ന്യൂഡല്‍ഹി: ദേശീയ ഭീകരതാവിരുദ്ധ കേന്ദ്രം (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ - എന്‍ സി ടി സി) രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സി പി ഐ എതിര്‍ത്തു.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്കും ഭരണഘടനയുടെ അന്തസത്തക്കും എതിരാണെന്നതിനാലും സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നതിനാലും നിരവധി മുഖ്യമന്ത്രിമാര്‍ തീരുമാനത്തെ ന്യായമായും എതിര്‍ത്തിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ സി പി ഐ കേന്ദ്രസെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ശരിയായ ചര്‍ച്ചയോ സംവാദമോ കൂടാതെ തികച്ചും സ്വേഛാധിപത്യപരമായ രീതിയിലാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം പെരുമാറിയത്. കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍കൂടിയായതിനാല്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതാവശ്യമാണ്.
ഭീകരതക്കെതിരായ പോരാട്ടത്തിന് മെച്ചപ്പെട്ട ഏകോപനം എന്ന നിലയിലാണ് എന്‍ സി ടിസിക്ക് രൂപം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ വിശദീകരണം സി പി ഐ നിരാകരിച്ചു. എന്‍ സി ടി സി ക്ക് വിപുലമായ അധികാരങ്ങള്‍ ലഭിക്കുന്ന ഒരു സ്ഥിതിയുണ്ടാകുമെന്നതിനാലാണ് അത് സ്വീകാര്യമല്ലാത്തത്. അതില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടും എന്ന വിപത്തുമുണ്ട്.
സമീപകാലത്തായി, ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം ഉയര്‍ത്തിക്കാട്ടി, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഒരു പ്രവണത കേന്ദ്രത്തില്‍ വളര്‍ന്നുവരുന്നു. ഇത് സംഘര്‍ഷങ്ങളും അനാരോഗ്യകരമായ അന്തരീക്ഷവും സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുകയും ചെയ്യും. അത്തരം പ്രവണതയെ സി പി ഐ ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കുന്നതിനായി അണിനിരക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും പാര്‍ട്ടി ആഹ്വാനം ചെയ്തു.
ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ 9 മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം(എന്‍സിടിസി) തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒന്‍പത് മുഖ്യമന്ത്രിമാര്‍ രംഗത്ത്. യുപിഎ ഗവണ്‍മെന്റിലെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാകും ഭീകരവിരുദ്ധ കേന്ദ്രമെന്ന് കുറ്റപ്പെടുത്തി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപ കാര്യത്തിലും മമത ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു.
1967ലെ നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തിലെ 43എ വകുപ്പുപ്രകാരം ഭീകരവിരുദ്ധ കേന്ദ്രത്തിന് നല്‍കിയിട്ടുള്ള അധികാരങ്ങളാണ് സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണം. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടാതെ ഭീകരവിരുദ്ധ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങളില്‍ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ , തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ പുതിയ നീക്കത്തിനെതിരെ രംഗത്തുണ്ട്. ബിജെപി മുഖ്യമന്ത്രിമാരായ നരേന്ദ്ര മോഡി, ശിവരാജ്സിങ് ചൗഹാന്‍ , പ്രേംകുമാര്‍ ധുമാല്‍ , സദാനന്ദ ഗൗഡ എന്നിവരും ഇതിനെ എതിര്‍ത്തു. എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദള്‍ മുഖ്യമന്ത്രി പഞ്ചാബിലെ പ്രകാശ് സിങ് ബാദലും എതിര്‍പ്പുമായി രംഗത്തുവന്നു.
deshabhimani/janayugom 180212
ദേശീയ ഭീകരതാവിരുദ്ധ കേന്ദ്രം (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ - എന്‍ സി ടി സി) രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സി പി ഐ എതിര്‍ത്തു.
ReplyDelete