Saturday, January 14, 2012

കരുത്തോടെ സിപിഐ എം

തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളുടെ ചുവന്നചരിത്രത്തില്‍ പുത്തനധ്യായം എഴുതിച്ചേര്‍ത്ത് സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനം ആവേശകരമായി സമാപിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളെല്ലാം അതിജീവിച്ച് പാര്‍ടിയുടെ കരുത്തും സംഘടനാമികവും ഒന്നിനൊന്നു തെളിഞ്ഞുനിന്ന സമ്മേളനമാണ് മൂന്നുദിവസമായി ആലപ്പുഴയില്‍ നടന്നത്. ജില്ലയില്‍ സിപിഐ എം തകരാന്‍ പോകുന്നുവെന്നും ജില്ലാസമ്മേളനം അതിനുവേദിയാകും എന്നുമാണ് മാധ്യമങ്ങള്‍ കുറേനാളുകളായി പ്രചരിപ്പിച്ചുവന്നത്. സിപിഐ എം ജില്ലാസമ്മേളനം ചേരുന്നത് ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാന്‍ മാത്രമാണ് എന്നായിരുന്നു മാധ്യമപ്രചാരണം. അഥവാ സിപിഐ എം ജില്ലാസമ്മേളനം അങ്ങനെയാകണമെന്ന് അവര്‍ ശഠിച്ചു. സമ്മേളനം കഴിഞ്ഞതോടെ അവര്‍ സ്വരം മാറ്റിയിരിക്കുന്നു. സിപിഐ എം ഇതാ തകരാന്‍ പോകുന്നു എന്നു പ്രചരിപ്പിച്ചവര്‍ സമ്മേളനം വിജയകരമായി പൂര്‍ത്തീകരിച്ചതു ബോധ്യപ്പെടാന്‍ കഴിയാതെ വിഷമവൃത്തത്തിലായി.

ജില്ലയെ പൊതുവെ ബാധിക്കുന്ന ജനകീയപ്രശ്നങ്ങളെയും വികസനപ്രശ്നങ്ങളെയും സംബന്ധിക്കുന്ന സമഗ്രവും ഗൗരവതരവുമായ ചര്‍ച്ചയ്ക്കു സമ്മേളനം വേദിയായി. ഇതു മറച്ചുവച്ച് നേതാക്കള്‍ക്കെതിരെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് പ്രചരിപ്പിക്കാനായി മാധ്യമങ്ങളുടെ ശ്രദ്ധ. മാധ്യമങ്ങളുടെ ഈ പ്രചാരണം കണ്ടാല്‍ സിപിഐ എം നേതാക്കള്‍ വിമര്‍ശനത്തിന് അതീതരാണ് എന്നു തോന്നും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാതത്ത്വങ്ങള്‍ അറിയാതെയാണ് ഇക്കൂട്ടരുടെ പ്രചാരണം. നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നാല്‍ തകര്‍ന്നുപോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നാണു മാധ്യമങ്ങള്‍ കരുതുന്നത്.

ബ്രാഞ്ചുതലം മുതലുള്ള വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജില്ലാസമ്മേളനത്തിലേക്കു എത്തിയത്. ജില്ലയിലെ 33,000 അംഗങ്ങളില്‍ 95 ശതമാനത്തിലേറെ അംഗങ്ങളും ബ്രാഞ്ചുസമ്മേളനങ്ങളില്‍ പങ്കെടുത്തു. അതിനുമുകളിലുള്ള ഓരോ സമ്മേളനങ്ങളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുത്തത്. ഈ സമ്മേളനങ്ങളിലാകെ അതതു പ്രദേശത്തെ സവിശേഷമായ വികസനപ്രക്രിയയ്ക്കു ആക്കം വര്‍ധിപ്പിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള സമഗ്രചര്‍ച്ച നടന്നു. അതിന്റെയടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും കൈകൊണ്ടു. ഇതിന്റെ ഉയര്‍ന്നരൂപമായിരുന്നു ജില്ലാസമ്മേളനം. മൂന്നുദിവസത്തെ സമ്മേളനം ജില്ലയുടെ വികസനകുതിപ്പിനുതകുന്ന ഭാവി പരിപാടികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും രൂപംനല്‍കിയാണ് പിരിഞ്ഞത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയുടെ വികസനത്തിനു നടപ്പാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും ശക്തമായ ബഹുജനപ്രക്ഷോഭത്തിനാണ് ജില്ലാസമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഈ ദിശയില്‍ ജില്ലയുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായകമായ ചുവടുവയ്പാണ് ജില്ലാസമ്മേളനം. സമ്മേളനത്തിനു സമാപനംകുറിച്ചു വ്യാഴാഴ്ച നടന്ന ചുവപ്പുസേനാ പരേഡും ബഹുജനറാലിയും സിപിഐ എം എന്ന പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ സിപിഐ എം തകരുകയല്ല, അടിക്കടി ശക്തിപ്പെടുകയാണ് എന്നു തെളിയിക്കുന്നതായിരുന്നു റാലി. രാഷ്ട്രീയ എതിരാളികള്‍പോലും ഇക്കാര്യം സമ്മതിക്കും. നാടിന്റെ ശോഭനമായ ഭാവി സിപിഐ എം ഉറപ്പാക്കുമെന്നും അതിനു പാര്‍ടി കൂടുതല്‍ ശക്തിപ്പെടണമെന്നും പൊതുസമൂഹം വലയിതോതില്‍ ആഗ്രഹിക്കുന്നു. മൂന്നുദിവസം നടന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ആവേശകരമായ ബാക്കിപത്രം ഇതാണ്.

അലിന്‍ഡ് ഏറ്റെടുക്കണം

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുത്ത അലിന്‍ഡ് സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അലൂമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കേരളം, ആന്ധ്രാ ഒറീസ എന്നീ സംസ്ഥാനങ്ങളിലായി ഏഴ് ഉല്‍പ്പാദനയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലെ പ്രധാന യൂണിറ്റായ മാന്നാറിലുള്ള സ്വിച്ച് ഗിയര്‍ ഡിവിഷനുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ 22 വര്‍ഷമായി പുനരുദ്ധാരണം കാത്തുകിടക്കുകയാണ്. 1989ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയെങ്കിലും മാനേജ്മെന്റ് നടത്തിയിരുന്ന സോമാനി ഗ്രൂപ്പിന്റെ കെടുകാര്യസ്ഥത ഇതിന് തടസമായി. കമ്പനിയുടെ ഏഴ് യൂണിറ്റുകളില്‍ മാന്നാര്‍ , സ്വിച്ച് ഗിയര്‍ ഡിവിഷനുള്‍പ്പെടെ നാല് യൂണിറ്റുകള്‍ മാത്രം നാമമാത്രമായി പ്രവര്‍ത്തിച്ചുവരുന്നതും ബാക്കി കുണ്ടറയിലെ കേബിള്‍ , സ്റ്റീല്‍പ്ലാന്‍്റ എന്നിവയുള്‍പ്പെടെ മൂന്ന് യൂണിറ്റുകള്‍ ഉല്‍പ്പാദനം സസ്പെന്‍ഡ് ചെയ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നു.

പുനരുദ്ധാരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബിഐഎഫ്ആര്‍ എന്ന ട്രിബ്യൂണലിന്റെ കീഴില്‍ പല പദ്ധതികളും ആവിഷ്ക്കരിച്ചുവെങ്കിലൂം പ്രമോട്ടറുടെ ഇടപെടല്‍മൂലം ഒന്നും നടന്നില്ല. 18 വര്‍ഷം പിന്നിട്ടപ്പോള്‍ 2007 ഫെബ്രുവരിയില്‍ ബിഐഎഫ്ആറിന്റെ അപ്പീല്‍ കോടതിയായ എഐഎഫ്ആര്‍ , കമ്പനിയുടെ പുനരുദ്ധാരണത്തിന് വേണ്ടി ആറുമാസ കാലയളവിനുള്ളില്‍ കമ്പനി പുനരുദ്ധരിക്കണമെന്ന് പ്രമോട്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് ഗവ. വിളിച്ചുകൂട്ടിയ തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും യോഗത്തില്‍ ആറുമാസത്തിനകം കമ്പനി പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രമോട്ടറായ സോമാനി സര്‍ക്കാരിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നാലുവര്‍ഷം കടന്നുപോയിട്ടും ഒരു പുനരുദ്ധാരണനടപടിയും പ്രമോട്ടര്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന്, എല്‍ഡിഎഫ് സര്‍ക്കാര്‍ 2010 ജൂണില്‍ ഓര്‍ഡിനന്‍സിലൂടെ അലിന്‍ഡ് കമ്പനികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റിന്റെ അനുമതിക്ക് സമര്‍പ്പിച്ചെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ മുമ്പില്‍ അലിന്‍ഡ് ഏറ്റെടുത്ത നടപടി തുടരണമെന്ന് തൊഴിലാളി സംഘടനകളും ബഹുജനപ്രസ്ഥാനങ്ങളും നിവേദനം നല്‍കി. എന്നാല്‍ നാളിതുവരെ സര്‍ക്കാര്‍ ഒരു തീരുമാനം കൈക്കൊണ്ടില്ല. അലിന്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

deshabhimani

1 comment:

  1. തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളുടെ ചുവന്നചരിത്രത്തില്‍ പുത്തനധ്യായം എഴുതിച്ചേര്‍ത്ത് സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനം ആവേശകരമായി സമാപിച്ചു. വലതുപക്ഷ മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളെല്ലാം അതിജീവിച്ച് പാര്‍ടിയുടെ കരുത്തും സംഘടനാമികവും ഒന്നിനൊന്നു തെളിഞ്ഞുനിന്ന സമ്മേളനമാണ് മൂന്നുദിവസമായി ആലപ്പുഴയില്‍ നടന്നത്. ജില്ലയില്‍ സിപിഐ എം തകരാന്‍ പോകുന്നുവെന്നും ജില്ലാസമ്മേളനം അതിനുവേദിയാകും എന്നുമാണ് മാധ്യമങ്ങള്‍ കുറേനാളുകളായി പ്രചരിപ്പിച്ചുവന്നത്. സിപിഐ എം ജില്ലാസമ്മേളനം ചേരുന്നത് ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാന്‍ മാത്രമാണ് എന്നായിരുന്നു മാധ്യമപ്രചാരണം. അഥവാ സിപിഐ എം ജില്ലാസമ്മേളനം അങ്ങനെയാകണമെന്ന് അവര്‍ ശഠിച്ചു. സമ്മേളനം കഴിഞ്ഞതോടെ അവര്‍ സ്വരം മാറ്റിയിരിക്കുന്നു. സിപിഐ എം ഇതാ തകരാന്‍ പോകുന്നു എന്നു പ്രചരിപ്പിച്ചവര്‍ സമ്മേളനം വിജയകരമായി പൂര്‍ത്തീകരിച്ചതു ബോധ്യപ്പെടാന്‍ കഴിയാതെ വിഷമവൃത്തത്തിലായി.

    ReplyDelete