Wednesday, January 18, 2012

ഇ-മെയില്‍ ചോര്‍ത്തലിന് സ്ഥിരീകരണം

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും അടക്കമുള്ള 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിച്ചതായി ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. പൊലീസിന്റെ അന്വേഷണത്തിനു വിധേയനായ ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ വിശദാംശങ്ങളാണ് സുരക്ഷാനടപടിയുടെ ഭാഗമായി ശേഖരിച്ചതെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ , ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല. ഈ വ്യക്തിയില്‍നിന്ന് 258 ഇ-മെയില്‍ വിലാസങ്ങള്‍(ഇ മെയില്‍ ഐഡി) ലഭിച്ചിരുന്നെന്നും ഈ ഇ-മെയിലുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് ചെയ്തതെന്നും ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇ-മെയില്‍ വിലാസങ്ങളില്‍നിന്ന് ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഹൈടെക് സെല്ലിന് വിവരം ശേഖരിക്കാന്‍ കത്തെഴുതിയതെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നവംബര്‍ മൂന്നിനാണ് രഹസ്യാന്വേഷണവിഭാഗം ഹൈടെക് സെല്ലിന് കത്ത് നല്‍കിയത്. മുസ്ലിംലീഗ് എംഎല്‍എ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍ വഹാബ് എന്നിവരുള്‍പ്പെടെ സുപ്രധാന മേഖലകളിലുള്ള 258 കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി. ലീഗിന്റെ വിവിധ തട്ടിലുള്ള നിരവധി നേതാക്കളുടെ ഇ-മെയില്‍ വിവരം പൊലീസ് ശേഖരിച്ചു. ഒരു വാരിക ഇക്കാര്യം പുറത്തുവിട്ടതോടെയാണ് വന്‍ വിവാദമായത്. അതേസമയം, തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ഒരാളെ ചോദ്യംചെയ്തപ്പോഴാണ് പൊലീസിന് ഈ ഇ-മെയില്‍ വിലാസങ്ങള്‍ ലഭിച്ചതെന്ന് വ്യക്തമായി. ഇപ്പോഴും അന്വേഷണപരിധിയിലുള്ള ഇയാളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കുനല്‍കിയ റിപ്പോര്‍ട്ടിലും ഇയാളെ കുറിച്ച് സൂചനയില്ല. ഇയാള്‍ക്ക് ഇത്രയുംപേരുടെ ഇ-മെയില്‍ ഐഡി എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്.

258 മുസ്ലിങ്ങളുടെ ഇ-മെയില്‍ ചോര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതിനിടെയാണ് ഇ-മെയിലുകള്‍ പരിശോധിച്ചെന്ന് സ്ഥിരീകരിച്ച് ഡിജിപിയുടെ വാര്‍ത്താകുറിപ്പ്. ആരുടെപേരില്‍ ഏതു വിലാസത്തിലാണ് ഇ-മെയില്‍ ഐഡി ഉണ്ടാക്കിയിരിക്കുന്നത് എന്നറിയണം എന്നല്ലാതെ പാസ്വേഡോ, ഉള്ളടക്കമോ അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടില്ലെന്നും ഡിജിപി അറിയിച്ചു. ഇ-മെയില്‍ ഐഡി ആരുടേതാണെന്നുപോലും അറിയാതെയാണ് കത്തയച്ചത്. ആളാരാണെന്ന് അറിയുക മാത്രമായിരുന്നു ലക്ഷ്യം. മെയിലുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല. ആരുടെയും സ്വകാര്യതയില്‍ കടന്നുകയറിയിട്ടുമില്ല. അന്വേഷണവിധേയനായ ആളിന്റെ പക്കല്‍നിന്നു ലഭിച്ച മുഴുവന്‍ ഇ-മെയില്‍ ഐഡികളുടെയും വിശദാംശം ശേഖരിക്കാന്‍ നിര്‍ദേശിച്ചു. ആരെയും ഒഴിവാക്കിയിട്ടില്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെയും പേരുകള്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 180112

2 comments:

  1. മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും അടക്കമുള്ള 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിച്ചതായി ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. പൊലീസിന്റെ അന്വേഷണത്തിനു വിധേയനായ ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ വിശദാംശങ്ങളാണ് സുരക്ഷാനടപടിയുടെ ഭാഗമായി ശേഖരിച്ചതെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ , ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല. ഈ വ്യക്തിയില്‍നിന്ന് 258 ഇ-മെയില്‍ വിലാസങ്ങള്‍(ഇ മെയില്‍ ഐഡി) ലഭിച്ചിരുന്നെന്നും ഈ ഇ-മെയിലുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് ചെയ്തതെന്നും ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇ-മെയില്‍ വിലാസങ്ങളില്‍നിന്ന് ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഹൈടെക് സെല്ലിന് വിവരം ശേഖരിക്കാന്‍ കത്തെഴുതിയതെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

    ReplyDelete
  2. മുസ്ലിം സമുദായത്തില്‍പ്പെട്ട ജനപ്രതിനിധികളുടെയും മറ്റു രാഷ്ട്രീയനേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയുമെല്ലാം ഇ-മെയില്‍ ചോര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇ-മെയില്‍ ചോര്‍ത്താനായി ഇ-മെയില്‍ കമ്പനികളില്‍നിന്നും പാസ്വേര്‍ഡ് സംഘടിപ്പിച്ചത് ആഭ്യന്തരവകുപ്പ് പ്രത്യേക ഉത്തരവിറക്കിയാണ്. വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തലും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കലുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഭീകരപ്രവര്‍ത്തകരോ ഭീകരസംഘടനയുമായി ബന്ധമുള്ളവരോ ആണ് എന്ന വിവരം ലഭിച്ചതുകൊണ്ടാണോ ലീഗ് നേതാക്കളായ മുന്‍ എംപിയുമായ അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി എംഎല്‍എ എന്നിവരുടെതടക്കം മെയിലുകള്‍ തുറന്ന് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. മുസ്ലിം പേരുള്ളവരെ സംശയദൃഷ്ടിയോടെ കാണുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും നരേന്ദ്രമോഡി സര്‍ക്കാരിന്റെയും പാതയിലെത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ . മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ ഇ-മെയിലും ഫോണും പരക്കേ ചോര്‍ത്താന്‍ നിര്‍ദേശിക്കുകയും നടപ്പാക്കുകയും ചെയ്തശേഷം വിവരം പുറത്തുവന്നപ്പോള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി വിചിത്രവും അപഹാസ്യവുമാണ്. യുഡിഎഫ് സര്‍ക്കാരിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete