Friday, January 6, 2012

പിറവം യുഡിഎഫ് മോഹിക്കേണ്ട: പിണറായി

പിറവത്ത് അനുകൂല സ്ഥിതിയുണ്ടാവുമെന്നു കരുതിയാണ് തെരഞ്ഞെടുപ്പു നീട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, എറണാകുളം സമ്മേളനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങി. എറണാകുളത്ത് പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

പിറവത്ത് ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനായിരുന്നു ശ്രമം. എന്നാല്‍ അത് നീട്ടാനുള്ള നീക്കമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ അത്തരം സമീപനങ്ങളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി. നാട്ടില്‍ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും വര്‍ധിച്ചു. സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങള്‍ താറുമാറാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്. ലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ജനാധിപത്യത്തിന് ചേരാത്ത കള്ളക്കളിയാണ് നടത്തിയത്. പിണറായി പറഞ്ഞു.

പ്രതിനിധിസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍ , എ വിജയരാഘവന്‍ , എം എ ബേബി, പി കരുണാകരന്‍ എംപി , പി കെ ശ്രീമതി, ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ എന്നിവര്‍ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും.

കൊച്ചി മെട്രോ പദ്ധതിയിലൂടെ വന്‍ അഴിമതിക്ക് കളമൊരുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച തുകയല്ലാതെ യുഡിഎഫ് തുക അനുവദിച്ചിട്ടില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വന്‍ അഴിമതി നടത്താനാണ് യുഡിഎഫ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന 11 പേരെ ആദരിച്ചു. പ്രതിനിധി സമ്മേളനഹാളിനു മുന്നില്‍ എം എം ലോറന്‍സ് പതാക ഉയര്‍ത്തി. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, പി കെ ഗുരുദാസന്‍ , ഡോ. തോമസ് ഐസക്, ഇ പി ജയരാജന്‍ , വൈക്കം വിശ്വന്‍ , എം സി ജോസഫൈന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

deshabhimani news

1 comment:

  1. പിറവത്ത് അനുകൂല സ്ഥിതിയുണ്ടാവുമെന്നു കരുതിയാണ് തെരഞ്ഞെടുപ്പു നീട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, എറണാകുളം സമ്മേളനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങി. എറണാകുളത്ത് പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

    ReplyDelete