Friday, January 27, 2012

ഒറ്റ സ്നാപ്പിലൊതുങ്ങാത്ത ആകുലതകള്‍


തെരുവു ജീവിതങ്ങള്‍ക്കുനേരെ തുറന്നുവച്ച ക്യാമറക്കണ്ണുകളൊപ്പിയെടുത്ത ചിത്രങ്ങളുമായി സന്തോഷ് രാജേന്ദ്രന്റെ "സ്ട്രീറ്റ് എ ലൈറ്റ്" ഫോട്ടോഗ്രഫി പ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു.

തെരുവില്‍ ജനിച്ചുവീഴുന്ന കുഞ്ഞില്‍നിന്നാരംഭിച്ച് അവിടെത്തന്നെ ജീവിച്ചുമരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയും സ്നേഹവും ശൂന്യതയും വിശപ്പുമെല്ലാം ഈ ചിത്രങ്ങളിലൂടെ മിഴിതുറക്കുന്നു. വൈകല്യവും ദാരിദ്ര്യവും വാര്‍ധക്യവും മനുഷ്യനെ തെരുവിലെത്തിക്കുന്ന പതിവു കാഴ്ചകള്‍ക്കപ്പുറം വിധി തെരുവിലെറിഞ്ഞ മനുഷ്യന്റെ അതീജീവനം വേറിട്ട കാഴ്ചയൊരുക്കുന്നു. നഗരത്തിരക്കില്‍ തെരുവിലലയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ സാമൂഹികയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുകയാണ്. തെക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തെരുവുജീവിതങ്ങളാണ് കറുപ്പിലും വെളുപ്പിലുമായി സന്തോഷ് പകര്‍ത്തിയിട്ടുള്ളത്. പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിതഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന് നീക്കിവച്ച് ഓരോരുത്തരെയും അവനവനിലേക്കുതന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് പ്രദര്‍ശനം. സ്ട്രീറ്റ് എ ലൈറ്റ് വിഭാഗത്തിലെ 42 ചിത്രങ്ങളടക്കം 85 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 2005 മുതലുള്ള ചിത്രങ്ങളാണ് തെരുവുകാഴ്ചകളിലുള്ളത്.

1998 മുതല്‍ ഫോട്ടോഗ്രഫിരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്തോഷ് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലടക്കം വിവിധ കോളേജുകളില്‍ ക്ലാസുകളെടുക്കുന്നുണ്ട്. എഐടിയുസി ദേശീയതലത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ നാലാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രഫര്‍ സി രാജേന്ദ്രന്റെയും മീനയുടെയും മകനാണ്. ഭാര്യ തുഷാര. മകന്‍ : നിരഞ്ജന്‍ . ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം 29ന് അവസാനിക്കും.

deshabhimani 260112

1 comment:

  1. തെരുവു ജീവിതങ്ങള്‍ക്കുനേരെ തുറന്നുവച്ച ക്യാമറക്കണ്ണുകളൊപ്പിയെടുത്ത ചിത്രങ്ങളുമായി സന്തോഷ് രാജേന്ദ്രന്റെ "സ്ട്രീറ്റ് എ ലൈറ്റ്" ഫോട്ടോഗ്രഫി പ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete