Thursday, January 26, 2012

നഗരം സ്ത്രീ സൗഹൃദമാകാന്‍ കടമ്പകളേറെ

കല്‍പ്പറ്റ: നഗരത്തിരക്കിനിടയില്‍ നിര്‍ഭയം യാത്ര ചെയ്യാനുള്ള പരിമിത സ്വാതന്ത്യമെങ്കിലും തങ്ങള്‍ക്ക് സാധ്യമാക്കണമെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. സന്ധ്യയായാല്‍ ഇരുട്ടിലമരുന്ന നഗരവീഥികളും സാമൂഹ്യവിരുദ്ധ പ്രശ്നങ്ങളും അതിക്രമങ്ങളും ടോയ്ലറ്റുകളില്ലാത്തതും നഗരത്തിലെത്തുന്ന സ്ത്രീകളെ അരക്ഷിതരാക്കുന്നതായി പരിഷത് പഠനസര്‍വേ വ്യക്തമാക്കുന്നു. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരത്തെ സ്ത്രീസൗഹൃദ നഗരമാക്കുന്നതിന്റ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്. നഗരസഭയുടേയും കുടുംബശ്രീയുടേയും മറ്റു വനിതാ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കല്‍പ്പറ്റ ഗവ.കോളേജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരാണ് സര്‍വ്വേ നടത്തിയത്. നഗരത്തില്‍ ദിവസം ശരാശരി 35,000ല്‍ പരം പേര്‍ വന്നുപോകുന്നുണ്ട് എന്ന് സര്‍വ്വെ വ്യക്തമാക്കി. ഇത് നഗരജനസംഖ്യയിലും കൂടുതലാണ്. ഇതനുസരിച്ച് നഗരത്തില്‍ നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നത് തെറ്റായ വികസന കാഴ്ചപ്പാടിന്റെ തെളിവാണെന്ന് പരിഷത്ത് ജില്ലാപ്രസിഡന്റ് കെ ടി ശ്രീവത്സന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ സച്ചിദാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാറിയ കാലത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷനൊപ്പം ഇടപെടുന്നുണ്ട്. അതുകൊണ്ടു തന്നെ ആയിരക്കണക്കിനു സ്ത്രീകളും ദിവസേന നഗരത്തിലെത്തുന്നുണ്ട്. അവരെ കൂടി ഉള്‍പ്പെടുത്താതെയാണ് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. രണ്ട് ബസ്സ്റ്റാന്റുകളിലെ കംഫര്‍ട്ട് സ്റ്റേഷനല്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എവിടെയും സൗകര്യമില്ല. ബസ് സ്റ്റാന്റുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും രാത്രി 10 മണി വരെ വനിതാ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന നിര്‍ദേശം സര്‍വേയില്‍ ഉയര്‍ന്നു. കൂടാതെ പെട്ടെന്ന് സഹായം ലഭിക്കാന്‍ വനിതാ സെല്ലിലേക്ക് വിളിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കണം. ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി വെക്കണം. ആഴ്ചയിലൊരിക്കല്‍ നഗരസഭാധികൃതരൂം പൊലീസും അതു പരിശോധിച്ച് പരിഹരിക്കാനാവുന്നവ പരിഹരിക്കണം. പ്രാഥമിക സൗകര്യങ്ങളുടെ കാര്യം ദയനീയമാണ്. രണ്ട് ബസ് സ്റ്റാന്റുകളിലുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഒഴിച്ചാല്‍ പൊതു ടോയ്ലറ്റുകള്‍ ലഭ്യമല്ല. ഏറ്റവും തിരക്കേറിയ അനന്തവീര, കൈനാട്ടി, സിവില്‍സ്റ്റേഷന്‍ എന്നീ ബസ് സ്റ്റോപ്പുകള്‍ക്കടുത്ത് എവിടേയും മൂത്രപ്പുരകള്‍ ഇല്ലാത്തത് ദയനീയ സ്ഥിതിയാണ്. ഗത്യന്തരമില്ലാതെ പുരുഷന്മാര്‍ പരിസരത്തെ നടപ്പാതകള്‍ മൂത്രപ്പുരയാക്കി മാറ്റുമ്പോള്‍ സ്ത്രീകള്‍ അടക്കി പിടിക്കേണ്ടി വരുന്നു. മൂത്രം ഒഴിക്കാതെ അടക്കിപ്പിടിക്കുന്നതും മൂത്രശങ്ക ഭഭയന്ന് ആവശ്യത്തിനുള്ള വെള്ളം കുടിക്കാതിരിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ ഹോട്ടലുകളോടനുബന്ധിച്ചും പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളോടനൂബന്ധിച്ചും വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്ലറ്റുകള്‍ ഉണ്ടെന്ന് നഗരസഭഭ ഉറപ്പു വരുത്തണം. ഉദ്യോഗസ്ഥര്‍ ഇടക്കിടെ ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ എടുക്കണം.

നഗരത്തിരക്കിനിടയില്‍ തന്നെ ഒന്നു വിശ്രമിക്കാനോ കാത്തിരിക്കാനോ പൊതു ഇടങ്ങള്‍ ഇല്ലാത്തത് കല്‍പ്പറ്റയുടെ ഒരു പോരായ്മ തന്നെയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ നഗരത്തില്‍ കാത്തിരിപ്പ് ആവശ്യമായി വന്നാല്‍ സുരക്ഷിതമായ ഒരൂ വിശ്രമ സ്ഥലം നഗരത്തിലില്ല. രണ്ട് ബസ്സ്റ്റാന്റുകളിലും വിശാലമായ ഓരോ റീഡിങ് റൂമുകള്‍ ഉണ്ടാവുന്നത് മാതൃകാപരമായിരിക്കും. നഗരത്തിനുള്ളില്‍ ചെറുതെങ്കിലും ഒരു പാര്‍ക്ക് ഉണ്ടാവുക എന്നത് പ്രധാനമാണെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു.

സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറാനും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയാത്ത ഒരു സമൂഹത്തെ എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജിച്ചാലും സംസ്കാരമുള്ള സമൂഹമായി കണക്കാക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കൂം കൂട്ടികള്‍ക്കൂം നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കൂ നാള്‍ വര്‍ധിച്ചു വരൂന്ന സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ ബോധപൂര്‍വ്വമായ ഇടപെടലിലൂടെ കല്‍പ്പറ്റ നഗരത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ത്രീ സൗഹൃദമാക്കുക എന്നതാണ് ഈ ജനകീയ കൂട്ടായ്മയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. പഠനത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ എങ്ങനെ പരിഹരിക്കാം എന്ന നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഒന്നാംഘട്ട പഠനമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കൂ ശേഷം ഉടന്‍ മുന്നോട്ടു വയ്ക്കും. രണ്ടാം ഘട്ട സര്‍വ്വേ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം കെ വിലാസിനി, അജി ബഷീര്‍ , സി കെ ജുമൈല എന്നിവരും പങ്കെടുത്തു.

deshabhimani 260112

1 comment:

  1. ഗരത്തിരക്കിനിടയില്‍ നിര്‍ഭയം യാത്ര ചെയ്യാനുള്ള പരിമിത സ്വാതന്ത്യമെങ്കിലും തങ്ങള്‍ക്ക് സാധ്യമാക്കണമെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. സന്ധ്യയായാല്‍ ഇരുട്ടിലമരുന്ന നഗരവീഥികളും സാമൂഹ്യവിരുദ്ധ പ്രശ്നങ്ങളും അതിക്രമങ്ങളും ടോയ്ലറ്റുകളില്ലാത്തതും നഗരത്തിലെത്തുന്ന സ്ത്രീകളെ അരക്ഷിതരാക്കുന്നതായി പരിഷത് പഠനസര്‍വേ വ്യക്തമാക്കുന്നു. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരത്തെ സ്ത്രീസൗഹൃദ നഗരമാക്കുന്നതിന്റ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്.

    ReplyDelete