Wednesday, January 18, 2012

ഇന്ത്യ-ചൈന അതിര്‍ത്തി കൈകാര്യത്തിന് പ്രത്യേക സംവിധാനം

അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള 15-ാമത് പ്രത്യേക പ്രതിനിധിതലചര്‍ച്ച തിങ്കളാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ചു. ദേശീയസുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍മേനോനാണ് ഇന്ത്യന്‍സംഘത്തിന് നേതൃത്വം നല്‍കുന്നത്. സ്റ്റേറ്റ് കോണ്‍സുലര്‍ ദിന്‍ ബിഗ്വായാണ് ചൈനീസ് പ്രതിനിധിസംഘ തലവന്‍ . അതിര്‍ത്തി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറായേക്കും. 2010ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. 2011 ഏപ്രിലില്‍ ചൈനയിലെ സാന്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബോവും തമ്മിലുള്ള ചര്‍ച്ചയില്‍ ഈ സംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയുടെ ലംഘനം ഒഴിവാക്കാനും പരസ്പരവിശ്വാസം വളര്‍ത്താനും സംയുക്തസംവിധാനം സഹായിക്കും. വിദേശമന്ത്രാലയത്തിലെ കിഴക്കനേഷ്യന്‍ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ അതിര്‍ത്തി സമുദ്ര വിഭാഗത്തിലെ ഡയറക്ടര്‍ ജനറലും സംയുക്തമായി ഈ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കും. അതിര്‍ത്തിപ്രശ്നത്തിനുപുറമെ മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ബ്രിക്ക്സ് ഉച്ചകോടിയെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും.

കഴിഞ്ഞ നവംബറിലാണ് അതിര്‍ത്തിയെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധിതല സംഭാഷണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ , ദലൈ ലാമ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധമതസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് ചര്‍ച്ച നീണ്ടുപോയത്. പതിനാലാംവട്ടം സംഭാഷണം 2010 നവംബറില്‍ ബീജിങ്ങില്‍ നടന്നു. 2003ല്‍ ശിവശങ്കര്‍മേനോന്‍ ബീജിങ്ങില്‍ ഇന്ത്യയുടെ അംബാസഡറായ ഘട്ടത്തിലാണ് പ്രത്യേക പ്രതിനിധിതല സംഭാഷണം ആരംഭിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് സുവര്‍ണകാലം എത്തിപ്പിടിക്കാന്‍ ഇന്ത്യയും ചൈനയും തയ്യാറാകണമെന്ന് "ദ ഹിന്ദു" ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ദായ് ബിന്‍ഗ്വാ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വികസനം തടയാനോ ഇന്ത്യയെ ആക്രമിക്കാനോ ചൈനയ്ക്ക് പരിപാടിയില്ലെന്നും ഇതുസംബന്ധിച്ച പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 170112

No comments:

Post a Comment