Monday, January 16, 2012

ഫ്യൂഷന്‍ വിസ്മയം തീര്‍ത്ത് "സുബ്രഹ്മണ്യ" കുടുംബം


ആഭേരി മോഹനരാഗങ്ങളുടെ സൗന്ദര്യം അച്ഛന്റെയും മകന്റെയും വയലിന്‍ തന്ത്രികളില്‍നിന്ന് ഒഴുകിയെത്തിയപ്പോള്‍ മല്‍ഹാര്‍ രാഗത്തിലൂടെ ശബ്ദം പകര്‍ന്ന് ഭാര്യയും.... വയലിന്‍ മാന്ത്രികന്‍ ഡോ. എല്‍ സുബ്രഹ്മണ്യവും ഭാര്യ പ്രശസ്ത ചലച്ചിത്രഗായിക കവിത കൃഷ്ണമൂര്‍ത്തിയും മകന്‍ അംബി സുബ്രഹ്മണ്യവുമാണ് രാഗതാളവിസ്മയമുണര്‍ത്തി സദസ്സിനെ കൈയിലെടുത്തത്. അനന്യമായ രാഗതാളവിസ്മയത്തിന് അനന്തപുരി സാക്ഷിയായപ്പോള്‍ ഹര്‍ഷാരവങ്ങളുമായി സദസ്സും ഒപ്പം ചേര്‍ന്നു. ജപ്പാനിലെ കോട്ടോ ഉപകരണവുമായി മിയാ മസോക്കയും ആഫ്രിക്കന്‍ ഉപകരണമായ കോറയുമായി സോളോ സിസോക്കയും അണിനിരന്നപ്പോള്‍ ആഗോള ഫ്യൂഷന്‍ സംഗീതത്തിന്റെ വേറിട്ട അനുഭവമായി. ലക്ഷ്മീനാരായണ ആഗോള സംഗീത ഉത്സവത്തിന്റെ ഭാഗമായി എ കെ ജി ഹാളില്‍ സ്വരലയ ഒരുക്കിയ സംഗീതസന്ധ്യയിലാണ് ഇവരുടെ ഫ്യൂഷന്‍ അരങ്ങേറിയത്.

മോഹനരാഗത്തില്‍ എല്‍ സുബ്രഹ്മണ്യം ഒരുക്കിയ "ജേര്‍ണി"യെന്ന രചനയില്‍ മകനും ഒത്തുചേര്‍ന്നു. മോഹനരാഗത്തിന്റെ മാസ്മരഭാവങ്ങള്‍ ഇരുവരും തന്ത്രികളില്‍ ഇതള്‍ വിടര്‍ത്തിയപ്പോള്‍ ഒപ്പം സദസ്സും ലയിച്ചു. പാലക്കാട് മണി അയ്യര്‍ക്ക് സമര്‍പ്പിച്ച ആഭേരി രാഗത്തിലെ രചനയും സംഗീതവിരുന്നിന് വൈവിധ്യമേകി. സ്വരങ്ങള്‍ അഞ്ച് ഗതികളിലായി പഞ്ചനാദത്തില്‍ മുഴങ്ങിയത് സദസ്സ് കൈയടിയോടെ വരവേറ്റു. ഇതോടൊപ്പം പക്കമേളക്കാരുടെ തനിയാവര്‍ത്തനവും ഫ്യൂഷന്‍ സംഗീതനിശയ്ക്ക് കൊഴുപ്പേകി. മല്‍ഹാര്‍ രാഗത്തിലുള്ള ബാദല്‍ ബര്‍സേ......എന്ന സിനിമാഗാനവും ഓം തില്ലൈ നടരാജ എന്ന തില്ലാനയും ആലപിച്ച് കവിത കൃഷ്ണമൂര്‍ത്തി വേദിയെ കീഴടക്കി. മകന്‍ അംബിയുമൊത്താണ്് കവിത കൃഷ്ണമൂര്‍ത്തി തില്ലാന ആലപിച്ചത്. ആഫ്രിക്കന്‍ , ജാപ്പനീസ്, ക്ലാസിക്കല്‍ ഉപകരണങ്ങള്‍ തീര്‍ത്ത ആഗോള ഫ്യൂഷനോടെയാണ് സംഗീതസന്ധ്യയ്ക്ക് തിരശ്ശീല വീണത്. ചടങ്ങ് ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം എ ബേബി, ടി ആര്‍ അജയന്‍ , ജി രാജ്മോഹന്‍ , ഇ എം നജീബ്, തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 160112

1 comment:

  1. ജപ്പാനിലെ കോട്ടോ ഉപകരണവുമായി മിയാ മസോക്കയും ആഫ്രിക്കന്‍ ഉപകരണമായ കോറയുമായി സോളോ സിസോക്കയും അണിനിരന്നപ്പോള്‍ ആഗോള ഫ്യൂഷന്‍ സംഗീതത്തിന്റെ വേറിട്ട അനുഭവമായി.

    ReplyDelete