Wednesday, February 1, 2012

ക്ഷീരകര്‍ഷകന് കടവും അധ്വാനവും മാത്രം

കല്‍പ്പറ്റ: "രാവിലെ നാലിന് പണി തുടങ്ങിയാല്‍ വൈകീട്ട് ഒമ്പത് വരെ ജോലി തുടരും. എന്ത് ചെയ്യാനാ..... അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുന്നുമില്ല. പാലിന് വില കൂടിയതനുസരിച്ച് കാലിത്തീറ്റയ്ക്കും മറ്റും വില കുതിച്ചുയര്‍ന്നു. മറ്റുള്ള ജോലിക്ക് പോവുകയാണെങ്കില്‍ 350 രൂപയോളം കൂലികിട്ടും വൈകീട്ട് അഞ്ച് മണിയാകുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യാം. ക്ഷീര കര്‍ഷകര്‍ക്ക് കടവും അധ്വാനവും ബാക്കി."-ക്ഷീര കര്‍ഷകനായ മത്തായികുട്ടി പറയുന്നു.

ജില്ലയിലെ ക്ഷീരകര്‍ഷകരുടെ അവസ്ഥയാണിത്. 40 ശതമാനത്തോളം ക്ഷീര കര്‍ഷകര്‍ ജില്ലയിലുണ്ട്. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് പാല്‍ വില വര്‍ധിപ്പിച്ചത്. എന്നാല്‍ കാലീതീറ്റയ്ക്കുള്ള അമിത വില വര്‍ധനവ് കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുന്നു. ഇത് മൂലം കാലിത്തീറ്റ കമ്പനിയ്ക്കാണ് ഗുണം. ഉല്‍പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്നതാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഐഎല്‍ഡിപി പദ്ധതി പ്രകാരം 30,000 രൂപയാണ് ക്ഷീര കര്‍ഷകന് ബാങ്ക് നല്‍കിയിരുന്നത്. ഇതൊരു പാക്കേജാണ്. ഒരു പശു, രണ്ടാട്, മൂന്ന് കോഴികള്‍ . 15,000 രൂപ ലോണും 15,000 രൂപ സബ്സിഡിയുമാണ്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ കൊണ്ട് വന്ന് ജില്ലയില്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫലത്തില്‍ ഈ പദ്ധതി നഷ്ടമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 10 കര്‍ഷകര്‍ ഒരുമിച്ച് പോയി ഈ റോഡില്‍ നിന്നാണ് പശുവിനെ കൊണ്ടുവരുന്നത്. അതും ലോറിയില്‍ . ലോറിയില്‍ പശുവിനെ കൊണ്ട് വരുന്നതിനാല്‍ പല സ്ഥലത്തും പണം കൊടുക്കേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ മാറുന്നതോടു കൂടി പശുക്കള്‍ക്ക് അസുഖം പിടിപെടുകയും പാലിന് കുറവ് സംഭവിക്കുകയും ചെയ്യും. ഈ സ്കീമില്‍ പശു വാങ്ങിയ വൈത്തിരിയിലെ ബാബു, സക്കീര്‍ എന്നിവരുടെ അവസ്ഥയും വ്യത്യസ്തമല്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുവിനെ കൊണ്ട് വരുമ്പോഴും മറ്റും ആയിരക്കണക്കിന് രൂപയുടെ ചെലവാണ് ടോള്‍ പിരിവിലേക്കായി പോകുന്നത്. 20 വര്‍ഷമായി പശുവളര്‍ത്തല്‍ തൊഴിലാക്കിയ ലക്കിടിയിലെ മത്തായികുട്ടി പറയുന്നു. പാലിന് വില കൂടുമ്പോഴും ക്ഷീരകര്‍ഷകരുടെ കടം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമാകുമ്പോഴും അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്ന പശുക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മിക്കവാറും ക്ഷീര കര്‍ഷകരും ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്ന വക്കിലാണ്.
(യു ബി സംഗീത)

deshabhimani 010212

1 comment:

  1. "രാവിലെ നാലിന് പണി തുടങ്ങിയാല്‍ വൈകീട്ട് ഒമ്പത് വരെ ജോലി തുടരും. എന്ത് ചെയ്യാനാ..... അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുന്നുമില്ല. പാലിന് വില കൂടിയതനുസരിച്ച് കാലിത്തീറ്റയ്ക്കും മറ്റും വില കുതിച്ചുയര്‍ന്നു. മറ്റുള്ള ജോലിക്ക് പോവുകയാണെങ്കില്‍ 350 രൂപയോളം കൂലികിട്ടും വൈകീട്ട് അഞ്ച് മണിയാകുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യാം. ക്ഷീര കര്‍ഷകര്‍ക്ക് കടവും അധ്വാനവും ബാക്കി."-ക്ഷീര കര്‍ഷകനായ മത്തായികുട്ടി പറയുന്നു.

    ReplyDelete