു. സ്ഫോടനത്തിനുപിന്നില്‍ ഇസ്രയേലാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പനേറ്റയുടെ പ്രതികരണം. ആരാണ് ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ടത് എന്നതില്‍ തനിക്ക് ഉറപ്പില്ലെങ്കിലും ആരായിരിക്കും ഉള്‍പ്പെട്ടത് എന്നതില്‍ ചില ധാരണയുണ്ടെന്ന് പനേറ്റ പറഞ്ഞു. ടെക്സസിലെ ഫോര്‍ട്ട് ബ്ലിസില്‍ അമേരിക്കന്‍ സൈനികരോട് സംസാരിക്കുകയായിരുന്നു പനേറ്റ. ശാസ്ത്രജ്ഞനെ കൊന്നതിനു പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും ഇസ്രയേലി ചാരസംഘടനയായ മൊസാദുമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആരോപിച്ചിട്ടുണ്ട്. ഇറാനെതിരെ രഹസ്യ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രയേലി ഉന്നതന്‍ സ്ഫോടനത്തിന്റെ തലേന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടെ, വെള്ളിയാഴ്ച റോഷന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രോഷം അണപൊട്ടി. ഇരുരാജ്യവും തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയ ജനങ്ങള്‍ സ്ഫോടനത്തിനു തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
deshabhimani 140112
ഇറാന് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് മൂന്ന് വിദേശ കമ്പനിക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ചൈനയിലെ ഷൂഹായ് ഷെന്‍റോങ് കമ്പനി, സിംഗപ്പൂരിലെ കുവോ ഓയില്‍ പ്രൈവറ്റ് ലിമിറ്റഡ്, യുഎഇയിലെ എഫ്എഎല്‍ ഓയില്‍ കമ്പനി എന്നിവയ്ക്കെതിരെയാണ് അമേരിക്കയുടെ ഏകപക്ഷീയ നടപടി. ഇറാന് ശുദ്ധീകരിച്ച എണ്ണ നല്‍കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനം ചൈനീസ് കമ്പനി ഷൂഹായ്ക്കാണ്. ഇവര്‍ക്ക് അമേരിക്കയുമായി കാര്യമായ ഇടപാടില്ലാത്തതിനാല്‍ ഉപരോധം അങ്ങനെ ബാധിക്കില്ലെന്നാണ് ബിസിനസ് നിരീക്ഷകര്‍ പറയുന്നത്. ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട കമ്പനികള്‍ക്ക് അമേരിക്കയില്‍ നിന്ന് കയറ്റുമതി കരാര്‍ ലഭിക്കില്ല. കൂടാതെ അമേരിക്കന്‍ എക്സ്പോര്‍ട് ഇംപോര്‍ട് ബാങ്കില്‍ നിന്ന് ധനസഹായവും അമേരിക്കന്‍ ധനസ്ഥാപനങ്ങളില്‍ നിന്ന് ഒരുകോടി ഡോളറിലധികം വായ്പയും ലഭിക്കുന്നതിന് വിലക്കുണ്ട്.
ReplyDelete