Sunday, February 19, 2012

പാസ്പോര്‍ട്ട് വിതരണം ടാറ്റയ്ക്ക്; അപേക്ഷകര്‍ ദുരിതത്തില്‍

കണ്ണൂര്‍ : പാസ്പോര്‍ട്ട് വിതരണം ടാറ്റയെ ഏല്‍പ്പിക്കുന്നതിന് മുന്നോടിയായി ഏജന്റുമാരെ ഒഴിവാക്കിയതോടെ പാസ്പോര്‍ട്ട് അപേക്ഷകര്‍ ദുരിതത്തില്‍ . ഏജന്‍സികളെ ഒഴിവാക്കി ജനുവരിമുതല്‍ കുത്തകകമ്പനിയെ ഏല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കണ്ണൂരില്‍ ടാറ്റ സേവാകേന്ദ്രം തുറക്കാന്‍ വൈകി. ഫെബ്രുവരിമുതല്‍ ഏജന്റുമാരെ ഒഴിവാക്കുകയും ചെയ്തു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിലും കണ്ണൂര്‍ പാസ്പോര്‍ട്ട് സെല്ലിലുമാണ് നിലവില്‍ അപേക്ഷ സ്വീകരിക്കുന്നുള്ളൂ. ഇതോടെയാണ് അപേക്ഷകര്‍ പ്രതിസന്ധിയിലായത്.

ദിനംപ്രതി നിരവധി പേരാണ് അപേക്ഷിക്കാനാവാതെ മടങ്ങുന്നത്. അപേക്ഷ നല്‍കണമെങ്കില്‍ ജില്ലാ പാസ്പോര്‍ട്ട് സെല്ലില്‍ അര്‍ധരാത്രിമുതല്‍ ക്യൂ നില്‍ക്കണം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ രാത്രി ഒന്നുമുതല്‍ ക്യൂവിലാണ്. ജില്ലയുടെ വിദൂര ഭാഗങ്ങളില്‍നിന്നുള്ളവര്‍ രാത്രിയിലെത്തി ലോഡ്ജുകളില്‍ മുറിയെടുത്താണ് ക്യൂവില്‍ കയറിപ്പറ്റുന്നത്. എന്നാലേ രാവിലെ 8.45ന് തുറക്കുന്ന പാസ്പോര്‍ട്ട് സെല്ലില്‍നിന്ന് ടോക്കണ്‍ ലഭിക്കൂ. അപേക്ഷിക്കാനാവാതെ മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വ്യാജമായി ക്യൂ സൃഷ്ടിച്ചു പണം വാങ്ങി മാറി കൊടുക്കുന്ന സംഘവും രംഗത്തുണ്ട്. അപേക്ഷകര്‍ നേരിട്ടെത്തി അപേക്ഷിക്കണമെന്നതിനാല്‍ പിഞ്ചുകുട്ടികള്‍ക്ക് പാസ്പോര്‍ട്ട് വേണമെങ്കില്‍ രക്ഷിതാക്കളോടൊപ്പം അവരും ക്യുവില്‍നിന്ന് ടോക്കണ്‍ വാങ്ങണം. ജില്ലാ പാസ്പോര്‍ട്ട് സെല്ലില്‍ ദിവസം 50 അപേക്ഷവരെയാണ് സ്വീകരിക്കുന്നത്. പുലരുമ്പോഴേക്കും അമ്പതിലധികംപേര്‍ ക്യൂവില്‍ നിറയുന്നതിനാല്‍ പകല്‍ എത്തുന്നവര്‍ക്ക് അപേക്ഷിക്കാനാവുന്നില്ല. വൈകിട്ടുവരെ പ്രവര്‍ത്തിച്ചാലും ഇതിലധികം അപേക്ഷ പരിശോധിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ജില്ലയില്‍ പയ്യന്നൂരിലും പടന്നപ്പാലത്തും ടാറ്റ സേവാ കേന്ദ്രം മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിക്കും. അതോടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടി മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കും. വെരിഫിക്കേഷന്‍ അടക്കമുള്ള നടപടികള്‍ ടാറ്റയാണ് നിര്‍വഹിക്കുക. പാസ്പോര്‍ട്ടിന്റെ ഔദ്യോഗിക ചുമതല മാത്രമായിരിക്കും ഉദ്യോഗസ്ഥര്‍ക്ക്. അപേക്ഷാചാര്‍ജിലും ഭീമമായ വര്‍ധനയുണ്ടാകും.

deshabhimani 190212

1 comment:

  1. കണ്ണൂര്‍ : പാസ്പോര്‍ട്ട് വിതരണം ടാറ്റയെ ഏല്‍പ്പിക്കുന്നതിന് മുന്നോടിയായി ഏജന്റുമാരെ ഒഴിവാക്കിയതോടെ പാസ്പോര്‍ട്ട് അപേക്ഷകര്‍ ദുരിതത്തില്‍ . ഏജന്‍സികളെ ഒഴിവാക്കി ജനുവരിമുതല്‍ കുത്തകകമ്പനിയെ ഏല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കണ്ണൂരില്‍ ടാറ്റ സേവാകേന്ദ്രം തുറക്കാന്‍ വൈകി. ഫെബ്രുവരിമുതല്‍ ഏജന്റുമാരെ ഒഴിവാക്കുകയും ചെയ്തു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിലും കണ്ണൂര്‍ പാസ്പോര്‍ട്ട് സെല്ലിലുമാണ് നിലവില്‍ അപേക്ഷ സ്വീകരിക്കുന്നുള്ളൂ. ഇതോടെയാണ് അപേക്ഷകര്‍ പ്രതിസന്ധിയിലായത്.

    ReplyDelete