Monday, February 20, 2012

ഇറ്റാലിയന്‍ കപ്പലിലെ 2 നാവികര്‍ അറസ്റ്റില്‍

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവികസേനാംഗങ്ങളെ അറസ്റ്റ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റനെ കസ്റ്റഡിയില്‍ എടുത്തു. നാവികസേനാംഗങ്ങളായ ലസ്റ്റോറെ മാസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് എറണാകുളം റേഞ്ച് ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ചെയ്തത് നീണ്ടകരയിലായതിനാല്‍ തിങ്കളാഴ്ച ഇവരെ കൊല്ലം പൊലീസിനു കൈമാറും. നീണ്ടകര പൊലീസ്സ്റ്റേഷന്‍ പരിധിയില്‍വരുന്ന കൊല്ലം സിജെഎം കോടതിയില്‍ ഇവരെ ഹാജരാക്കും. ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിയെ വിശദമായി ചോദ്യംചെയ്യുമെന്നും സംഭവത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഐജി പറഞ്ഞു. അറസ്റ്റിലായ നാവികസേനാംഗങ്ങള്‍ ഡെപ്യൂട്ടേഷനിലാണ് കപ്പലില്‍ ജോലിക്കെത്തിയത്. മൊത്തം ആറ് നാവികസേനാ ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ട്. കപ്പല്‍ ഉടന്‍ വിട്ടുകൊടുക്കില്ല. കപ്പലുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കളെക്കൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഇതനുസരിച്ച് നിശ്ചിത തുക കെട്ടിവച്ചാല്‍മാത്രമേ കപ്പലിന് രാജ്യം വിടാനാകൂ.

ഞായറാഴ്ച രാവിലെ എട്ടിന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാറും കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ സാം ക്രിസ്റ്റി ഡാനിയലും കൊച്ചി ഓയില്‍ ബര്‍ത്തില്‍ നങ്കൂരമിട്ട കപ്പലില്‍ എത്തി. പൊലീസ് ഫോറന്‍സിക് വിദഗ്ധരും ബാലിസ്റ്റിക് വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. കമീഷണര്‍മാരുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യംചെയ്തു. കപ്പലില്‍ 19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 24 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാരില്‍ ഒരാള്‍ തമിഴ്നാട്ടുകാരനാണ്. മലയാളികളില്ല. ഇറ്റലിക്കാരെ ചോദ്യംചെയ്യാന്‍ ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ , തുടര്‍നടപടിക്ക് ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും ക്യാപ്റ്റനും വിസമ്മതിച്ചു. ഇന്ത്യന്‍നിയമം ബാധകമാകില്ലെന്നും അന്താരാഷ്ട്രനിയമം അനുസരിച്ചേ നടപടി സ്വീകരിക്കാനാവൂ എന്നുമായിരുന്നു അവരുടെ നിലപാട്. സംഭവത്തില്‍ ഇറ്റലിയില്‍ കേസെടുത്തിട്ടുണ്ടെന്നും അതനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയമാകാമെന്നും ഇവര്‍ വാദിച്ചു. തുടര്‍നടപടികള്‍ക്ക് ഇറ്റാലിയന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കണമെന്നും പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നരയോടെ ഐജി കെ പത്മകുമാര്‍ കപ്പലിലെത്തി. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ അപ്പോഴും മുന്‍ നിലപാടില്‍ ത്തന്നെയായിരുന്നു. നടപടി സ്വീകരിക്കുമെന്നും മൂന്നുമണിക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ഐജി അന്ത്യശാസനം നല്‍കി. തുടര്‍ന്ന് 3.45ഓടെ അറസ്റ്റിന് ഔദ്യോഗിക തീരുമാനമുണ്ടായി. നാലരയോടെ രണ്ട് ഇറ്റാലിയന്‍ നാവികസേനാ ഉദ്യോഗസ്ഥരെയും ക്യാപ്റ്റനെയും താജ് ജെട്ടിയില്‍ എത്തിച്ചു. അവിടെനിന്ന് സിഐഎസ്എഫിന്റെ ഗസ്റ്റ്ഹൗസിലേക്കു കൊണ്ടുപോയി. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ഇവരെ പ്രാഥമിക ചോദ്യംചെയ്യലിനു വിധേയമാക്കി. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ട് പിന്നീട് പൊലീസിനു കൈമാറും. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ നയതന്ത്രപ്രശ്നമില്ലെന്നും ഇന്ത്യന്‍നിയമം കപ്പലിലുള്ളവര്‍ക്ക് ബാധകമാണെന്നും ഐജി കെ പത്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കൊല്ലം നീണ്ടകരയില്‍നിന്ന് പോയ സെന്റ് ആന്റണി എന്ന ബോട്ടിനു നേരെ പുറങ്കടലില്‍വച്ച് ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാസേന മുന്നറിയില്ലാതെ വെടിവെക്കുകയായിരുന്നു. വാലന്റൈന്‍ , സിങ്കു എന്നീ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു.

നാവികര്‍ക്കെതിരായ നടപടി ഇന്ത്യന്‍ നിയമപ്രകാരം

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ പേരില്‍ ഇന്ത്യന്‍ നിയമപ്രകാരംതന്നെയായിരിക്കും നടപടി സ്വീകരിക്കുകയെന്ന് ഐജി കെ പത്മകുമാര്‍ പറഞ്ഞു. 1996ലെ മാരിടൈം സോണ്‍ ആക്ട് അനുസരിച്ച് ഇതിനുള്ള അധികാരമുണ്ടെന്ന് ഐജി പറഞ്ഞു. വെടിവയ്ക്കുന്നതിനുമുമ്പ് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു എന്ന കപ്പല്‍ജീവനക്കാരുടെ വാദം ശരിയാണെന്നു തോന്നുന്നില്ലെന്നും ഐജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കപ്പലിലുള്ള ആയുധങ്ങള്‍ പരിശോധിച്ചിട്ടില്ല. ഇവ പരിശോധനയ്ക്കു വിധേയമാക്കും.

വെടിവയ്പുമായി ബന്ധമുള്ള എല്ലാ ജീവനക്കാരെയും കരയിലെത്തിക്കാന്‍ സൗകര്യംചെയ്തുതരിക, കപ്പലില്‍നിന്ന് ആവശ്യമായ രേഖകള്‍ നല്‍കുക, കപ്പലിലുള്ളവരുടെ വ്യക്തിപരമായ വിവരങ്ങളും മറ്റും കൈമാറുക, ആയുധങ്ങള്‍ കൈമാറുക, നാവികസേനാംഗങ്ങള്‍ അടക്കമുള്ള ജീവനക്കാരെ ചോദ്യംചെയ്യാന്‍ സൗകര്യം ചെയ്തുതരിക, ഫെബ്രുവരി 15ന് ഉച്ചമുതല്‍ കപ്പലില്‍നിന്നയച്ച സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സൗകര്യപ്പെടുത്തുക, മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗത്തിന് കപ്പല്‍ പരിശോധിക്കാന്‍ സൗകര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ കപ്പല്‍ അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ , ഇതിന് അനുകൂല പ്രതികരണം ഉണ്ടായില്ല. ബോട്ടിലുണ്ടായിരുന്നവര്‍ നല്‍കിയ സൂചനയാണ് ഇറ്റാലിയന്‍ നാവികരെ അറസ്റ്റ്ചെയ്യാന്‍ സഹായിച്ചത്. കപ്പല്‍ജീവനക്കാരുടെ ആക്രമണത്തിനിരയായ സെന്റ് ആന്റണീസ് ബോട്ടില്‍നിന്നുള്ളവര്‍ പൊലീസിനോടു പറഞ്ഞ കാര്യങ്ങളില്‍നിന്നാണ് വെടിവച്ചവരെ തിരിച്ചറിഞ്ഞതെന്ന് ഐജി കെ പത്മകുമാര്‍ പറഞ്ഞു. മരിച്ച മത്സ്യത്തൊഴിലാളികളുടെ നെറ്റിയിലും നെഞ്ചിലുമാണ് വെടിയേറ്റത്. ബോട്ടില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പലിലെ നാവികസേനാ ഉദ്യോഗസ്ഥര്‍ പരമ പുച്ഛത്തോടെയാണ് മത്സ്യത്തൊഴിലാളികളോട് പെരുമാറിയത്. അറസ്റ്റ്ചെയ്ത് കരയില്‍ കൊണ്ടുവന്നിട്ടും മറ്റൊരു രാജ്യത്താണ് തങ്ങള്‍ എത്തിയത് എന്ന രീതിയിലല്ല ഇവരുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു.

deshabhimani 200212

1 comment:

  1. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവികസേനാംഗങ്ങളെ അറസ്റ്റ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റനെ കസ്റ്റഡിയില്‍ എടുത്തു. നാവികസേനാംഗങ്ങളായ ലസ്റ്റോറെ മാസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് എറണാകുളം റേഞ്ച് ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ചെയ്തത് നീണ്ടകരയിലായതിനാല്‍ തിങ്കളാഴ്ച ഇവരെ കൊല്ലം പൊലീസിനു കൈമാറും.

    ReplyDelete