Monday, January 2, 2012

മുല്ലപ്പെരിയാര്‍ അപകടത്തെക്കാള്‍ വലിയ മലക്കം മറിച്ചില്‍

മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്റെ പൊടുന്നനെയുള്ള മലക്കംമറിച്ചിലിന്റെ ഞെട്ടലില്‍നിന്നും കേരള ജനതയും പ്രത്യേകിച്ച് ഹൈറേഞ്ച് നിവാസികളും ഇതേവരെ വിമുക്തമായിട്ടില്ല. എന്തെല്ലാം ദൃഡപ്രതിജ്ഞയായിരുന്നു മാലോകര്‍ കേട്ടത്. ബദല്‍ ഡാം നിര്‍മിക്കാതെ ഊണോ ഉറക്കമോ വിശ്രമമോ ഇല്ല, കേരള ജനതയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ തമിഴ്നാടിനെക്കൊണ്ട് "ക്ഷ" വരപ്പിക്കും, മുല്ലപ്പെരിയാര്‍ കൂട്ടായ്മ ഭരണവര്‍ഗത്തെ കല്ലെറിഞ്ഞ് താഴെ വീഴ്ത്തും, 40 ലക്ഷം ജനതയുടെ ജീവിതം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും ബലികൊടുക്കാന്‍ ഏതുനിമിഷവും തയ്യാര്‍ ... എന്തൊക്കെ വീരവാദങ്ങളാണ് സമരസമിതി ചെയര്‍മാന്‍ പ്രയോഗിച്ചത്. ഒടുവില്‍ സംഹാരത്തിനെത്തിയ പവനായി ഇതാ ശവമായി എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങളുടെ പോക്ക്. അഞ്ചക്കത്തിനുമേല്‍ ശമ്പളം വാങ്ങിയിരുന്നതിനൊടുവില്‍ ഔദ്യോഗിക മേഖലയില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ പരിസ്ഥിതി, പൊതുപ്രവര്‍ത്തനത്തില്‍ മുഴുകി നാടിന്റെയാകെ ആദരം നിര്‍ലോഭം ലഭിച്ചുവന്ന മുഹൂര്‍ത്തത്തിലാണ് നേതാവിന്റെ മനംമാറ്റം.

ബദല്‍ ഡാമിനുവേണ്ടി അഞ്ചാണ്ടിലേറെ സമരമുഖത്തുനിന്ന വിദ്വാന്റെ കീഴ്മേല്‍ മറിച്ചില്‍ പെട്ടെന്നാരും വിശ്വസിച്ചില്ല. ഭൂചലനശേഷം സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ നാടാകെ ചപ്പാത്തിലെ സമരപ്പന്തലിലേക്ക് ഒഴുകുകയായിരുന്നു. അവിടെയെത്തിയ കുടുംബശ്രീക്കാര്‍ , സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ , രാഷ്ട്രീയ നേതാക്കള്‍ , പരിസ്ഥിതി ഫോറങ്ങള്‍ , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ , ജീവനക്കാര്‍ , വ്യാപാരികള്‍ അങ്ങനെ സമൂഹത്തിന്റെ പരിഛേദമാകെ സമരകേന്ദ്രത്തിലെത്തി സമര സമിതി ചെയര്‍മാന് മാലയിട്ട്, വരവേറ്റ് പിന്തുണ അറിയിച്ചു. മരിക്കാന്‍ ഞങ്ങള്‍ ജനലക്ഷങ്ങളും ഉണ്ടാകുമെന്ന് ചെയര്‍മാനെ ആശ്ലേഷിച്ച് ഉറപ്പുനല്‍കി. ഇതെല്ലാം ഒരു മാസത്തിനുള്ളില്‍ നടന്നുവെന്നത് അമ്പരിപ്പോടെയാണ് മറ്റുള്ളവര്‍ കാണുന്നത്. ഒടുവില്‍ ചെയര്‍മാന്‍ ആരാ മോനെന്ന് കാണിച്ചുകൊടുക്കുകതന്നെ ചെയ്തു. പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പഞ്ഞമില്ലാത്ത പ്രൊഫസര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ അജണ്ടതന്നെ മുന്നോട്ടുവച്ചു. അഞ്ചാണ്ടിലേറെയായി ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം ബദല്‍ ഡാമെന്നത് പെരിയാറില്‍തന്നെ ഒഴുക്കി. പ്രശ്ന പരിഹാരത്തിന് മറ്റെന്തെല്ലാം പോംവഴികളാണുള്ളതെന്ന് ചാനലുകളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഇതിനിടെ ചില അന്തര്‍ നാടകങ്ങള്‍ നടന്നതായി ഒപ്പം സമരം ചെയ്യുന്ന പാവം സമരസമിതിക്കാര്‍ അടക്കം പറയുന്നുണ്ടെങ്കിലും പ്രൊഫസറെ സംശയിക്കേണ്ടതില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തിക്കാളി അതിര്‍ത്തി മേഖലയാകെ സംഘര്‍ഷാവസ്ഥയിലായി. മലയാളികളെ തമിഴ്നാട് വിലക്കിയിട്ടും അവിടുത്തെ ഉന്നതരുമായി ചര്‍ച്ച ചെയ്യാന്‍ പ്രൊഫസര്‍ പോയതും, ഏതാനും ചില മാധ്യമപ്രവര്‍ത്തകരും തമിഴ്നാട്ടിലെ കര്‍ഷക നേതാവും മധ്യസ്ഥത്തിന് ശ്രമിച്ചതും ഒരു ഘട്ടത്തില്‍ സമരനായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം തമിഴ്നാടിനെ വരുതിയിലാക്കിയിട്ടു മതി കേരള ജനതയോട് കാര്യങ്ങളറിയിക്കാമെന്ന സുന്ദര സുതാര്യ നിലപാടാണ് നേതാവ് സ്വീകരിച്ചത്. നാടിന്റെ നാനാ മേഖലയില്‍നിന്നെത്തിയ ചില പരിസ്ഥിതി പരിണിതപ്രജ്ഞരുടെ പ്രേരണയും ഇതിന് പിന്നിലുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും തമിഴ്നാട്ടിലെ ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയും ഉണ്ടാക്കിയ ധാരണയും നേതാവിന് ലഭിച്ച നേട്ടങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. സ്വന്തം നാട്ടിലെ ബന്ധുവിനെക്കാള്‍ അയല്‍നാട്ടിലെ ശത്രു നല്ലതെന്ന ബോധം ബോധേശ്വരനെക്കാള്‍ സാറിന് ബോധ്യപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. നേതാവിനെ പൂജിച്ചവരും മാലയിട്ടവരും പെരിയാറിന് താഴ്വാരത്തെ ഭീതിയുടെ മുഖങ്ങളും ഒടുവില്‍ വഞ്ചിതരും ഇളിഭ്യരുമായി. കല്ലുകൊണ്ടായാലും, കൊഴികൊണ്ടായാലും, പല്ലുപോയാല്‍ മതിയല്ലോ എന്ന സങ്കടമാണവര്‍ക്കുള്ളത്. നന്നായി പെന്‍ഷന്‍ കിട്ടുന്നുണ്ടെങ്കിലും റിട്ടയര്‍മെന്റ് ജീവിതം പൊതുജനങ്ങളുടെ നന്മയും ക്ഷേമവും സര്‍വോപരി സുരക്ഷയും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച് മുന്നേറാനുള്ള പ്രൊഫസറുടെ ശ്രമം ആരും തിരിച്ചറിഞ്ഞില്ല.

കാര്യങ്ങള്‍ ഇത്രയും ഗുരുതരാവസ്ഥയിലെത്തിയെങ്കിലും കാലം എന്നെ തെറ്റുകാരനല്ലെന്ന് വിധിക്കുമെന്ന് പറയുന്നു; അത് ശരിയാകാം, എന്നാല്‍ ഒറ്റുകാരനായി ജനം വിലയിരുത്തുമെന്നാണ് പെരിയാര്‍ തീരവാസികള്‍ ഉറക്കെ പറയുന്നത്. തെറ്റിധാരണയുടെ പേരില്‍ ചിലര്‍ ചെരുപ്പ് എറിഞ്ഞതേയുള്ളു. കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെപോലും പ്രതിഷേധക്കാര്‍ ചെരുപ്പേറ് നടത്തുന്നത് ഒരു ഫാഷനായിരിക്കുന്ന ഇക്കാലത്ത് ഇതെല്ലാം മറന്നേക്കൂ എന്നാണ് നേതാവിന്റെ പ്രതികരണം. പരിസ്ഥിതിയുടെയും ജനസേവനത്തിന്റെയും മേലങ്കിയുണ്ടെങ്കിലും മൗനത്തിന്റെയും പ്രവാസത്തിന്റെയും മൂടുപടത്തില്‍ കഴിയണമെന്നാണ് പുതുവത്സരത്തില്‍ ജ്യോതിഷ പടുക്കള്‍ പ്രവചിക്കുന്നത്. കാപട്യ ലോകത്തില്‍ ആത്മാര്‍ഥതയുള്ള ഹൃദയം ഉള്ളവര്‍ക്ക് ഇത്തരം അ നുഭവമുണ്ടാവുമെന്ന് ഈ സാഹചര്യത്തില്‍ ഓര്‍മിക്കാനാണ് നേരത്തെ കവികള്‍ കുറിച്ചിട്ടുള്ളത്. എന്നാലും അങ്ങാടിപശു ആലയില്‍ നില്‍ക്കുമോയെന്നാണ് ചപ്പാത്ത് നിവാസികളുടെ ചോദ്യം.

deshabhimani 020112

1 comment:

  1. മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്റെ പൊടുന്നനെയുള്ള മലക്കംമറിച്ചിലിന്റെ ഞെട്ടലില്‍നിന്നും കേരള ജനതയും പ്രത്യേകിച്ച് ഹൈറേഞ്ച് നിവാസികളും ഇതേവരെ വിമുക്തമായിട്ടില്ല. എന്തെല്ലാം ദൃഡപ്രതിജ്ഞയായിരുന്നു മാലോകര്‍ കേട്ടത്. ബദല്‍ ഡാം നിര്‍മിക്കാതെ ഊണോ ഉറക്കമോ വിശ്രമമോ ഇല്ല, കേരള ജനതയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ തമിഴ്നാടിനെക്കൊണ്ട് "ക്ഷ" വരപ്പിക്കും, മുല്ലപ്പെരിയാര്‍ കൂട്ടായ്മ ഭരണവര്‍ഗത്തെ കല്ലെറിഞ്ഞ് താഴെ വീഴ്ത്തും, 40 ലക്ഷം ജനതയുടെ ജീവിതം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും ബലികൊടുക്കാന്‍ ഏതുനിമിഷവും തയ്യാര്‍ ... എന്തൊക്കെ വീരവാദങ്ങളാണ് സമരസമിതി ചെയര്‍മാന്‍ പ്രയോഗിച്ചത്. ഒടുവില്‍ സംഹാരത്തിനെത്തിയ പവനായി ഇതാ ശവമായി എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങളുടെ പോക്ക്. അഞ്ചക്കത്തിനുമേല്‍ ശമ്പളം വാങ്ങിയിരുന്നതിനൊടുവില്‍ ഔദ്യോഗിക മേഖലയില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ പരിസ്ഥിതി, പൊതുപ്രവര്‍ത്തനത്തില്‍ മുഴുകി നാടിന്റെയാകെ ആദരം നിര്‍ലോഭം ലഭിച്ചുവന്ന മുഹൂര്‍ത്തത്തിലാണ് നേതാവിന്റെ മനംമാറ്റം.

    ReplyDelete