Saturday, January 7, 2012

നഴ്‌സിംഗ് മേഖലയിലെ ചൂഷണത്തിനെതിരെ എ ഐ വൈ എഫ് പ്രക്ഷോഭം നടത്തും

നഴ്‌സിംഗ് മേഖലയില്‍ നടക്കുന്ന തൊഴില്‍ചൂഷണത്തിനും മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കുമെതിരെ എഐവൈഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 13ന് ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലവകാശം സംരക്ഷിക്കാന്‍ യുവജനധര്‍ണ സംഘടിപ്പിക്കും. മനുഷ്യത്വരഹിതമായ ഇടപെടലാണ് നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ നടത്തുന്നത്. മിനിമം കൂലിയോ പി എഫ് ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. എട്ടു മണിക്കൂര്‍ ജോലി എന്ന ലോകം അംഗീകരിച്ച തത്വം ലംഘിച്ച് 10 മുതല്‍ 16 മണിക്കൂര്‍വരെ തൊഴില്‍ ചെയ്യേണ്ട അവസ്ഥയാണ് നഴ്‌സുമാര്‍ക്കുള്ളത്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പിരിച്ചുവിട്ടും ശാരീരികവും മാനസികവുമായി ആക്രമിച്ചും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദവുമുണ്ടെന്ന് രാജന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടുപോവാനാണ് ഭാവമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ എ ഐ വൈ എഫ് നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരുടെ സമരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണം. എന്നാല്‍ സ്വകാര്യമാനേജ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. എല്ലാ മേഖലയിലുമെന്നപോലെ ആതുരശുശ്രൂഷാ രംഗത്തും സ്വകാര്യമേഖലയുടെ ഇടപെടല്‍ സജീവമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശുപത്രി, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍, ഐടി, ബാങ്കിംഗ് മേഖല ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് തൊഴില്‍സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് രാജന്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ് ഏകീകരിക്കാന്‍ നിയമം കൊണ്ടുവരിക, ആശുപത്രികളെ മിനിമം വേജസ് നോട്ടിഫിക്കേഷന്റെ ഭാഗമായി തയ്യാറാക്കിയ ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തില്‍  വിവിധ പരിശോധനകള്‍ക്കും ചികിത്സയ്ക്കും ഏകീകൃത ഫീസ് ഏര്‍പ്പെടുത്തുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. സ്വകാര്യ ചികിത്സാ രംഗത്ത് പകല്‍ക്കൊള്ളയാണ് നടക്കുന്നത്. നഴ്‌സിംഗ് മേഖലയിലെ സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി എ ഐ വൈ എഫ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ ആശുപത്രികളിലെ ചികിത്സാനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കാനാണ്. ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ ജോബിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അപര്യാപ്തം: അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അപര്യാപ്തമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. മരുന്നുകളുടെ വിലയില്‍ സംസ്ഥാനത്ത് നടക്കുന്നത് വലിയ ചൂഷണമെന്നും മന്ത്രി. വകുപ്പു മന്ത്രിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയത് ശ്രദ്ധേയമായി. ഇന്നലെ കേരളാ ഹൈസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉരുണ്ടു കളിച്ചു. സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ വിഷയം സംബന്ധിച്ചും ഇതിനായി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് വന്നശേഷം നടപടിയെന്ന നിലപാടാണ് അടൂര്‍ പ്രകാശ് പുലര്‍ത്തിയത്.

മരുന്നു വിലയില്‍ സംസ്ഥാനത്ത് നടക്കുന്ന ചൂഷണം തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഒതുങ്ങും. സര്‍ക്കാര്‍ കൊണ്ടുവരുന്ന ന്യായവില മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം തിരുവനന്തപുരം ജില്ലയ്ക്ക് മുഴുവന്‍ പ്രയോജനം ലഭിക്കില്ല. പേരിനായി സര്‍ക്കാര്‍ നടത്തുന്ന നീക്കം മദ്ധ്യ തിരുവിതാംകൂറിലും മലബാര്‍ മേഖലയിലും യാതൊരു ചലനവും സൃഷ്ടിക്കില്ലെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. മരുന്നു വ്യാപാര രംഗത്തെ ലാഭം ഏതാണ്ട് മുപ്പത് ശതമാനത്തോളമാണ്.

ഇത് ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകളുടെ കാര്യത്തിലാണ്. അതേസമയം ബ്രാന്‍ഡഡ് അല്ലാത്ത കമ്പനികളുടെ വില്‍പ്പന ലാഭം ഇരട്ടിയിലധികമാണ്. ഇവരെ ആര് നിയന്ത്രിക്കും എന്നകാര്യത്തില്‍ വകുപ്പ് മന്ത്രിക്കും കൃത്യമായ ഉത്തരമില്ല.  

ശബരിമലയില്‍ മെഡിക്കല്‍ കോളജടക്കം 301 കോടി രൂപയുടെ പുന:ക്രമീകരിച്ച ശബരിമല മാസ്റ്റര്‍ പ്ലാന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് കേന്ദ്രത്തിനു സമര്‍പ്പിച്ചു. ആലപ്പുഴയില്‍ പഞ്ചകര്‍മ ആശുപത്രിക്കും ഗവേഷണ പരിശീലന കേന്ദ്രത്തിനും അഞ്ചു കോടി രൂപ കേന്ദ്ര സഹായം ലഭിച്ചു. ആലപ്പുഴയില്‍ ഫെബ്രുവരിയില്‍ ആലപ്പുഴയില്‍  നടക്കുന്ന കയര്‍ ഫെയ്സ്റ്റിന് വ്യവസായ വാണിജ്യ മന്ത്രാലയം ഒരു കോടി രൂപയും അനുവദിച്ചതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

janayugom 070112

1 comment:

  1. നഴ്‌സിംഗ് മേഖലയില്‍ നടക്കുന്ന തൊഴില്‍ചൂഷണത്തിനും മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കുമെതിരെ എഐവൈഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 13ന് ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലവകാശം സംരക്ഷിക്കാന്‍ യുവജനധര്‍ണ സംഘടിപ്പിക്കും. മനുഷ്യത്വരഹിതമായ ഇടപെടലാണ് നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ നടത്തുന്നത്. മിനിമം കൂലിയോ പി എഫ് ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. എട്ടു മണിക്കൂര്‍ ജോലി എന്ന ലോകം അംഗീകരിച്ച തത്വം ലംഘിച്ച് 10 മുതല്‍ 16 മണിക്കൂര്‍വരെ തൊഴില്‍ ചെയ്യേണ്ട അവസ്ഥയാണ് നഴ്‌സുമാര്‍ക്കുള്ളത്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പിരിച്ചുവിട്ടും ശാരീരികവും മാനസികവുമായി ആക്രമിച്ചും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദവുമുണ്ടെന്ന് രാജന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടുപോവാനാണ് ഭാവമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ എ ഐ വൈ എഫ് നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete