1950 മാര്‍ച്ച് മാസത്തിലെ ഒരു ദിവസം. സമയം രാവിലെ ഏഴ് മണി. അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് വന്നുകയറി. സ്റ്റേഷനകത്തും പുറത്തും നിറയെ പൊലീസുകാര്‍. തടവുപുള്ളികളെ ചീക്കിനുകൊണ്ടുപോയിട്ട് വന്നതേയുള്ളു. ആരെയും ശ്രദ്ധിക്കാതെ ആ ചെറുപ്പക്കാരന് പാറാവുകാരന്റെ അടുത്തുചെന്നു.
തനിക്ക് ഇന്‍സ്പെക്ടറെ ഒന്നുകാണണം എന്ന് യുവാവ് പറഞ്ഞപ്പോള്‍ പാറാവുകാരന് കാര്യം അന്വേഷിച്ചു. അത് നേരിട്ടുപറഞ്ഞുകൊള്ളാമെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്‍സ്പെക്ടറെ വിവരമറിയിക്കാന്‍ ഒരു പൊലീസുകാരനെ പാറാവുകാരന് അകത്തേക്ക് വിട്ടു. അപ്പോഴാണ് ലോക്കപ്പില്‍ കിടക്കുന്നവരെ യുവാവ് ശ്രദ്ധിച്ചത്. അവരൊക്കെ അമ്പരപ്പോടെ നോക്കി നില്‍ക്കുകയാണ്. ശൂരനാട് കേസിലെ പ്രതികളെന്ന പേരില്‍ പിടിച്ചുകൊണ്ടുവന്നവരായിരുന്നു അവരെല്ലാം.
അകത്തുനിന്ന് ഇന്‍സ്പെക്ടര്‍ ഭാസ്ക്കരന്‍നായര്‍ ഇറങ്ങിവന്നു. ശൂരനാട് സംഭവത്തെ തുടര്‍ന്ന് നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു അത്. 'ശൂരനാട് എന്നൊരു നാടിനിവേണ്ട' എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയ ആള്.
അയാള്‍ യുവാവിനോട് കാര്യം അന്വേഷിച്ചു. താനാണ് പോണാല്‍ തങ്കപ്പക്കുറുപ്പ്. തന്നെ അറസ്റ്റ് ചെയ്യാം എന്നായിരുന്നു യുവാവിന്റെ കൂസലില്ലാത്ത മറുപടി.
ഇന്‍സ്പെക്ടര്‍ ഒരുനിമിഷം അമ്പരന്നുപോയി. ശൂരനാട് കേസിലെ പിടികിട്ടാപുള്ളിയായ പോണാല്‍ തങ്കപ്പക്കുറുപ്പാണോ തന്റെ മുന്നില്‍ വന്നുനില്ക്കുന്നത്. അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടുംനിശ്ചയിച്ചുള്ള ആ നില്പ് കണ്ടപ്പോള്‍ ഇന്‍സ്പെക്ടര്‍ക്ക് നേരിയ പരിഭ്രമം ഇല്ലാതെയുമില്ല.
'ഇയാളെ ലോക്കപ്പ് ചെയ്യൂ' എന്ന് ഇന്‍സ്പെക്ടര്‍ പൊലീസുകാരോട് ആംഗ്യം കാട്ടി.
യുവാവ് പറഞ്ഞു. തന്നെ എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ തന്റെ പിതാവ് നിരപരാധിയാണ്. അദ്ദേഹത്തെ ഇനിയെങ്കിലും മോചിപ്പിക്കണം.
അപ്പോഴാണ് ഇന്‍സ്പെക്ടര്‍ ഫോമിലായത്.
'നീ പ്രസംഗിക്കുന്നോ' എന്ന് പറഞ്ഞ് കുറുപ്പിന്റെ കരണത്ത് സര്‍വ്വശക്തിയും സംഭരിച്ച് ഒന്നു പ്രഹരിച്ചു. തുടര്‍ന്ന് പൊലീസുകാര്‍ അദ്ദേഹത്തെ ലോക്കപ്പിലേക്ക് പിടിച്ചുതള്ളി. മറ്റ് സഖാക്കളുടെ ഇടയില്‍ വന്നുവീണു.
ശൂരനാട് സമരസേനാനികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് പോണാല്‍ തങ്കപ്പക്കുറുപ്പ്. ശൂരനാട് പാറക്കടവ് ചന്തയ്ക്ക് സമീപം ഒരു കൊച്ചുവീട്ടില്‍ കഴിയുന്ന കുറുപ്പ് ശാരീരികമായി തീരെ അവശനാണെങ്കിലും മാനസികമായ കരുത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. ഒരുനാടിനെ മാറ്റിമറിച്ച ശൂരനാട് സംഭവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം. രണ്ട് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി ഒന്നര വര്‍ഷത്തെ തടവുമാണ് കുറുപ്പിന് ലഭിച്ച ശിക്ഷ. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ശിക്ഷ ഇളവുചെയ്ത് പുറത്തിറക്കി.
ശൂരനാട് കേസില്‍ പ്രതിയായി പോണാല്‍ തങ്കപ്പക്കുറുപ്പ് ഒളിവില്‍ പോയതാണ്. മകനെ കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. ഭീകരമായ മര്‍ദ്ദനമാണ് പിതാവിന് ഏല്‍ക്കേണ്ടിവന്നത്. അദ്ദേഹത്തെ പ്രതിയുമാക്കി. വീട്ടിലുള്ള മറ്റംഗങ്ങള്ക്കെല്ലാം പലതവണ മര്‍ദ്ദനമേറ്റു. സ്ത്രീകളെ അപമാനിച്ചു. ഒരുദിവസം പോലും അവര്‍ക്ക് സൈ്വരമായി വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റിയില്ല. തങ്കപ്പക്കുറുപ്പിനെ അവര്‍ കാണിച്ചുകൊടുക്കണം. അതാണ് പൊലീസുകാരുടെ ഡിമാന്‍ഡ്.
പൊലീസിന്റെ ക്രൂരതയുടെ വിവരം അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ താന്മൂലം വിഷമിക്കരുതെന്ന് അദ്ദേഹം തീരുമാനിച്ചു. പൊലീസിന് പിടികൊടുക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ നിശ്ചയിച്ചുറച്ചാണ് കുറുപ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നത്. കുറെദിവസം കഴിഞ്ഞ് പിതാവ് പരമേശ്വരകുറുപ്പിനെ മോചിപ്പിക്കുകയും ചെയ്തു.
ജന്മിത്തത്തിന്റെ ഏറ്റവും ഭീകരത നിലനിന്നിരുന്ന പ്രദേശമായിരുന്നു ശൂരനാട്. ജന്മിമാര് തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ചു. ആ നാടിന്റെ ഭാഗധേയം നിയന്ത്രിച്ചിരുന്നത് തെന്നല കുടുംബമായിരുന്നു. എണ്‍പത്തഞ്ച് ശതമാനം കൃഷിഭൂമിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവര്‍ക്ക് സ്വന്തമായിരുന്നു. ഭൂമിയില്‍ അവര്‍ നേരിട്ടുതന്നെയാണ് കൃഷി ചെയ്തിരുന്നത്. ഇതിനുള്ള അടിയാന്മാരുടെ വലിയ ഒരു സേനയും അവര്‍ക്കുണ്ടായിരുന്നു. അതില്‍ സമുദായവ്യത്യാസമുണ്ടായിരുന്നില്ല. ഉദിക്കുന്നതിന് മുമ്പ് ജോലിക്കിറങ്ങണം. സൂര്യന് അസ്തമിച്ചാലെ കയറിപ്പോകാന്‍ പറ്റൂ. ഇത് ആണ്ട് മുഴുവന്‍ ഉള്ള പതിവാണ്. എന്തിന് ചിങ്ങമാസത്തിലെ തിരുവോണത്തിന് പോലും ഒഴിവില്ല.
കഞ്ഞിയാണ് ആഹാരം. അത് ജോലികഴിഞ്ഞ് വരുമ്പോഴാണ് കിട്ടുന്നത്. ജന്മിയുടെ മുറ്റത്ത് കുഴി കുഴിച്ചിട്ടുണ്ട്. ഇല അവരവര്‍തന്നെ കൊണ്ടുവരണം. ഇല കുഴിയുടെ മുകളില്‍ വച്ചിട്ട് ദൂരെമാറി നില്‍ക്കണം. ഈരണ്ടുതവി കഞ്ഞി ആ ഇലയില്‍ ഒഴിച്ചുകൊടുക്കും. അതിനടിയിലുള്ള ചോറ് മടക്കിക്കെട്ടി വീട്ടില്‍ കൊണ്ടുപോകും. വീട്ടിലിരിക്കുന്നവര്ക്കുവേണ്ടി. ഇതിനിടയില്‍ അല്പം ഉപ്പ് കൂടി വേണം എന്ന് ആരോ പറഞ്ഞപ്പോള്‍ ചാണകം വാരിയിട്ട് കഞ്ഞി കുടിപ്പിച്ച സംഭവവുമുണ്ടായി.
ആണാളിന് ഇടങ്ങഴിയും പെണ്ണാളിന് മുന്നാഴിയും നെല്ലാണ് കൂലി. അങ്ങനെ ഭീകരമായ ഒരു സാഹചര്യമായിരുന്നു ശൂരനാട്ട് നിലനിന്നിരുന്നത്.
നാട്ടിലാകെ കടന്നുവരുന്ന മാറ്റങ്ങള്‍ അവിടുത്തെ ചെറുപ്പക്കാരുടെ ശ്രദ്ധയില്പെടാന് തുടങ്ങി. അവിടെയും മാറ്റം വേണമെന്നവര്‍ ആഗ്രഹിച്ചു. ആര് ശങ്കരനാരായണന് തമ്പി, പുതുപ്പള്ളി രാഘവന്, തോപ്പില്‍ഭാസി തുടങ്ങിയവരൊക്കെ അവരുമായി ബന്ധപ്പെടാന്‍ തുടങ്ങി. ജന്മിത്തത്തിന്റെ കോട്ടകൊത്തളങ്ങള്‍ കടപുഴകി എറിയുന്ന ഒരു കൊടുങ്കാറ്റായി അത് വളര്‍ന്നു.
ശൂരനാട്ടെ പാറക്കടവ് ചന്തയില്‍ ചായക്കട നടത്തിയിരുന്ന തങ്കപ്പക്കുറുപ്പ്, ജന്മിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തലതിരിഞ്ഞ പുതിയ ചിന്ത തലയില്‍ കയറിയ ചെറുപ്പക്കാരിലൊരാളായിരുന്നു. ചന്തയുടെ മാനേജര്‍ പലതവണ കുറുപ്പിനെ വിളിച്ച് വിരട്ടി. ഈ ചന്തയില്‍ തന്റെ കമ്മ്യൂണിസം വളര്‍ത്താന്‍ പറ്റില്ലെന്നായിരുന്നു അയാളുടെ ആജ്ഞ. കടയില്‍ അനാവശ്യമായി ആളുകള്‍ വന്നിരിക്കുന്നത് തടയണമെന്നും നിര്‍ദ്ദേശിച്ചു. പക്ഷേ തങ്കപ്പക്കുറുപ്പ് അതൊന്നും കാര്യമാക്കിയില്ല.
നടേവടക്കതില്‍ പരമുനായര് കമ്മ്യൂണിസ്റ്റായി പരക്കെ അറിയപ്പെടുന്ന ആളായിരുന്നു. പരമുനായരാണ് കടയില്‍ പാല് കൊടുത്തിരുന്നത്. പരമുനായരുടെ പാല് വാങ്ങാന്‍ പറ്റില്ലെന്ന് ചന്തമാനേജര് നിര്‍ദ്ദേശിച്ചു. കുറുപ്പ് അതും അവഗണിച്ചു. നേരിട്ട് ഒരാക്രമണത്തിന് ജന്മിമാര് പദ്ധതിയിട്ടെങ്കിലും അത് തല്ക്കാലം വേണ്ടെന്നുവച്ചു. അപ്പോഴേക്കും ചെറുത്ത് നില്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും, നേരിട്ട് ഒരാക്രമണം വന്നാല്‍ കുറുപ്പിന്റെ പിന്നില്‍ അവരുണ്ടാകുമെന്നും മനസ്സിലാക്കിയാണ് പിന്‍വാങ്ങിയത്. അതിനുപകരമായി കുറുപ്പിനും മറ്റുമെതിരെ കള്ളക്കേസ് നല്കി. 'കമ്മ്യൂണിസ്റ്റ് ഭീകരപ്രവര്‍ത്തനം' എന്ന സ്ഥിരം കുറ്റം അദ്ദേഹത്തിന്റെ മേല്ചുമത്തി.
സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച കുറുപ്പിന് നാലാംക്ലാസ് വരെയെ പഠിക്കാന്‍ കഴിഞ്ഞുള്ളു. സാമ്പത്തിക പരാധീനതയാണ് പഠിത്തം നിര്‍ത്താന്‍ കാരണം. ജീവിക്കാന്‍ വേണ്ടി ചായക്കട തുടങ്ങി. കോതേലി വേലായുധന്‍നായരും പരമുനായരും പായ്ക്കാലില്‍ ഗോപാലപിള്ളയും പായ്ക്കാലില്‍ പരമേശ്വരന്‍നായരും (എല്ലാവരും ശൂരനാട് കേസിലെ പ്രതികള്‍) ആയിരുന്നു ഉറ്റചങ്ങാതിമാര്‍. അവരുടെ ഉത്സാഹത്തിലാണ് ആ പ്രദേശത്ത് ആദ്യത്തെ പാര്ട്ടിഗ്രൂപ്പുണ്ടായത്. ആദ്യത്തെ ചെങ്കൊടിപ്രകടനം നടത്തിയതും അവര്‍തന്നെ. നാട്ടുപ്രമാണിത്തത്തെ വെല്ലുവിളിക്കാനുള്ള ചങ്കുറപ്പാണ് അവരെ കമ്മ്യൂണിസ്റ്റാക്കിയത്. നിരവധി കേസുകള്‍ അവര്‍ക്കെതിരെ ഉണ്ടായി. അതോടെ ഒളിവില്‍ പോകേണ്ടിവന്നു. ചായക്കടയും പൂട്ടി.
1949 ഡിസംബര്‍ 31ന് രാത്രി 11 മണിയോടെയാണ് ശൂരനാട് സംഭവം നടന്നത്. ഇന്‍സ്പെക്ടര്‍മാരും പൊലീസുകാരായ വാസുദേവന്‍പിള്ള, കുഞ്ഞുപിള്ള ആശാരി, ഡാനിയേല്‍ എന്നിവരും സംഘട്ടനത്തില്‍ മരിച്ചു. നിരവധി സഖാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിറ്റേദിവസം രാവിലെ തിരുകൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ള ശൂരനാട്ടെത്തി. തെന്നല വീട്ടുമൂറ്റത്തുവച്ചാണ് ശൂരനാടിനി വേണ്ടെന്ന പ്രഖ്യാപനം നടത്തിയത്. അതോടെ പൊലീസിന്റെ ഉരുക്കുമുഷ്ടിയില്‍ ആ പ്രദേശം ഞെരിഞ്ഞമര്‍ന്നു. നിരപരാധികളായ സ്ത്രീകളും വൃദ്ധരും കുഞ്ഞുങ്ങളുമടക്കം കയ്യില്കിട്ടിയവരെ എല്ലാം പൊതിരെ തല്ലി.
ശൂരനാട് സംഭവത്തെ തുടര്‍ന്ന് തങ്കപ്പകുറുപ്പ് രണ്ടുമൂന്നുദിവസം വള്ളികുന്നത്തുള്ള ഒരു ബന്ധുവീട്ടില്‍ അഭയം തേടി. സുരക്ഷിതമല്ലെന്നുകണ്ട് പുനലൂരിലെത്തി. പുനലൂര്‍ പേപ്പര്‍മില്ലില്‍ ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു. ഒന്നും ശരിയാകാതെ വന്നപ്പോള്‍ ശൂരനാട്ടേക്കുതന്നെ മടങ്ങി. അവിടെവച്ചാണ് പിതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്ന യാതനയെപ്പറ്റി അറിയുന്നത്. പിന്നെ ഒട്ടും ആലോചിച്ചില്ല. നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി പിടികൊടുക്കുകയായിരുന്നു.
ഒമ്പതുമാസത്തെ ലോക്കപ്പ് ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. ആ കൊലയറയില്‍ നിന്ന് ഒരിക്കലും മോചനമുണ്ടാകുമെന്ന് കരുതിയില്ല. പിന്നീട് കൊല്ലം കസ്ബ സ്റ്റേഷനിലും കൊല്ലം സബ്ജയിലിലും കഴിഞ്ഞു. കൊല്ലം കോടതി ശിക്ഷ വിധിച്ചതിനെതുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലായി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശൂരനാട് സഖാക്കളെ മോചിപ്പിച്ചതോടെ കുറുപ്പ് സ്വതന്ത്രനായി. ഭാര്യ രാജമ്മയോടും മക്കളോടുമൊപ്പം കഴിയുന്നു. അന്നും ഇന്നും കമ്മ്യൂണിസ്റ്റ്കാരനായി പുതിയ തലമുറയ്ക്ക് ആവേശമായി ജീവിക്കുന്നു.
തയ്യാറാക്കിയത്: പി എസ് സുരേഷ് janayugom 180112
1950 മാര്‍ച്ച് മാസത്തിലെ ഒരു ദിവസം. സമയം രാവിലെ ഏഴ് മണി. അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് വന്നുകയറി. സ്റ്റേഷനകത്തും പുറത്തും നിറയെ പൊലീസുകാര്‍. തടവുപുള്ളികളെ ചീക്കിനുകൊണ്ടുപോയിട്ട് വന്നതേയുള്ളു. ആരെയും ശ്രദ്ധിക്കാതെ ആ ചെറുപ്പക്കാരന് പാറാവുകാരന്റെ അടുത്തുചെന്നു.
ReplyDelete