കണ്ണൂര്‍ : കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് സമ്മാനിച്ചത് നിരാശയും പൊള്ളയായ വാഗ്ദാനങ്ങളും. മാരകരോഗം ബാധിച്ചവരെ ഉള്‍പ്പെടെ മണിക്കൂറോളം പൊടിയിലും വെയിലിലും പട്ടിണിക്കിട്ടതാണ് വ്യാഴാഴ്ച കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറിയ പരിപാടിയുടെ ബാക്കിപത്രം. ലഭിച്ച അപേക്ഷകളെ കടത്തിവെട്ടുന്നതാണ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കം അക്ഷരാര്‍ഥത്തില്‍ ജനദ്രോഹമായി. നടത്തിപ്പിലെ പിടിപ്പുകേടും അപേക്ഷ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും അര്‍ഹമായവ പരിഗണിക്കുന്നതില്‍ കാണിച്ച നിസ്സംഗതയും ജനസമ്പര്‍ക്കത്തിന്റെ പാളിച്ചകളായി. ബിപിഎല്‍ കാര്‍ഡ് അപേക്ഷകളും സ്വര്‍ണവായ്പ തള്ളുന്നതുംപരിഗണിക്കില്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുത്തതിനാല്‍ ജനരോഷം ആളിക്കത്തുന്നത് ഒഴിവായി.
പാവപ്പെട്ടവരെയും രോഗികളെയും അംഗവൈകല്യം വന്നവരെയും മോഹം നല്‍കി പീഡിപ്പിച്ചതിന് പരിപാടി സാക്ഷിയായി. മുഖ്യമന്ത്രിയുടെ പരിപാടി ഹൈജാക്ക് ചെയ്യുന്നതിന് കണ്ണൂര്‍ എംപിയും എംഎല്‍എയും കളിച്ച വൃത്തികെട്ട കളിയും പരിപാടിയെ നാണംകെടുത്തി. അവശര്‍ക്കും അശരണര്‍ക്കും മുന്നില്‍ വലിയ ആള്‍ ചമയാനുള്ള അവസരം മുതലെടുക്കുകയായിരുന്നു കോണ്‍ഗ്രസുകാരായ ജനപ്രതിനിധികളും നേതാക്കളും. കടം വാങ്ങി ആംബുലന്‍സിലെത്തിയ രോഗികളെയും മറ്റും വെയിലിലും പൊടിയിലും ഇരുത്തിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചത്. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചെങ്കിലും ആരും പിന്മാറിയില്ല. ഒടുവില്‍ സഹികെട്ട് മുഖ്യമന്ത്രി ആള്‍ക്കൂട്ടത്തില്‍നിന്ന് ഒഴിഞ്ഞ് ആംബുലന്‍സിലും മറ്റും എത്തിയവരെ കാണാന്‍ ഒറ്റക്കു പോയി. ഈ അവസരം മുതലെടുത്ത് കെ സുധാകരന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സ്വന്തമാക്കി. പരാതി വാങ്ങിയും വാഗ്ദാനം നല്‍കിയും ഉമ്മന്‍ചാണ്ടിയെ സുധാകരന്‍ നിഷ്പ്രഭനാക്കി.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കി ജനസമ്പര്‍ക്കത്തെ തരം താഴ്ത്തുന്ന രംഗങ്ങളാണ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച അരങ്ങേറിയത്. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും പ്രതീക്ഷകളാണ് ചവിട്ടിമെതിച്ചത്. കോടികള്‍ പൊടിച്ചുള്ള പന്തലും പ്രചാരണവുമല്ലാതെ ജനസമ്പര്‍ക്കം ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്തില്ല.
രോഗങ്ങള്‍ അലട്ടുന്ന ജീവിതത്തിന് താങ്ങ് പ്രതീക്ഷിച്ചാണ് കാരപേരാവൂരിലെ കുഞ്ഞിപറമ്പ് ഹൗസില്‍ രത്നവതിയുടെ മകള്‍ ഷീല(48) പരിപാടിക്കെത്തിയത്. ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. ഒടുവില്‍ പൊലീസ് ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് കണ്ണൂരിലെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനിടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് ജോലിയും വരുമാനവുമില്ലാത്ത അമ്മയാണ് ഏക ആശ്രയം. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയപ്പോള്‍ കിട്ടിയത് പത്തായിരം രൂപ. കണ്ണൂരിലെത്തിച്ച വാഹനം കാണാതെ ഈ അമ്മയും മകളും ഞങ്ങളെ നാട്ടിലെത്തിക്കണമെന്ന് കേഴുന്നത് ഏവരെയും കണ്ണീരണിയിച്ചു. എടക്കാട് കച്ചേരിയില്‍ അബ്ദുള്‍അസീസി(52)ന് ജനസമ്പര്‍ക്കത്തിന്റെ ബഹളവും വാഗ്ദാനവും പ്രഖ്യാപനവും തിരിച്ചറിയാന്‍ശേഷിയില്ല. ഒന്നര വര്‍ഷമായി രോഗം അസീസിനെ ഓര്‍മകളില്‍ നിന്ന് അകറ്റിയിരിക്കയാണ്. ഖത്തറില്‍ പാചകക്കാരനായിരുന്ന അസീസ് രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷമാണ് രോഗം പിടിപെട്ടത്. പൊയിന്റിങ് തൊഴിലാളിയായ മകന്‍ അനീസിന് ബാപ്പയുടെ ചികിത്സാച്ചെലവ് താങ്ങാനാവാത്ത സ്ഥിതിയാണ്. അസീസിനെയും കുടുംബത്തെയും പരിഗണിക്കാന്‍പോലും ആരുമുണ്ടായില്ല. അസീസിനെ കൊണ്ടുവന്ന വണ്ടി ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചില്ല. വീല്‍ചെയറും നല്‍കിയില്ല. പ്ലാസ്റ്റിക് കസേരയിലിരുത്തിയാണ് വേദിയിലേക്ക് കൊണ്ടുവന്നത്. മണിക്കൂറുകളോളം അവിടെയിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാനുമായില്ല.
ഒന്നരക്കോടി രൂപയുടെ ദുരിതാശ്വാസം
കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒന്നരക്കോടി രൂപയുടെ ദുരിതാശ്വാസം അനുവദിച്ചു. വികലാംഗര്‍ക്കും രോഗികള്‍ക്കും അഗതികള്‍ക്കുമാണ് ധനസഹായം. ജനസമ്പര്‍ക്ക വേദിയിലെ പത്തു സബ് കൗണ്ടറുകളിലായി പന്ത്രണ്ടായിരത്തോളം പുതിയ പരാതികളാണ് ലഭിച്ചത്. 24,213 നേരത്തെയുള്ള പരാതികളില്‍ പതിനായിരത്തോളം പേര്‍ ടോക്കണ്‍ വാങ്ങി മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. ബിപിഎല്‍ കാര്‍ഡിനായുള്ള പതിനായിരം അപേക്ഷകളുണ്ടായിരുന്നു. ഡപ്യൂട്ടി ഡയറക്ടര്‍ , പഞ്ചായത്ത് - 800, സാമൂഹ്യക്ഷേമ വകുപ്പ് - 170, ജില്ലാ ലേബര്‍ ഓഫീസ് - 81, പിഡബ്ല്യുഡി ബില്‍ഡിങ്ങ് - 206, എന്‍എച്ച് - 63, സപ്ലൈ ഓഫീസ് - 181, റവന്യൂ 1706 എന്നീ പരാതികളും പരിഹരിച്ചു.
പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍ എന്നിവര്‍ ധനസഹായ വിതരണം ചെയ്തു. എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ എംഎല്‍എമാരായ ജെയിംസ് മാത്യു, കെ കെ നാരായണന്‍ , സി കൃഷ്ണന്‍ , ടി വി രാജേഷ്, അഡ്വ. സണ്ണി ജോസഫ്, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം സി ശ്രീജ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ആനന്ദ് സിങ്് സ്വാഗതവും എഡിഎം എന്‍ ടി മാത്യു നന്ദിയും പറഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലാപ്ടോപ്, ഭൂദാന പട്ടയ വിതരണം, പാമ്പുകടിയേറ്റവര്‍ക്ക് സഹായ വിതരണം എന്നിവയും നടന്നു.
deshabhimani 060112
കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് സമ്മാനിച്ചത് നിരാശയും പൊള്ളയായ വാഗ്ദാനങ്ങളും. മാരകരോഗം ബാധിച്ചവരെ ഉള്‍പ്പെടെ മണിക്കൂറോളം പൊടിയിലും വെയിലിലും പട്ടിണിക്കിട്ടതാണ് വ്യാഴാഴ്ച കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറിയ പരിപാടിയുടെ ബാക്കിപത്രം. ലഭിച്ച അപേക്ഷകളെ കടത്തിവെട്ടുന്നതാണ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി.
ReplyDeleteമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആശ്വാസം പരാതി നല്‍കിയവരില്‍ ഏഴു ശതമാനത്തിനു മാത്രം. ചികിത്സാ സഹായത്തിന് എംഎല്‍എമാര്‍ വഴി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്കാണ് ആശ്വാസമെത്തിയത്. ഇവരെ പൊലീസ് ഗ്രൗണ്ടിലെ പൊടിയും വെയിലും സഹിക്കാന്‍ കൊണ്ടുവരേണ്ടിയിരുന്നോ എന്ന ചോദ്യം ബാക്കി. ചികിത്സ സഹായത്തിനു പുറമെ എന്ത് ആനുകൂല്യം അനുവദിച്ചുവെന്ന് പറയുന്നില്ല. കഴിഞ്ഞ ദിവസം ധനസഹായമായി ഒന്നരക്കോടി അനുവദിച്ചുവെന്നാണ് പറഞ്ഞത്. വെള്ളിയാഴ്ച ഇത് തിരുത്തി. ആശ്വാസം 1.22 കോടിയായി ചുരുങ്ങി. മുഖ്യമന്ത്രിയും എംപിമാരും എംഎല്‍എമാരും വെള്ളിയാഴ്ച പുലര്‍ച്ചെവരെ പരാതി സ്വീകരിച്ചിട്ടും പരിഹരിക്കപ്പെട്ടവയും പരിഗണിക്കപ്പെട്ടവയും പരിമിതം. 70 ലക്ഷത്തോളം ചെലവിട്ട പരിപാടിയില്‍ മുഖ്യമന്ത്രി അനുവദിച്ച ധനസഹായം 2108 പരാതികളില്‍ 1.22 കോടി മാത്രം. ആകെ അപേക്ഷ 29,879. 5,666 പുതിയ അപേക്ഷ കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ 24,213 അപേക്ഷ ലഭിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത 800 അപേക്ഷയും പരിഗണിച്ചു. സമാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളും ഭരണകൂടവും ഒന്നുചേരേണ്ടുന്ന ഘടകങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, കൃഷിമന്ത്രി കെ പി മോഹനന്‍ , എംഎല്‍എമാരായ എ പി അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണിജോസഫ്, കെ എം ഷാജി എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ആനന്ദ്സിങ് ആമുഖ ഭാഷണം നടത്തി. എഡിഎം എന്‍ ടി മാത്യു നന്ദി പറഞ്ഞു.
ReplyDelete