Friday, January 6, 2012

യൂറോപ്യന്‍ ബാങ്കുകളിലും പെപ്സികോയിലും കൂട്ടപിരിച്ചുവിടല്‍

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ബാങ്കുകളായ ആര്‍ബിഎസും സൊസൈറ്റിജനറലെയും ശീതളപാനീയരംഗത്തെ ആഗോള കുത്തക കമ്പനിയായ പെപ്സികോയും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യയിലടക്കം സാന്നിധ്യമുള്ള രണ്ടു ബാങ്കിന്റെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 11,500ലേറെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. പെപ്സികോ 4000 ജീവനക്കാരെ ഒഴിവാക്കും. യൂറോപ്പിലാകെ ശക്തമായ സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കിങ് മേഖലയും നിക്ഷേപമേഖലയും വന്‍ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡും സൊസൈറ്റി ജനറലെയും കടുത്ത നടപടിക്കൊരുങ്ങുന്നത്.

നിക്ഷേപബാങ്കിങ് മേഖലയില്‍നിന്ന് പൂര്‍ണമായി പിന്‍വലിയാനുള്ള ആര്‍ബിഎസിന്റെ തീരുമാനത്തോടെ പതിനായിരത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോര്‍പറേറ്റ്, നിക്ഷപമേഖലയില്‍നിന്ന് 1580 ജീവനക്കാരെ പിരിച്ചുവിടാനാണ് സൊസൈറ്റി ജനറലെ ആലോചിക്കുന്നത്. ഫ്രാന്‍സില്‍ 880 ജീവനക്കാര്‍ സ്വയം വിരമിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍നിന്ന് 700 ജീവനക്കാരെ കൂടി ഒഴിവാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും നേരിടാനാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഫ്രഞ്ച് ബാങ്കുകളായ ക്രെഡിറ്റ് അഗ്രികോളും ബിഎന്‍പി പാരിബയും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിമൂലം നാലായിരത്തിലേറെ ജീവനക്കാരെയും ഒഴിവാക്കാനും പെന്‍ഷന്‍ വിഹിതവും ശമ്പളവര്‍ധനയും അടക്കമുള്ള ചെലവ് വെട്ടിക്കുറയ്ക്കാനുമാണ് പെപ്സികോയുടെ നീക്കം. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സിഇഒ ഇന്ദ്ര നൂയിയുടെ പരിഗണനയിലാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും "ദ ന്യൂയോര്‍ക്ക് പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകെ മൂന്നു ലക്ഷത്തോളം പേരാണ് പെപ്സികോയില്‍ പണിയെടുക്കുന്നത്. ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിലേറെ കുറവുവരുത്താനാണ് തീരുമാനം. ശമ്പളവര്‍ധന മരവിപ്പിക്കാനും പെപ്സികോ ആലോചിക്കുന്നുണ്ട്. പിരിച്ചുവിടുന്നവരില്‍ കമ്പനി ആസ്ഥാനത്തുള്ള ജീവനക്കാരും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

deshabhimani 060112

1 comment:

  1. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ബാങ്കുകളായ ആര്‍ബിഎസും സൊസൈറ്റിജനറലെയും ശീതളപാനീയരംഗത്തെ ആഗോള കുത്തക കമ്പനിയായ പെപ്സികോയും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യയിലടക്കം സാന്നിധ്യമുള്ള രണ്ടു ബാങ്കിന്റെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 11,500ലേറെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. പെപ്സികോ 4000 ജീവനക്കാരെ ഒഴിവാക്കും. യൂറോപ്പിലാകെ ശക്തമായ സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കിങ് മേഖലയും നിക്ഷേപമേഖലയും വന്‍ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡും സൊസൈറ്റി ജനറലെയും കടുത്ത നടപടിക്കൊരുങ്ങുന്നത്.

    ReplyDelete