Thursday, January 5, 2012

ന്യുനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ തകൃതി

സംവരണാനുകൂല്യങ്ങള്‍ നാളിതുവരെ നിഷേധിക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പട്ടികജാതി--വര്‍ഗ്ഗ, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് പിടിക്കാന്‍ കേന്ദ്രം കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. ഇതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ നികത്തപ്പെടാനുള്ള എസ് സി-എസ് ടി, ഒ ബി സി ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ഒ ബി സി ക്വാട്ടയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 4.5 ശതമാനം പ്രത്യേക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര മന്ത്രി സഭയുടെ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍വീസില്‍ നികത്തപ്പെടാതെ കിടക്കുന്ന എസ് സി-എസ് ടി, ഒ ബി സി ഒഴിവുകള്‍ നികത്തിയാല്‍ 50,000 പേര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പകളെല്ലാം പൂര്‍ത്തിയായ ശേഷമേ സാധിക്കുകയുള്ളു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ദളിത്, എസ് സി, എസ് ടി, ഒ ബി സി, പിന്നാക്ക, മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശിലും, പഞ്ചാബിലും വന്‍ തോതിലുള്ള ദളിത്, മുസ്‌ലിം ജനവിഭാഗങ്ങളുടെ വോട്ട് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ കേന്ദ്ര ഭരണപക്ഷം ലക്ഷ്യം വയ്ക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങലിലെ സ്വന്തം പാര്‍ട്ടി ഘടകങ്ങള്‍ക്ക് വോട്ട് നേടുന്നതിനായി ചില ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന വിധത്തിലുള്ള കേന്ദ്ര മന്ത്രിസഭാ  തീരുമാനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

janayugom 050112

1 comment:

  1. സംവരണാനുകൂല്യങ്ങള്‍ നാളിതുവരെ നിഷേധിക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പട്ടികജാതി--വര്‍ഗ്ഗ, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് പിടിക്കാന്‍ കേന്ദ്രം കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. ഇതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ നികത്തപ്പെടാനുള്ള എസ് സി-എസ് ടി, ഒ ബി സി ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

    ReplyDelete