രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുന്നു. 2011-12 വര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തികവളര്‍ച്ച 6.9 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര സ്ഥിതിവിവര സംഘടനയുടെ (സിഎസ്ഒ) കണക്ക്. ഉല്‍പ്പന്നനിര്‍മാണം, കൃഷി, ഖനനം എന്നീ മേഖലകളിലുണ്ടായ ഇടിവാണ് വളര്‍ച്ചയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വളര്‍ച്ച 8.4 ശതമാനമായിരുന്നു. വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചത് കൃഷിയിലും അനുബന്ധ മേഖലകളിലുമാണ്. 2011-12 വര്‍ഷം കാര്‍ഷിക മേഖലയിലുണ്ടാകുന്ന വളര്‍ച്ച രണ്ടര ശതമാനം മാത്രമായിരിക്കും. 2010-11 വര്‍ഷത്തില്‍ ഏഴുശതമാനമായിരുന്നു കാര്‍ഷികമേഖലയിലെ വളര്‍ച്ച. ഉല്‍പ്പന്ന നിര്‍മാണമേഖലയിലെ വളര്‍ച്ച 3.9 ശതമാനമാണ്. മുന്‍ വര്‍ഷം 7.6 ശതമാനമായിരുന്നു വളര്‍ച്ച. ഖനനമേഖലയില്‍ 2.2 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. മുന്‍ വര്‍ഷം അഞ്ച് ശതമാനമായിരുന്നു ഈമേഖലയില്‍ വളര്‍ച്ച. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലാണ് വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചത്. 2011 ഏപ്രില്‍ -സെപ്തംബര്‍ കാലയളവില്‍ 7.3 ശതമാനമായിരുന്നു വളര്‍ച്ച. കൃഷി, നിര്‍മാണ, ഖനന മേഖലകള്‍ക്കു പുറമെ കെട്ടിടനിര്‍മാണത്തിലും ഇടിവ് സംവിച്ചു. ഈ മേഖലയില്‍ 2011-12 വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച 4.8 ശതമാനമാണ്. കഴിഞ്ഞ വര്‍ഷമിത് എട്ടുശതമാനമായിരുന്നു. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ്, ബിസിനസ് സേവന മേഖലകളുടെ വളര്‍ച്ച 9.1 ശതമാനമായിരിക്കും. മുന്‍വര്‍ഷം 10.4 ശതമാനമായിരുന്നു വളര്‍ച്ച. വ്യാപാരം, ഹോട്ടല്‍ , ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ മുന്‍വര്‍ഷത്തെ അതേ തോതിലാണ് വളര്‍ച്ച.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ബജറ്റിനു മുന്നോടിയായി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 2011-12 വര്‍ഷത്തില്‍ ഒമ്പതു ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ , അര്‍ധവാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ പ്രതീക്ഷിത വളര്‍ച്ച ഏഴര ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞമാസം റിസര്‍വ് ബാങ്ക് നാണ്യനയ അവലോകനത്തില്‍ ജിഡിപി വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചത്. സിഎസ്ഒ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിത വളര്‍ച്ച വീണ്ടും താഴ്ന്നു. 6.9 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ പറഞ്ഞു. ഏഴ് ശതമാനം വളര്‍ച്ചയാണ് കമീഷന്‍ പ്രതീക്ഷിക്കുന്നത്. ആദ്യ പകുതിയില്‍ 7.3 ശതമാനവും മൂന്നാം പാദത്തില്‍ 6.9 ശതമാനവും വളര്‍ച്ച സാധ്യമായാല്‍ ഏഴു ശതമാനം നിരക്കില്‍ എത്താനാകും- അലുവാലിയ പറഞ്ഞു.
കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷവും 8.4 ശതമാനമായിരുന്നു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച. ആഗോള സാമ്പത്തികമാന്ദ്യമാണ് ഒമ്പതു ശതമാനം വളര്‍ച്ച സാധ്യമാകാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത്. നടപ്പുവര്‍ഷം സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഒമ്പത് ശതമാനം വളര്‍ച്ച സാധ്യമാകുമെന്നുമാണ് യുപിഎ നേതൃത്വവും ആസൂത്രണ കമീഷനും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ , സമ്പദ്വ്യവസ്ഥ അത്ര ഭദ്രമല്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎസ്ഒയുടെ കണക്ക്.
(എം പ്രശാന്ത്)
കാര്‍ഷികവായ്പ പലിശ 3 ശതമാനമാക്കാന്‍ ശുപാര്‍ശ
വരുന്ന സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റില്‍ ഹ്രസ്വകാല കാര്‍ഷികവായ്പയുടെ പലിശ മൂന്ന് ശതമാനമാക്കണമെന്ന് കൃഷിമന്ത്രാലയം നിര്‍ദേശിച്ചു. മൂന്നുലക്ഷംവരെയുള്ള ഹ്രസ്വകാല വായ്പകള്‍ കൃത്യമായി അടയ്ക്കുന്ന കര്‍ഷകര്‍ക്ക് ഒരു ശതമാനം സബ്സിഡി നല്‍കണമെന്നാണ് നിര്‍ദേശം. നിലവില്‍ നാല് ശതമാനമാണ് പലിശ. മറ്റുള്ള കാര്‍ഷികവായ്പകള്‍ക്ക് പലിശ ഏഴ് ശതമാനമാണ്. പലിശനിരക്ക് കുറഞ്ഞ വായ്പകള്‍ ഭക്ഷ്യ ധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കാര്‍ഷികരംഗത്തെ വിദഗ്ധര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം കാര്‍ഷികബാങ്കുകളില്‍നിന്നും മറ്റ് ധനസ്ഥാപനങ്ങളില്‍നിന്നും കാര്‍ഷികരംഗത്തേക്കുള്ള വായ്പാലക്ഷ്യം നിലവിലുള്ള 4,75,000 കോടിയായി നിലനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 16നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
deshabhimani 080212
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുന്നു. 2011-12 വര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തികവളര്‍ച്ച 6.9 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര സ്ഥിതിവിവര സംഘടനയുടെ (സിഎസ്ഒ) കണക്ക്. ഉല്‍പ്പന്നനിര്‍മാണം, കൃഷി, ഖനനം എന്നീ മേഖലകളിലുണ്ടായ ഇടിവാണ് വളര്‍ച്ചയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വളര്‍ച്ച 8.4 ശതമാനമായിരുന്നു. വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചത് കൃഷിയിലും അനുബന്ധ മേഖലകളിലുമാണ്.
ReplyDelete