Wednesday, January 4, 2012

കര്‍ഷകര്‍ക്ക് ഇരട്ടദ്രോഹം

വയനാട്ടിലടക്കം കേരളത്തിന്റെ പലയിടങ്ങളിലായി വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും കര്‍ഷക ആത്മഹത്യാനിവാരണപദ്ധതികള്‍ പ്രകാരമുള്ള അര്‍ഹതപ്പെട്ട സഹായധനം നേടിയെടുക്കാനും സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയമായി മേനി നടിക്കാന്‍വേണ്ടി കര്‍ഷക ആത്മഹത്യകളില്ല എന്ന പ്രതീതി സൃഷ്ടിക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ തീര്‍ത്തും ഇല്ലാതാക്കിയ എല്‍ഡിഎഫ് ഭരണം മാറി യുഡിഎഫ് ഭരണം വന്നിട്ട് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ആശങ്കാജനകമാംവിധം തിരിച്ചുവന്നിരിക്കുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് രാഷ്ട്രീയമായി നല്ലതല്ലെന്ന് യുഡിഎഫ് കരുതുന്നതിനാല്‍ വയനാട്ടിലും മറ്റും ഇപ്പോള്‍ ഉണ്ടാകുന്നത് കര്‍ഷക ആത്മഹത്യകളല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ക്കായി ലഭിക്കാനിടയുള്ള സഹായംകൂടി ഇല്ലാതാക്കാനാണ് ഇത് ഇടയാക്കുക.

ഒരുവശത്ത് കേന്ദ്രസഹായം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ , സ്വന്തംനിലയ്ക്ക് കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകുന്നുണ്ടോ, അതുമില്ല. ഇങ്ങനെ രണ്ടുവിധത്തില്‍ കര്‍ഷകരെ ഞെരുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . എല്‍ഡിഎഫ് ഭരിച്ച കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍തന്നെ കോടതി മുമ്പാകെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ , ഭരണം മാറി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ആത്മഹത്യാപരമ്പരകള്‍ കാര്‍ഷികമേഖലയില്‍ തുടരുന്ന സ്ഥിതിയായി. 2011 നവംബറില്‍ മാത്രമായി കേരളത്തില്‍ 17 കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഇതില്‍ എട്ടും വയനാട്ടിലാണ്. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഇതേപോലെയല്ലെങ്കിലും കര്‍ഷക ആത്മഹത്യകളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ അവസ്ഥ സൃഷ്ടിച്ചതില്‍ യുഡിഎഫ് മന്ത്രിസഭയ്ക്കും അതിനെ നയിക്കുന്ന കോണ്‍ഗ്രസിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുള്ള പങ്ക് ചെറുതല്ല. കാര്‍ഷിക കടാശ്വാസ നിയമം, കടാശ്വാസ കമീഷന്‍ തുടങ്ങിയ നടപടികളിലൂടെയാണ് യുഡിഎഫ് കാലത്തുണ്ടായിരുന്ന ആത്മഹത്യാപരമ്പര എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം കാര്‍ഷികരംഗത്ത് 1400 പേര്‍ ആത്മഹത്യചെയ്തിരുന്നു. എന്നാല്‍ , എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനഘട്ടമായപ്പോള്‍ കര്‍ഷക ആത്മഹത്യ തീര്‍ത്തും ഇല്ലാതായി. ഭാവനാപൂര്‍ണമായ ഇടപെടലുകളിലൂടെയാണ് ഇത് സാധിച്ചത്. എന്നാല്‍ , യുഡിഎഫ് ഭരണമാകട്ടെ, അത്തരം ഇടപെടലുകളൊന്നും നടത്താതായി. കര്‍ഷക രക്ഷാനടപടികളെല്ലാം മരവിക്കുന്ന സ്ഥിതിയാണ് ഇതേത്തുടര്‍ന്നുണ്ടായത്. കടാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി; കര്‍ഷകര്‍ നിരാലംബരായി. തുടരെ ആത്മഹത്യാറിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍പ്പോലും കാര്‍ഷിക കടങ്ങള്‍ക്ക് ഒരുവര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനല്ലാതെ, കടം എഴുതിത്തള്ളാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ഒരുവര്‍ഷം കഴിഞ്ഞാല്‍ കുടിശ്ശികയും പലിശയുമടക്കം ഭീമമായ തുക കര്‍ഷകന്‍ നല്‍കേണ്ടിവരുമെന്ന അവസ്ഥ. വിളനാശംകൊണ്ടും കടക്കെണികൊണ്ടും വലഞ്ഞ കര്‍ഷകന് സര്‍ക്കാര്‍ പ്രഖ്യാപനം ആശങ്കകളല്ലാതെ ആശ്വാസം നല്‍കിയില്ലെന്നര്‍ഥം. ഒരുവര്‍ഷം കഴിഞ്ഞ് ഭീമമായ തുക എങ്ങനെ അടയ്ക്കുമെന്ന ചിന്ത കര്‍ഷകരുടെ മനസ്സിനെ അസ്വസ്ഥമാക്കി. അതുകൊണ്ടുതന്നെ ആത്മഹത്യാപ്രവണത ശക്തിപ്പെട്ടു.

അഡീഷണല്‍ ചീഫ് സെക്രട്ടറി വയനാട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ സമഗ്രമായി പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. പന്ത്രണ്ടിന പരിപാടി പ്രഖ്യാപിച്ചു. എന്നാല്‍ , ഒരു പരിപാടിയും നടപ്പായില്ല. പാട്ടക്കൃഷിക്കാരെ കൃഷിക്കാരായി സര്‍ക്കാര്‍ കണ്ടില്ല. ബാങ്ക് വായ്പകള്‍മൂലമുണ്ടായ പ്രശ്നം പരിഹരിക്കാന്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ചനടത്തി ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരു ശുഷ്കാന്തിയും കാട്ടിയില്ല. കൃഷിവായ്പയുടെ 95 ശതമാനവും ബാങ്ക്-സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ആ വഴിക്ക് എന്തെങ്കിലും ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍കൊണ്ടേ കഴിയുമായിരുന്നുള്ളൂ; അതുണ്ടായില്ല. വിളനശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനോ, ന്യായയുക്തമായ രീതിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനോ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് ഉല്‍പ്പാദകന് ന്യായവില കിട്ടുന്ന സാഹചര്യം ഉറപ്പാക്കാനോ ഒന്നും യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. മൂന്നുവര്‍ഷംകൊണ്ട് കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് 13 ലക്ഷം കോടി രൂപയുടെ ഇളവുകള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ മറുവശത്ത് കൃഷിക്കാരെ തുടരെ ദുരിതത്തിലാഴ്ത്തുന്ന നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെയൊക്കെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഈ വര്‍ധനയുടെ ആഘാതത്തെ തെല്ലെങ്കിലും ലഘൂകരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷികമേഖലയെ മുന്‍ഗണനാമേഖലയായി കണ്ട് വായ്പ അനുവദിക്കുന്ന രീതി നടപ്പാക്കിയെടുക്കാന്‍ ഇടപെട്ടില്ല. കാര്‍ഷികവായ്പയ്ക്ക് നാലുശതമാനം പലിശയേ ഈടാക്കാവൂ എന്നാണ് ദേശീയ കാര്‍ഷിക കമീഷന്‍ 2006ല്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ , പത്തരശതമാനമായിരുന്നു പലിശ.

2011ല്‍ 14.25 ശതമാനംവരെയാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തിയ ഘട്ടങ്ങളുണ്ട്. ഇതിന്റെയൊക്കെ ആഘാതം കര്‍ഷകജനസാമാന്യത്തിന് താങ്ങാവുന്നതിലും അപ്പുറമായി. കര്‍ഷക ആത്മഹത്യകളുണ്ടായപ്പോള്‍ അതിനുത്തരവാദി ബാങ്കുകള്‍കൂടിയാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ബാങ്കുകളെക്കൊണ്ട് കടാശ്വാസമനുവദിപ്പിക്കാനും സര്‍ക്കാര്‍ ഇടപെട്ടില്ല. ഇത്തരം വീഴ്ചകള്‍കൊണ്ട് വൈഷമ്യത്തിലായ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിന്റെ തീവ്രത ബോധ്യപ്പെടുത്തി അടിയന്തരമായി കേന്ദ്രത്തെക്കൊണ്ട് സഹായധനം അനുവദിപ്പിക്കാനും ആശ്വാസനടപടികള്‍ പ്രഖ്യാപിക്കാനുമാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ , രാഷ്ട്രീയമായി മേനി നടിക്കാനായി കര്‍ഷക ആത്മഹത്യകളേ ഉണ്ടായിട്ടില്ലെന്ന് ചിത്രീകരിക്കാനുള്ള വ്യഗ്രതയാണിന്ന് കാണുന്നത്. ഇത് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസധനംപോലും ഇല്ലാതാക്കും. കാര്‍ഷികരംഗത്തെ ഗുരുതരാവസ്ഥ മുന്‍നിര്‍ത്തി കേന്ദ്രത്തില്‍നിന്ന് ലഭിക്കാന്‍ അര്‍ഹതപ്പെട്ട സഹായവും ഇല്ലാതാക്കും. അതുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് അടിയന്തരമായി തിരുത്തേണ്ടതുണ്ട്.

deshabhimani editorial 040112

1 comment:

  1. വയനാട്ടിലടക്കം കേരളത്തിന്റെ പലയിടങ്ങളിലായി വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും കര്‍ഷക ആത്മഹത്യാനിവാരണപദ്ധതികള്‍ പ്രകാരമുള്ള അര്‍ഹതപ്പെട്ട സഹായധനം നേടിയെടുക്കാനും സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയമായി മേനി നടിക്കാന്‍വേണ്ടി കര്‍ഷക ആത്മഹത്യകളില്ല എന്ന പ്രതീതി സൃഷ്ടിക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ തീര്‍ത്തും ഇല്ലാതാക്കിയ എല്‍ഡിഎഫ് ഭരണം മാറി യുഡിഎഫ് ഭരണം വന്നിട്ട് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ആശങ്കാജനകമാംവിധം തിരിച്ചുവന്നിരിക്കുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് രാഷ്ട്രീയമായി നല്ലതല്ലെന്ന് യുഡിഎഫ് കരുതുന്നതിനാല്‍ വയനാട്ടിലും മറ്റും ഇപ്പോള്‍ ഉണ്ടാകുന്നത് കര്‍ഷക ആത്മഹത്യകളല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ക്കായി ലഭിക്കാനിടയുള്ള സഹായംകൂടി ഇല്ലാതാക്കാനാണ് ഇത് ഇടയാക്കുക.

    ReplyDelete