"ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം" എന്ന സന്ദേശവുമായി ആരംഭിച്ച പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെ സംസ്ഥാനത്തിന്റെയാകെ "തിളക്ക"മായി മാറിയ പദ്ധതിയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്നു. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ എം ശിവശങ്കര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെയാണ് ഈ മാതൃകാ പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി അവതാളത്തില്‍ ആയതില്‍ സെക്രട്ടറിയും നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് പദ്ധതിക്ക് നീക്കിവച്ച ഒന്നരക്കോടി രൂപ ലാപ്സായി. മുന്‍വര്‍ഷത്തെപ്പോലെ പദ്ധതി നടപ്പാക്കുന്നതിന് ഈ വര്‍ഷവും പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍ , ഈ സര്‍ക്കുലറില്‍ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളെക്കുറിച്ച് പറയുന്നില്ല.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഡിപിഐയില്‍ രണ്ട് ഡിഡിഇമാരെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചിരുന്നു. കാര്യമായ പണിയില്ലാത്ത നിലയിലാണ് ഇവര്‍ . പദ്ധതിയുടെ കേന്ദ്ര ബിന്ദു വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലനമാണ്. "ഒരുക്കം" എന്ന് പേരിട്ട ഈ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നില്ല. "ഒരുക്ക"ത്തിനു മുന്നോടിയായി അധ്യാപകര്‍ക്ക് ഒക്ടോബറില്‍പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം പരിശീലനം നല്‍കിയിട്ടില്ല. പകരം ഒരു കുട്ടിക്ക് അഞ്ച് രൂപ തോതില്‍ ചാര്‍ട്ടും പേപ്പറും സ്കെച്ച്പെന്നും വാങ്ങാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതുകൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവുമില്ല. പദ്ധതി മോണിറ്റര്‍ചെയ്യാന്‍ അതതിടത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയിരുന്നു. കൂടാതെ സ്കൂളുകളില്‍ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചു. ഈ വര്‍ഷം ഇതിനൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
deshabhimani 060112
സംസ്ഥാനത്ത് പിന്നോക്കം നില്‍ക്കുന്ന ഹൈസ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിന് ആരംഭിച്ച "തിളക്കം" പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2006ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 20 ശതമാനത്തില്‍ താഴെ വിജയശതമാനമുണ്ടായ 104 സ്കൂളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ 19 സ്കൂളില്‍ 2011 ആയപ്പോള്‍ 100 ശതമാനമായി വിജയം. 54 സ്കൂളില്‍ വിജയശതമാനം 90ന് മുകളിലാണ്. ഇതടക്കം 86 സ്കൂളില്‍ 75 ശതമാനം വിജയം നേടി. ഈ വര്‍ഷം പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പുതിയ പുസ്തകങ്ങളാണ്. പ്രത്യേക പരിശീലനം ഇല്ലാതെ ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ ഉന്നതപഠനത്തിന് അര്‍ഹരാക്കാന്‍ കഴിയുമോ എന്ന് അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.
ReplyDelete