കല്‍പ്പറ്റ: സ്വന്തം മണ്ണുവിട്ട് അന്യസംസ്ഥാനങ്ങളില്‍ പോയി കൃഷി ചെയ്യുന്നതാണ് ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം. വിവിധ കര്‍ഷക സംഘടനകള്‍ ഒന്നടങ്കം മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ല കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗത്തിലാണ് മുഖ്യമന്ത്രി ഈ വിവാദപരാമര്‍ശം നടത്തിയത്. ഇപ്പോള്‍ കാപ്പിക്കും കുരുമുളകിനുമൊക്കെ നല്ല വിലയുണ്ട്. സ്വന്തം മണ്ണില്‍ കൃഷി ഇറക്കാതെ ഭൂമി പാട്ടത്തിനെടുത്ത് അന്യസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്നതാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഭരിക്കുന്നത് കര്‍ഷകനെ മനസ്സിലാക്കാത്ത സര്‍ക്കാര്‍ : ഇന്‍ഫാം
കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്തെന്ന് പോലും അറിയാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് തെളിയുന്നതെന്ന് ഇന്‍ഫാം ജില്ല സെക്രട്ടരി എം സുരേന്ദ്രന്‍ പറഞ്ഞു. ഏത് വിളകള്‍ക്കാണ് മെച്ചപ്പെട്ട വില ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.ഒരു വിളകള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. 1997ല്‍ 132 രൂപ വിലയുണ്ടായിരുന്ന കാപ്പിക്ക് 92 രൂപയാണ് ഇപ്പോള്‍ വില. കുരുമുളകിന്റെയും നേന്ത്ര വാഴയുടേയും ഇഞ്ചിയുടേയുമെല്ലാം വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.ഉത്പാദനചെലവ് കുത്തനെ കൂടുകയും ചെയ്തു. അതേ സമയം മണ്ണിന്റെ ഘടന മാറിയതും ഉത്പാദനം കുറഞ്ഞതുമാണ് ജില്ലയിലെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. വളം വില വര്‍ദ്ധനവും പണിക്കൂലി കൂടിയതും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മവഞ്ചനയാണ്. മാത്രമല്ല കാപ്പി, കുരുമുളക് ഉത്പാദനം ഇപ്പോള്‍ വയനാട്ടില്‍ കുറഞ്ഞിരിക്കുകയുമാണ്.പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍കാരിന്റെ ഉദാസീനതയും നിസംഗതയുമാണ് വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരുത്തരവാദപരം: ഹരിതസേന
കടക്കെണി മരണങ്ങള്‍ തടയാന്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നിരുത്തരവാദപരമെന്ന് ഹരിതസേന ജില്ല കണ്‍വീനര്‍ സുധാകരസ്വാമി പറഞ്ഞു. കൃഷി എവിടെയായലും കൃഷിക്കാരനാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇഞ്ചി കൃഷിയില്‍ ലാഭം പോയിട്ട് മുതല്‍ പോലും കിട്ടുന്നില്ല. കടക്കെണി തടയുന്നതിന് പകരം തൊടുന്യായങ്ങള്‍ പറയുന്നത് കര്‍ഷക വഞ്ചനയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും നല്‍കാതെ കര്‍ഷകരെ സര്‍കാര്‍ ദ്രോഹിക്കുകയാണ്. ഒരു കാലത്ത് ഇഞ്ചി കൃഷിയായിരുന്നു വയനാട്ടില്‍ പണം ഒഴുക്കിയത്. ഇപ്പോള്‍ ഈ കര്‍ഷകര്‍ ആത്മഹത്യ മുനമ്പിലാണ്. കൃഷി സുരക്ഷിതമായി നടത്തികൊണ്ട് പോകാനും വില സ്ഥിരത ഏര്‍പ്പെടുത്താനും നടപടികള്‍ എടുക്കേണ്ടതിന് പകരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന കര്‍ഷകവഞ്ചന: കര്‍ഷകസംഘം
മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ കര്‍ഷകവഞ്ചനയാണെന്ന് കര്‍ഷകസംഘം ജില്ല സെക്രട്ടരി എം വേലായുധന്‍ പറഞ്ഞു.യുഡിഎഫ് സര്‍കാരിന്റെ ഈ ഉദാസീനത മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട കര്‍ഷകരാണ് വീണ്ടും ആത്മഹത്യയില്‍ അഭയം തേടുന്നത്. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരേണ്ടതിന് പകരം കര്‍ഷകരെ കുത്തിനോവിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി ജില്ലയിലെത്തിയ ദിവസം പോലും ആത്മഹത്യ നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച് വഞ്ചനാപരമായ പ്രസ്താവനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.ജില്ലയിലെ ഏത് ഉത്പന്നങ്ങള്‍ക്കാണ് മികച്ച വില കിട്ടുന്നതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കാപ്പിയും കുരുമുളകും വന്‍ നഷ്ടത്തിലായതും ഉത്പാദനം കുറഞ്ഞതിനാലുമാണ് ഇഞ്ചി, വാഴ കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്.കടക്കെണിയില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി പരീക്ഷണമെന്ന നിലയിലാണ് കര്‍ഷകര്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ഇഞ്ചി കൃഷി ചെയ്തതത്. ഉത്പാദന ചെലവ് കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. അതിന് ആനുപാതികമായ വിലയും കിട്ടുന്നില്ല. ഈ സ്ഥിതി നിലനില്‍ക്കേ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കില്‍ വന്‍ കര്‍ഷകപ്രക്ഷോഭം ഉയര്‍ന്ന് വരുമെന്നും വേലായുധന്‍ പറഞ്ഞു.
deshabhimani 080212
സ്വന്തം മണ്ണുവിട്ട് അന്യസംസ്ഥാനങ്ങളില്‍ പോയി കൃഷി ചെയ്യുന്നതാണ് ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം. വിവിധ കര്‍ഷക സംഘടനകള്‍ ഒന്നടങ്കം മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു.
ReplyDelete