Friday, January 6, 2012

അപവാദക്കാരേ, ഇനിയെന്ത് ലാവ്ലിന്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അപവാദ വ്യവസായത്തിന്റെ കറുത്ത ഏടായി മാറിയ ലാവ്ലിന്‍ വിവാദത്തിന്റെ ഉള്‍വശം ചികഞ്ഞ് ഡോ. തോമസ് ഐസക് തന്റെ പുതിയ പുസ്തകത്തിലൂടെ ചോദിക്കുന്നു- ഇനിയെന്ത് ലാവ്ലിന്‍ ? ലാവ്ലിന്‍ വിവാദം സൃഷ്ടിച്ച പ്രതിലോമകാരികളും മാധ്യമങ്ങളും ഇന്ന് പിന്‍വലിഞ്ഞു. എന്നാല്‍ , അഴിമതിയില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെപ്പോലെയാണ് കമ്യൂണിസ്റ്റുകാരുമെന്ന് അവര്‍ ബോധപൂര്‍വം സൃഷ്ടിച്ച തെറ്റായ പ്രചാരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. ഇവ പുസ്തകത്തിലെ വസ്തുതകള്‍ക്കു മുന്നില്‍ പൊളിച്ചെഴുതപ്പെടുന്നു. എന്തുകൊണ്ട് പുസ്തകം എഴുതി എന്നു വിവരിക്കുന്ന "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന അധ്യായത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. തുടര്‍ന്ന് എന്താണ് ലാവ്ലിന്‍ കരാറെന്നും ലാവ്ലിന്‍ വിവാദത്തിന്റെ നാള്‍വഴിയും പരിശോധിക്കുന്നു.

വിവാദത്തില്‍ സിപിഐ എമ്മിനെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കരിതേയ്ക്കാന്‍ മാധ്യമങ്ങള്‍ പാകംചെയ്ത് രൂപപ്പെടുത്തിയ അപവാദകഥകളുടെ ചുരുളുകള്‍ തേടുകയാണ് രണ്ടാം ഭാഗത്തില്‍ . മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടുമായിരുന്ന 86 കോടി രൂപ തുലച്ചതാര്? പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ലാവ്ലിന്‍ വിവാദത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളാര്? എന്നിവയ്ക്ക് ഉത്തരം തേടുകയാണ് മൂന്നാംഭാഗം.

സിഐഎ ചാരന്‍ , ജനകീയാസൂത്രണം, കിളിരൂര്‍ , കവിയൂര്‍ , ലാവ്ലിന്‍ തുടങ്ങി നിരവധി അപവാദങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിനെതിരെ പ്രചരിപ്പിച്ചത്. ഒരോന്നു പൊളിയുമ്പോഴും മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. എന്നാല്‍ , ഇവരുടെ പ്രചാരണം സൃഷ്ടിച്ച തെറ്റായ അവബോധം സാമൂഹ്യബോധത്തിലുണ്ട്. അതുകൊണ്ടുതന്നെ അപവാദക്കാര്‍ മാളത്തിലൊളിച്ചാലും അവരെ പിന്തുടര്‍ന്ന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് ഐസക് പുസ്തകത്തില്‍ പറയുന്നു.

അശ്ലീല മാധ്യമപ്രവര്‍ത്തകന്റെ ആരോപണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളും കോണ്‍ഗ്രസും ഏറ്റുപിടിക്കുകയായിരുന്നു. "കൈക്കൂലി നല്‍കിയതിനും കൊലപാതകത്തിനും" വരെ കള്ളസാക്ഷികളെയുണ്ടാക്കി. മന്ത്രിയായിരിക്കെ സഹകരണവിഷയത്തില്‍ പിണറായി ഫയലില്‍ എഴുതിയ കുറിപ്പിനെ സ്വന്തം വാര്‍ത്തപോലും മറച്ച് മനോരമ ആറുവര്‍ഷത്തിനുശേഷം ലാവ്ലിനുമായി കൂട്ടിച്ചേര്‍ത്തു. ഫയല്‍ നഷ്ടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടും ഫയല്‍ മുക്കിയെന്ന് വാര്‍ത്തയാക്കി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ മരണംവരെ ലാവ്ലിനുമായി ചേര്‍ത്തു കഥ മെനഞ്ഞു. ഇവയുടെ വസ്തുതകളാണ് ഗവേഷണ ചാതുരിയോടെ ഐസക് പുസ്തകത്തില്‍ വിവരിക്കുന്നത്.

ലാവ്ലിന്‍ : സ്പോണ്‍സേര്‍ഡ് അപവാദം- വൈക്കം വിശ്വന്‍

സിപിഐ എമ്മിനെയും പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വ്യക്തിഹത്യനടത്താനുള്ള സ്പോണ്‍സേഡ് അപവാദപ്രചാരണമായിരുന്നു ലാവ്ലിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ടി എം തോമസ് ഐസക് രചിച്ച് ചിന്ത പ്രസിദ്ധീകരിച്ച "ഇനിയെന്ത് ലാവ്ലിന്‍" എന്ന പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിപ്പൊക്കിയ ഒരു കഥയുടെ ചുരുളഴിക്കാന്‍ ഗവേഷണമനസ്സോടെ തയ്യാറാക്കിയ പുസ്തകമാണിതെന്ന്. ലാവ്ലിന്‍ കരാറിന്റെ പേരില്‍ അഴിച്ചുവിട്ട ദുഷ്പ്രചാരണം സിപിഐ എമ്മിനെയും പാര്‍ടി നേതൃത്വത്തെയും മാത്രം ബാധിക്കുന്ന പ്രശ്നമല്ല. വിഷയങ്ങളില്‍ അസത്യങ്ങളും അര്‍ധസത്യങ്ങളുമായി മാധ്യമങ്ങള്‍ എങ്ങനെയാണ് വ്യക്തിഹത്യ നടത്തുന്നതെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. ലാവ്ലിന്‍ വിവാദം ഉണ്ടായപ്പോള്‍ത്തന്നെ പാര്‍ടി കേന്ദ്രനേതൃത്വം ഇതിനുപിന്നിലെ ലക്ഷ്യം ചൂണ്ടിക്കാട്ടി. അപ്പോള്‍ നേതൃത്വത്തെയാകെ അഴിമതിക്കാരായി മുദ്രകുത്താനായി ശ്രമം. അറിഞ്ഞും അറിയാതെയും ഈ പ്രചാരണം നടത്തിയവരുണ്ട്. അറിഞ്ഞശേഷവും അത് മുന്നോട്ട് കൊണ്ടുപോകാന്‍ ബോധപൂര്‍വം ശ്രമിച്ചവരും ഉണ്ട്. വസ്തുതകള്‍ അവര്‍ക്ക് പ്രശ്നമേയല്ല.

രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് ലാവ്ലിന്‍ കരാറിനുപിന്നില്‍ നടന്നതെന്ന തുടര്‍പ്രചാരണം അഴിച്ചുവിട്ടു. അസാമാന്യ ധൈര്യത്തോടെ ഈ അപവാദപ്രചാരണങ്ങള്‍ ചെറുത്ത് ഒരു പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ട ബാധ്യത പിണറായി നിര്‍വഹിച്ചു. ഏറ്റവുമൊടുവില്‍ പിണറായി സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐതന്നെ കോടതിയില്‍ വീണ്ടും വ്യക്തമാക്കി. അന്ന് ആക്രമണത്തിന് നേതൃത്വം കൊടുത്തവര്‍ ഇപ്പോള്‍ പിന്‍വാങ്ങി. എന്നാല്‍ , ചെയ്തത് തെറ്റാണെന്നോ, എന്തിനു വേണ്ടി ചെയ്തുവെന്നോ അപവാദപ്രചാരകര്‍ പറഞ്ഞിട്ടില്ല. വരദാചാരിയുടെ തലപരിശോധന അടക്കമുള്ള ആക്ഷേപങ്ങള്‍ വ്യക്തികളെ തേജോവധംചെയ്ത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ എങ്ങനെ പാകപ്പെടുത്തുന്നു എന്നതിന് നല്ല തെളിവാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ഡി ജയദേവന്‍ അധ്യക്ഷനായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി പങ്കെടുത്തു. പി പി സത്യന്‍ സ്വാഗതം പറഞ്ഞു.

deshabhimani 060112

1 comment:

  1. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അപവാദ വ്യവസായത്തിന്റെ കറുത്ത ഏടായി മാറിയ ലാവ്ലിന്‍ വിവാദത്തിന്റെ ഉള്‍വശം ചികഞ്ഞ് ഡോ. തോമസ് ഐസക് തന്റെ പുതിയ പുസ്തകത്തിലൂടെ ചോദിക്കുന്നു- ഇനിയെന്ത് ലാവ്ലിന്‍ ? ലാവ്ലിന്‍ വിവാദം സൃഷ്ടിച്ച പ്രതിലോമകാരികളും മാധ്യമങ്ങളും ഇന്ന് പിന്‍വലിഞ്ഞു. എന്നാല്‍ , അഴിമതിയില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെപ്പോലെയാണ് കമ്യൂണിസ്റ്റുകാരുമെന്ന് അവര്‍ ബോധപൂര്‍വം സൃഷ്ടിച്ച തെറ്റായ പ്രചാരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. ഇവ പുസ്തകത്തിലെ വസ്തുതകള്‍ക്കു മുന്നില്‍ പൊളിച്ചെഴുതപ്പെടുന്നു

    ReplyDelete