Friday, January 6, 2012

70,000 കോടി രൂപ സ്വകാര്യ ബാങ്കിലേക്ക് ഒഴുക്കാന്‍ ശ്രമം: ഇ പി ജയരാജന്‍

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ കേരളത്തിലെ സഹകരണമേഖലയിലെ 70,000 കോടി രൂപയുടെ നിക്ഷേപം സ്വകാര്യ ബാങ്കുകള്‍ക്കും ബ്ലേഡ് കമ്പനികള്‍ക്കുമായി ഒഴുക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സഹകാരികള്‍ നടത്തിയ സെക്രട്ടറിയറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം തരുമെന്നു പറയുന്ന 1000 കോടിയുടെ പേരില്‍ കേരളത്തിന്റെ പൊതുസ്വത്ത് കൈമാറി സ്വകാര്യ ബാങ്കുകളെ ശക്തിപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ എന്തും ചെയ്യാമെന്നാണ് ഉമ്മന്‍ചാണ്ടി ധരിച്ചിരിക്കുന്നത്. ഇത് കേരളം അനുവദിക്കില്ല. സംസ്ഥാനത്ത് വീട്, കുടിവെള്ളം, വൈദ്യുതി, ആശുപത്രി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് സഹകരണപ്രസ്ഥാനങ്ങളുടെ നിധിയാണ്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ സവിശേഷത പഠിക്കാതെ, ഇന്ത്യയുടെ പൊതുവായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന്റെ സഹകരണപ്രസ്ഥാനത്തെ പൂര്‍ണമായും തകര്‍ക്കും.

ജവഹര്‍ലാല്‍ നെഹ്റുവാണ് സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സഹകരണനിയമത്തിന് തുടക്കമിട്ടത്. ഈ നിയമം കേരളത്തില്‍ മാത്രമാണ് ഫലപ്രദമായി നടപ്പാക്കിയത്. ഇടതുപക്ഷ സര്‍ക്കാരുകളാണ് ഇതിന് നേതൃത്വം നല്‍കിയത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമൊക്കെ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള കൂട്ടായ്മ ഇതിലൂടെ കരുത്താര്‍ജിച്ചു. സാമ്പത്തിക മേഖലയില്‍ മാത്രമല്ല, ആശുപത്രി, വിദ്യാഭ്യാസം, കണ്‍സ്യൂമര്‍ , ഗതാഗതം അടക്കം ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനം കരുത്താര്‍ജിച്ചു. സ്വകാര്യ പണമിടപാടുകാരുടെ കൊള്ളയ്ക്ക് ഇരയായിരുന്ന പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്ന സ്ഥിതിയുണ്ടായി. സഹകരണപ്രസ്ഥാനങ്ങള്‍ ബാങ്കിങ് പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ വലിയ കെടുതിക്ക് കാരണമാകും. പാവപ്പെട്ടവര്‍ക്ക് വായ്പ നിഷേധിക്കപ്പെടും. പ്രാഥമിക സംഘമെല്ലാം തകര്‍ക്കപ്പെടുന്നതോടെ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതൊന്നും കാണാതെ വൈദ്യനാഥന്‍ റിപ്പോര്‍ട്ട് ന്യായീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

deshabhimani 060112

1 comment:

  1. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ കേരളത്തിലെ സഹകരണമേഖലയിലെ 70,000 കോടി രൂപയുടെ നിക്ഷേപം സ്വകാര്യ ബാങ്കുകള്‍ക്കും ബ്ലേഡ് കമ്പനികള്‍ക്കുമായി ഒഴുക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സഹകാരികള്‍ നടത്തിയ സെക്രട്ടറിയറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete