Monday, January 2, 2012

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് സമീപിക്കവേ, പിറവം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സര്‍ക്കാര്‍ചെലവില്‍ പ്രചാരണപരിപാടി. സര്‍ക്കാരിന്റെ ഔദ്യോഗിക സമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന് ക്ഷണവും അദ്ദേഹത്തിന്റെ പ്രസംഗവും. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മുന്‍ എംഎല്‍എയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ സഹായമുണ്ടായ സംരംഭങ്ങളില്‍പ്പോലും അദ്ദേഹത്തിനു ക്ഷണമില്ല.

വളരെ ചെറിയ ഒരു പാര്‍ടിയുടെ നാമമാത്രമായ യുവജനസംഘടനയുടെ നേതാവാണ് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്. അധികം ഭാരമില്ലാത്ത ഈ സംഘടനയുടെ ഭാരവാഹിത്വംമാത്രമാണ് അദ്ദേഹം അലങ്കരിക്കുന്ന ഏക പദവി. സര്‍ക്കാര്‍തലത്തില്‍ സ്ഥാനമാനങ്ങളൊന്നും നാളിതുവരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ മറ്റു മാര്‍ഗമില്ലാതെ, യൂത്ത്ഫ്രണ്ട് പ്രസിഡന്റ് എന്ന പദവി അറിയിച്ചുതന്നെയാണ് സര്‍ക്കാര്‍ സമ്മേളന കാര്യപരിപാടിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും. യുവജനസംഘടനാ ഭാരവാഹികളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെങ്കില്‍ ഏറ്റവും ചെറിയ സംഘടനയുടെ ഭാരവാഹിയെമാത്രം പരിഗണിക്കുന്നത് തെറ്റല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഞായറാഴ്ച കുടുംബശ്രീ ബോധവല്‍ക്കരണയോഗത്തിലും മന്ത്രി കെ സി ജോസഫിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രഭാഷകന്‍ . പിറവം മണ്ഡലത്തില്‍മാത്രം ബോധവല്‍ക്കരണബോധോദയം പൊടുന്നനെ ഉണ്ടായതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ അത്ഭുതം ഇല്ലാതില്ല.

ജനുവരി മൂന്നിന് പിറവത്ത് മൈത്രി പദ്ധതിക്കു നല്‍കിയിരുന്ന രേഖകള്‍ തിരിച്ചുനല്‍കുന്ന സര്‍ക്കാര്‍സമ്മേളനം. മന്ത്രിമാരായ കെ എം മാണി, കെ ബാബു, കെ സി ജോസഫ് എന്നിവര്‍ പങ്കെടുക്കുന്നു. ഉത്സവഛായക്ക് വാരിക്കോരി ചെലവാക്കി സംസ്ഥാനത്ത് ഈ മണ്ഡലത്തില്‍മാത്രം സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ടുപിടിക്കാന്‍ പ്രസംഗപരിപാടിയുണ്ട്. രാമമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കണ്ടുപിടിച്ചത് തൂക്കുപാലത്തിന്റെ ശിലാസ്ഥാപനമായിരുന്നു.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍സംവിധാനം പിറവത്തേക്ക് ഉരുണ്ടുതുടങ്ങിക്കഴിഞ്ഞു. അതിന്റെ മുരള്‍ച്ചയാണ് ഈ സമ്മേളനപരിപാടികള്‍ . വാഗ്ദാനങ്ങള്‍ , പ്രലോഭനങ്ങള്‍ എന്നിവ വാരിവിതറാന്‍ മന്ത്രിമാര്‍തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവിടെ നിരന്തരമായി നടക്കുന്ന സര്‍ക്കാര്‍ പരിപാടികളുടെ പേരുപറഞ്ഞ് മന്ത്രിമാര്‍ മണ്ഡലത്തില്‍ തമ്പടിക്കുന്നത് ഭരണസംവിധാന ദുരുപയോഗത്തിനു ചുക്കാന്‍പിടിക്കാന്‍തന്നെയെന്നു വെളിപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലാണ് ഈ വക്രപരിപാടിയുടെ സാമ്പിള്‍വെടിക്കെട്ട് അരങ്ങേറിയത്. സര്‍ക്കാര്‍പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു നല്‍കിവരുന്ന അനര്‍ഹ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച പിറവത്ത് പ്രകടനവും പൊതുയോഗവും നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി എസ് മോഹനന്‍ അറിയിച്ചു. യുഡിഎഫിനു ജയിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുമെന്നതിന്റെ ആദ്യഘട്ടമാണ് മണ്ഡലത്തില്‍ തുടങ്ങിയിരിക്കുന്നത്. ഇത് അവസാനിപ്പിക്കണം. ഔദ്യോഗികകാര്യങ്ങള്‍ നിഷ്പക്ഷതയോടെ നടക്കണം. ഈ അതിര്‍വരമ്പ് സര്‍ക്കാര്‍ ലംഘിക്കുന്നത് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനു തടസ്സമാകുമെന്നും പി എസ് മോഹനന്‍ ദേശാഭിമാനിയോടു പറഞ്ഞു.

പിറവത്ത് വായ്പ എഴുതിത്തള്ളല്‍ : ചടങ്ങ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍

കൊച്ചി: മൈത്രി ഭവനവായ്പ എഴുതിത്തള്ളുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പിറവത്തു നടത്താനുള്ള തീരുമാനം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ജോസ്തെറ്റയില്‍ എംഎല്‍എ. തെരഞ്ഞെടുപ്പുചട്ടങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയാണെന്നും ജോസ് തെറ്റയില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ പരിപാടി നേരത്തെ ജില്ലാ ആസ്ഥാനത്തു നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ഇപ്പോള്‍ പിറവത്തു നടത്താന്‍പോകുന്നത് രാഷ്ട്രീയമുതലെടുപ്പിനുവേണ്ടിമാത്രമാണ്. മൈത്രി ഭവനവായ്പ എഴുതിത്തള്ളുന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കഴിഞ്ഞു. പക്ഷേ, പ്രാവര്‍ത്തികമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിറവത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ഉദ്ഘാടനം വോട്ട്രാഷ്ട്രീയം ലക്ഷ്യമാക്കിമാത്രമാണ്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഈ പദ്ധതിയുടെ പേരില്‍ വോട്ടര്‍മാരെ കബളിപ്പിക്കുന്ന പരിപാടി അവസാനിപ്പിച്ച് മൈത്രി ഭവനവായ്പയെടുത്ത് കഷ്ടപ്പെടുന്ന സാധാരണജനങ്ങള്‍ക്ക് വായ്പ എഴുതിത്തള്ളി ആശ്വാസം നല്‍കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു.

deshabhimani

2 comments:

  1. ഉപതെരഞ്ഞെടുപ്പ് സമീപിക്കവേ, പിറവം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സര്‍ക്കാര്‍ചെലവില്‍ പ്രചാരണപരിപാടി. സര്‍ക്കാരിന്റെ ഔദ്യോഗിക സമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന് ക്ഷണവും അദ്ദേഹത്തിന്റെ പ്രസംഗവും. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മുന്‍ എംഎല്‍എയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ സഹായമുണ്ടായ സംരംഭങ്ങളില്‍പ്പോലും അദ്ദേഹത്തിനു ക്ഷണമില്ല.

    ReplyDelete
  2. പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സര്‍ക്കാര്‍ ഭരണസംവിധാനം സ്പോണ്‍സര്‍ ചെയ്തിരിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അടിയന്തരമായി ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ വഴിവിട്ട ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം ജനങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെയായി പിറവം മണ്ഡലത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക സമ്മേളനങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ എന്ത് അടിസ്ഥാനത്തിലാണ് പങ്കെടുപ്പിക്കുന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണം. ഒരു ഔദ്യോഗികപദവിയും നാളിതുവരെ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഉണ്ടായിട്ടില്ല. കടലാസില്‍ ഒതുങ്ങുന്ന ഒരു യുവജനസംഘടനയുടെ പേരിലാണ് അദ്ദേഹത്തെ സര്‍ക്കാര്‍ പരിപാടികളിലെല്ലാം പങ്കെടുപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പങ്കെടുപ്പിക്കാനും വോട്ട് പിടിക്കാനുമാണ് സര്‍ക്കാര്‍ ചെലവില്‍ മണ്ഡലത്തിലാകെ പൊതുചടങ്ങുകള്‍ നടത്തുന്നതെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ ഭരണയന്ത്രമാകെ യുഡിഎഫിന് വോട്ട്പിടിക്കാന്‍ ദുരുപയോഗിക്കുന്ന ഈ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

    ReplyDelete