Thursday, January 19, 2012

ഉമ്മന്‍ചാണ്ടി പോരെന്ന് കെപിസിസി


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണം മോശമെന്ന് കെപിസിസി നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശം. പുതിയ സര്‍ക്കാര്‍ വന്നശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ടിയുടെ നേതൃവേദിയില്‍ നേരിട്ടുള്ള ആക്രമണമുണ്ടായത്. പൊലീസിനെ കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടി പരാജയമാണെന്ന് വിശാല ഐ ഗ്രൂപ്പ് നേതാവ് കെ സുധാകരന്‍ എംപി തുറന്നടിച്ചു. കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നിസ്സാര കേസുകള്‍ക്ക് ജയിലിലാക്കുന്നു. പ്രദേശത്തെ എംപി ആയിട്ടും തന്നെ കണ്ണൂര്‍ വിമാനത്താവള കമ്മിറ്റിയില്‍ എടുത്തില്ല. വിവിധ മേഖലയിലെ സര്‍ക്കാര്‍ സമിതികളുടെ രൂപം കേരളത്തിന്റെ മതനിരപേക്ഷ സങ്കല്‍പ്പം തകര്‍ക്കുന്നതാണ്. ഇതിന്റെ നേട്ടം സിപിഐ എമ്മിനും ബിജെപിക്കുമാണ്. ഭരണം സുഖകരമല്ലെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസിനെപ്പറ്റിയുള്ള ആക്ഷേപം പരിശോധിക്കാമെന്ന് മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പക്ഷേ, ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായോ സുധാകരനെ എതിര്‍ത്തോ ഉള്ള വാദഗതികള്‍ യോഗത്തിലുയര്‍ന്നില്ല. മുസ്ലിംലീഗിന്റെ ഭരണത്തിലെ ഇടപെടലുകളും രീതിയും കോണ്‍ഗ്രസിന് രുചിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ദേശം മന്ത്രി മുനീര്‍ നിരാകരിച്ചത് കോണ്‍ഗ്രസിനും യുഡിഎഫിനും നഷ്ടമുണ്ടാക്കിയെന്ന് എന്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സമാനാഭിപ്രായം മറ്റു ചിലരും പ്രകടിപ്പിച്ചു. ഭൂരിപക്ഷം കുറവായതിനാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദത്തിനു വിധേയമായി കോണ്‍ഗ്രസ് മെലിയുകയും നഷ്ടം മാത്രമുണ്ടാകുകയുമാണെന്ന അഭിപ്രായവുമുണ്ടായി. അത് കോര്‍പറേഷന്‍ -ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെടുത്തിയായിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായി പരസ്യപ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അശ്വനികുമാറിനെ പുറത്താക്കാന്‍ കെപിസിസി ആവശ്യപ്പെടണമെന്ന് സി പി മുഹമ്മദ് നിര്‍ദേശിച്ചെങ്കിലും നേതൃത്വം അതു പരിഗണിച്ചില്ല. കോണ്‍ഗ്രസ് പുനഃസംഘടന നീണ്ടുപോകുന്നതില്‍ ഗ്രൂപ്പ് ഭേദമെന്യേ ആക്ഷേപമുയര്‍ന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നിര്‍ജീവമാണെന്നുവരെ വിമര്‍ശമുയര്‍ന്നു. എന്നാല്‍ , പുനഃസംഘടന ഉടനെയില്ലെന്നായിരുന്നു പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മറുപടി. മെയില്‍ തുടങ്ങുന്ന വാര്‍ഡ് കണ്‍വന്‍ഷന്‍ മുതല്‍ ആഗസ്തില്‍ തിരുവനന്തപുരത്തു ചേരുന്ന കെപിസിസി കണ്‍വന്‍ഷനില്‍വരെ പുനഃസംഘടന നടത്താമെന്നും പറഞ്ഞു.

deshabhimani 190112

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണം മോശമെന്ന് കെപിസിസി നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശം. പുതിയ സര്‍ക്കാര്‍ വന്നശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ടിയുടെ നേതൃവേദിയില്‍ നേരിട്ടുള്ള ആക്രമണമുണ്ടായത്. പൊലീസിനെ കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടി പരാജയമാണെന്ന് വിശാല ഐ ഗ്രൂപ്പ് നേതാവ് കെ സുധാകരന്‍ എംപി തുറന്നടിച്ചു. കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നിസ്സാര കേസുകള്‍ക്ക് ജയിലിലാക്കുന്നു. പ്രദേശത്തെ എംപി ആയിട്ടും തന്നെ കണ്ണൂര്‍ വിമാനത്താവള കമ്മിറ്റിയില്‍ എടുത്തില്ല. വിവിധ മേഖലയിലെ സര്‍ക്കാര്‍ സമിതികളുടെ രൂപം കേരളത്തിന്റെ മതനിരപേക്ഷ സങ്കല്‍പ്പം തകര്‍ക്കുന്നതാണ്. ഇതിന്റെ നേട്ടം സിപിഐ എമ്മിനും ബിജെപിക്കുമാണ്. ഭരണം സുഖകരമല്ലെന്നും സുധാകരന്‍ പറഞ്ഞു.

    ReplyDelete