Friday, January 6, 2012

ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചു

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെതന്നെ തീരുമാനിച്ചതിന് വ്യക്തമായ തെളിവ്. ഡിസംബര്‍ 14ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ടോം ജോസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് ഡിഎംആര്‍സിയെ ഒട്ടും താല്‍പ്പര്യമില്ലെന്നതിന് അടിവരയിടുന്നു. ഡിഎംആര്‍സി കൊച്ചി മെട്രോയുടെ താല്‍ക്കാലിക കണ്‍സള്‍ട്ടന്റ് മാത്രമാണെന്നും പ്രധാന ചുമതലകള്‍ വഹിക്കുന്ന ജനറല്‍ കണ്‍സള്‍ട്ടന്റിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. വസ്തുത ഇതായിരിക്കെയാണ് ശ്രീധരന്റെ സേവനം കിട്ടുകയാണെങ്കില്‍ കൊച്ചി മെട്രോയില്‍ അദ്ദേഹത്തിന്റേതാകും അവസാന വാക്ക് എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി സമര്‍പ്പിച്ച റിട്ട്ഹര്‍ജിയിലാണ് കെഎംആര്‍എല്ലിന്റെസത്യവാങ്മൂലം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ ഏഴിനു ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗം ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇത് സമര്‍പ്പിച്ചത്. കൊച്ചി മെട്രോയ്ക്ക് ബംഗളൂരു, ഡല്‍ഹി മാതൃകയില്‍ ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ടെന്‍ഡര്‍ രേഖകള്‍ , മെട്രോയുടെ വിശദമായ ഡിസൈന്‍ - ഡ്രോയിങ്, കാര്യക്ഷമമായ പദ്ധതിനിര്‍വഹണം എന്നിവ ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ ഉത്തരവാദിത്തത്തിലാകും. മത്സരാധിഷ്ഠിത ആഗോള ടെന്‍ഡറിലൂടെയാണ് ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിശ്ചയിക്കുക. നിര്‍മാണ ജോലികള്‍ മത്സരാധിഷ്ഠിത ദേശീയ, അന്തര്‍ദേശീയ ടെന്‍ഡറിലൂടെ നല്‍കും. ഒന്നിലധികം കരാറുകാരിലൂടെയാകും ഇതു നടപ്പാക്കുക- സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ച് ഒരാഴ്ചകൂടി കഴിഞ്ഞ് ഡിസംബര്‍ 20നു മാത്രമാണ് കെഎംആര്‍എല്ലിന്റെ തീരുമാനം ഔദ്യോഗികമായി ശ്രീധരനെ അറിയിച്ചത്. ജനറല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനുള്ള ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാണ് ടോം ജോസ് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍നീക്കം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയും കെഎംആര്‍എല്‍ വൈസ്ചെയര്‍മാന്‍കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദും പച്ചക്കള്ളം പറയുകയായിരുന്നുവെന്ന് വ്യക്തം.

ഡിഎംആര്‍സിയില്‍ ഇ ശ്രീധരന്‍ ഉള്ളപ്പോഴും വിരമിച്ചശേഷവും മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് സ്ഥാനത്തേക്ക് സര്‍ക്കാര്‍ അവരെ പരിഗണിച്ചിട്ടില്ല. കൊച്ചി മെട്രോയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ശ്രീധരനോട് അന്വേഷിച്ചിട്ടുമില്ല. ഇത്രയുംകാലം പദ്ധതിയുമായി സഹകരിച്ച ഡിഎംആര്‍സിയെ പൂര്‍ണമായി പുറന്തള്ളി കെഎംആര്‍എല്ലിന്റെയും സ്വകാര്യ കണ്‍സള്‍ട്ടന്റിന്റെയും കീഴില്‍ പദ്ധതി നടപ്പാക്കലാണ് ലക്ഷ്യം. ശ്രീധരന്‍ വേണമെന്നു പറയുന്നതല്ലാതെ ഔദ്യോഗികമായി ശ്രീധരനെ ക്ഷണിക്കാനോ പദ്ധതിയുടെ പൂര്‍ണ ചുമതല ഏല്‍പ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു തന്നെ ഒളിച്ചുകളിക്ക് വ്യക്തമായ തെളിവാണ്. സര്‍ക്കാരിനു താല്‍പ്പര്യമുണ്ടെങ്കിലും ശ്രീധരന്റെ സേവനം തല്‍ക്കാലം കിട്ടാന്‍ സാധ്യതയില്ലെന്ന് ആര്യാടന്‍ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് കൊച്ചി മെട്രോയുടെ കാര്യത്തില്‍ അവസാന വാക്ക് ശ്രീധരന്റേതായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആഗോള ടെന്‍ഡറിന്റെയും വായ്പയുടെയും പലിശയുടെയും കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഹൈസ്പീഡ് കോറിഡോര്‍ അടക്കമുള്ള കാര്യങ്ങളില്‍ ശ്രീധരന്റെ സേവനം വേണമെന്നാണ് താല്‍പ്പര്യമെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ഒരിക്കല്‍പോലും ശ്രീധരനെ ക്ഷണിക്കാന്‍ സന്നദ്ധത കാണിക്കുന്നില്ല.
(എം എസ് അശോകന്‍)

deshabhimani 060112

1 comment:

  1. കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെതന്നെ തീരുമാനിച്ചതിന് വ്യക്തമായ തെളിവ്. ഡിസംബര്‍ 14ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ടോം ജോസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് ഡിഎംആര്‍സിയെ ഒട്ടും താല്‍പ്പര്യമില്ലെന്നതിന് അടിവരയിടുന്നു. ഡിഎംആര്‍സി കൊച്ചി മെട്രോയുടെ താല്‍ക്കാലിക കണ്‍സള്‍ട്ടന്റ് മാത്രമാണെന്നും പ്രധാന ചുമതലകള്‍ വഹിക്കുന്ന ജനറല്‍ കണ്‍സള്‍ട്ടന്റിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. വസ്തുത ഇതായിരിക്കെയാണ് ശ്രീധരന്റെ സേവനം കിട്ടുകയാണെങ്കില്‍ കൊച്ചി മെട്രോയില്‍ അദ്ദേഹത്തിന്റേതാകും അവസാന വാക്ക് എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി സമര്‍പ്പിച്ച റിട്ട്ഹര്‍ജിയിലാണ് കെഎംആര്‍എല്ലിന്റെസത്യവാങ്മൂലം.

    ReplyDelete