Wednesday, February 8, 2012

ഓര്‍മകള്‍ ജ്വലിപ്പിച്ച് രക്തതാരകങ്ങള്‍


സമരഭൂപടങ്ങളില്‍ ചെന്നിണംചാര്‍ത്തി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളുടെ വീരസ്മരണകളുണര്‍ത്തി രക്തസാക്ഷിചിത്രങ്ങള്‍ . പ്രതിലോമകാരികളുടെയും വലതുപക്ഷ-വര്‍ഗീയ ശക്തികളുടെയും കൊലക്കത്തിക്കും വെടിയുണ്ടയ്ക്കുമിരയായി പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ ധീരരാണ് സ്മൃതിപഥങ്ങളില്‍ സമരോത്സുകതയുടെ ഊര്‍ജംവിതറി ചിത്രങ്ങളായി ജ്വലിച്ചുനില്‍ക്കുന്നത്. പ്രതിനിധി സമ്മേളനം ചേരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിന് പുറത്തായാണ് കേരളത്തെ ചുവപ്പിച്ച വിപ്ലവകാരികളുടെ ഫോട്ടോകള്‍ . പ്രസ്ഥാനത്തിന് അഭിമാനവും ആവേശവുമായ രക്തതാരകങ്ങള്‍ക്ക് സമ്മേളനപ്രതിനിധികള്‍ അഭിവാദ്യം അര്‍പ്പിച്ചു. സ്വാതന്ത്ര്യസമരത്തിന് ഇന്ധനംപകര്‍ന്ന് തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍ മുതല്‍ സമരനിലങ്ങളിലും ജയിലറകളിലും തെരുവിലും വയലിലും കാമ്പസിലുമായി വസന്തത്തെ നെഞ്ചേറ്റിനടന്ന ധീരന്മാര്‍ ... അധികാരിവര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെ നെഞ്ചുവിരിച്ച് നേരിട്ട് വെടിയുണ്ടയേറ്റ് മരിച്ച കൂത്തുപറമ്പിലെ യുവപോരാളികള്‍ . പൈവളിഗെ, ഒഞ്ചിയം, നീണ്ടൂര്‍ , ചീമേനി എന്നിവിടങ്ങളിലെ രക്തസാക്ഷികളുണ്ടിതില്‍ . പുന്നപ്ര-വയലാര്‍ , കരിവെള്ളൂര്‍ , കാവുമ്പായി, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്, കോറോം, തില്ലങ്കേരി തുടങ്ങി നൂറുകണക്കിനാളുകളുടെ ജീവത്യാഗത്താല്‍ നക്ഷത്രശോഭയോടെ ഉയര്‍ന്നുനില്‍ക്കുന്ന പ്രക്ഷോഭങ്ങളിലെ ധീരരുടെ ചിത്രങ്ങള്‍ ഇതിലില്ല. ഒരുചിത്രംപോലും അവശേഷിപ്പിക്കാതിരുന്നിട്ടും കാലത്തിന് മായ്ക്കാനാവാത്ത ദീപസ്തംഭങ്ങളായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരനായകരുടെ ഓര്‍മ നെഞ്ചേറ്റിയാണ് രക്തസാക്ഷിചിത്രങ്ങള്‍ക്ക് മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും മുഷ്ടിചുരുട്ടി അഭിവാദനം ചൊരിഞ്ഞത്.

മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കല്‍ അബൂബക്കര്‍ ....1943 മാര്‍ച്ച് 23ന് ഇന്‍ക്വിലാബ് വിളിച്ച് തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ ചിത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ആവേശം വിതറുന്നു. ഹൃദയരക്തംകൊണ്ട് തടവറയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനംചെയ്ത ഒഞ്ചിയത്തിന്റെ വീരപുത്രന്മാര്‍ ....അളവക്കല്‍ കൃഷ്ണന്‍ , വി പി ഗോപാലന്‍ , കൊല്ലാച്ചേരി കുമാരന്‍ , പുറവില്‍ കണാരന്‍ , സി കെ ചാത്തു, സി കെ രാഘൂട്ടി, കെ എം ശങ്കരന്‍ , മേനോന്‍ കണാരന്‍ , മണ്ടോടി കണ്ണന്‍ , പാറോള്ളതില്‍ കണാരന്‍ . കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരനായ നേതാവ് അഴീക്കോടന്റെ പുഞ്ചിരിതൂകുന്ന ചിത്രവുമുണ്ട്. 1972 സെപ്തംബര്‍ 23ന് തൃശൂരിലെ ചെട്ടിയങ്ങാടിയിലാണ് അഴീക്കോടന്‍ രാഘവനെ പിന്തിരിപ്പന്‍ശക്തികള്‍ കൊലചെയ്തത്. ഇന്ത്യാറിപ്പബ്ലിക്കിലെ ആദ്യരക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ , കമ്യൂണിസ്റ്റ്ധീരതയുടെ പ്രതീകമായ മൊയാരത്ത് ശങ്കരന്‍ , സേലംജയിലില്‍ രക്തസാക്ഷികളായ കെ കെ രാമനും ആര്‍ ചന്തുവും,പാലിയംസമരത്തിന്റെ ധീരശോഭയായ എ ജി വേലായുധന്‍ , 1949ല്‍ തൊഴിലില്ലായ്മക്കെതിരായ പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായ ഏരൂരിലെ സി കെ ദാമോദരന്‍ , മെയ്ദിനറാലിക്കും ജയിലില്‍ പുന്നപ്ര-വയലാര്‍ ദിനാചരണത്തിനും നേതൃത്വമരുളി പൊലീസ് പീഡനത്തിനിരയായി മരിച്ച തിരുമാറാടി രാമകൃഷ്ണന്‍ , പൊലീസിന്റെ ഉരുക്കുമുഷ്ടിയെ ഞെട്ടിച്ച ഇടപ്പള്ളി സമരത്തിന്റെ നായകരിലൊരാളായ കെ യു ദാസ്, കോട്ടാത്തല സുരേന്ദ്രന്‍ .. തുടങ്ങി പ്രസ്ഥാനത്തിന്റെ ആദ്യകാല രക്തസാക്ഷികളുണ്ട്.

തലശേരി കലാപത്തില്‍ മുസ്ലിംപള്ളി രക്ഷിക്കാന്‍ കാവല്‍നിന്ന് ഹൈന്ദവവര്‍ഗീയവാദികളുയര്‍ത്തിയ മതവൈരത്തിന്റെ കൊലവാള്‍ നേരിടേണ്ടിവന്ന യു കെ കുഞ്ഞിരാമന്റെ ഫോട്ടോ സിപിഐ എം നെഞ്ചേറ്റുന്ന മതനിരപേക്ഷസംസ്കാരത്തിന്റെ സാക്ഷ്യചിത്രമാണ്. കെ വി സുധീഷ്, അഷ്റഫ്, മുഹമ്മദ് മുസ്തഫ, സെയ്താലി, പി കെ രാജന്‍ , കെ ആര്‍ തോമസ്, ഇ കെ ബാലന്‍ , ജി ഭുവനേശ്വരന്‍ , ശ്രീകുമാര്‍ , സി വി ജോസ്, എം എസ് പ്രസാദ്, ജോബി ആന്‍ഡ്രൂസ്, കൊച്ചനിയന്‍ , അജയ്പ്രസാദ്, ദേവപാലന്‍ , അജയ്....നിനവുകളില്‍ നൊമ്പരമുണര്‍ത്തുന്ന കണ്ണീര്‍ച്ചിത്രമായി വിദ്യാര്‍ഥി നേതാക്കളുമുണ്ടിതില്‍ . കൂത്തുപറമ്പ് രക്തസാക്ഷികളായ കെ കെ രാജീവന്‍ , കെ വി റോഷന്‍ , ഷിബുലാല്‍ , ബാബു, മധു എന്നീ പഞ്ചനക്ഷത്രങ്ങളുടെ ചിത്രങ്ങളുമുണ്ട്.

സമ്മേളനത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരത്തെ സക്കീറും സുദര്‍ശനനും ചന്ദ്രനും കൊച്ചുരാജനും എന്‍ സി പാണിയും ജസ്റ്റിന്‍രാജും ഉള്‍പ്പടെ 26 രക്തസാക്ഷികളുടെ ചിത്രങ്ങളുമുണ്ട്്. 380 രക്തസാക്ഷികളുടെ ചിത്രങ്ങളാണ് പ്രതിനിധിസമ്മേളന നഗരിയില്‍ സ്ഥാപിച്ചത്.
(പി വി ജീജോ)

deshabhimani 080212

1 comment:

  1. സമരഭൂപടങ്ങളില്‍ ചെന്നിണംചാര്‍ത്തി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളുടെ വീരസ്മരണകളുണര്‍ത്തി രക്തസാക്ഷിചിത്രങ്ങള്‍ . പ്രതിലോമകാരികളുടെയും വലതുപക്ഷ-വര്‍ഗീയ ശക്തികളുടെയും കൊലക്കത്തിക്കും വെടിയുണ്ടയ്ക്കുമിരയായി പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ ധീരരാണ് സ്മൃതിപഥങ്ങളില്‍ സമരോത്സുകതയുടെ ഊര്‍ജംവിതറി ചിത്രങ്ങളായി ജ്വലിച്ചുനില്‍ക്കുന്നത്. പ്രതിനിധി സമ്മേളനം ചേരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിന് പുറത്തായാണ് കേരളത്തെ ചുവപ്പിച്ച വിപ്ലവകാരികളുടെ ഫോട്ടോകള്‍ . പ്രസ്ഥാനത്തിന് അഭിമാനവും ആവേശവുമായ രക്തതാരകങ്ങള്‍ക്ക് സമ്മേളനപ്രതിനിധികള്‍ അഭിവാദ്യം അര്‍പ്പിച്ചു. സ്വാതന്ത്ര്യസമരത്തിന് ഇന്ധനംപകര്‍ന്ന് തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍ മുതല്‍ സമരനിലങ്ങളിലും ജയിലറകളിലും തെരുവിലും വയലിലും കാമ്പസിലുമായി വസന്തത്തെ നെഞ്ചേറ്റിനടന്ന ധീരന്മാര്‍ ...

    ReplyDelete