ഇബ്സന്റെ ആദ്യകാല കാവ്യനാടകം "പീര്‍ ഗിന്റിന്" ലണ്ടനില്‍ തിയറ്റര്‍ അധ്യാപകനും ഗവേഷകനുമായ തൃശൂര്‍ സ്വദേശി ദീപന്‍ ശിവരാമന്‍ ഒരുക്കിയ രംഗഭാഷ നവീനവും കാലികവുമായിരുന്നു. ഇബ്സന്‍ നാടകത്തെ സമകാലീന ഇന്ത്യന്‍ അവസ്ഥയോട് കൂട്ടിച്ചേര്‍ത്താണ് അവതരിപ്പിച്ചത്. മതം, ദൈവം, പാപം, രാഷ്ട്രീയം, സ്ഥാനമാനം എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇന്ത്യന്‍ അവസ്ഥയെ നാടകം തുറന്നുകാണിക്കുന്നു. ഇബ്സന്‍ നാടകം അവസാനിപ്പിച്ചിടത്തുനിന്നാണ് ഈ നാടകം ആരംഭിക്കുന്നത്. മരണത്തോടടുക്കുമ്പോള്‍ പീര്‍ ഗിന്റിന്റെ ഹൃദയം ദൈവം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇവനെങ്ങനെ ഇത്രത്തോളം ക്രൂരനും ഹീനനുമായി എന്നതാണ് പരിശോധനവിഷയം. ആ ഹൃദയം തന്റേതാണെന്ന അവകാശവാദം ചെകുത്താനും ഉന്നയിക്കുന്നു. ചെകുത്താനും പീര്‍ ഗിന്റും ദൈവവും നടത്തുന്ന കണ്ണുപൊത്തിക്കളിയാണ് ആ ജീവിതം. ദൃശ്യങ്ങള്‍ക്കും ബിംബങ്ങള്‍ക്കും രംഗതലത്തിന്റെ സമഗ്രപ്രയോഗത്തിനും ഊന്നല്‍ കൊടുത്ത അവതരണത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. യുദ്ധത്തിന്റെ കര്‍തൃത്വം, ദേശീയത, വിശ്വസ്തത എന്നിവ സങ്കല്‍പ്പങ്ങളാണ്. വ്യക്തിനിഷ്ഠമായ സങ്കല്‍പ്പങ്ങള്‍ . ഇതാണ് ദ ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ് നാടകത്തിന്റെ ചര്‍ച്ച. പരാജയപ്പെട്ട പ്രസ്ഥാനത്തെയും മനുഷ്യനെയും ചരിത്രം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നും നാടകം അന്വേഷിക്കുന്നു. ഇന്ത്യന്‍ -ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ക്കെതിരെ പടപൊരുതുന്നവരുടെ ജീവിതകഥയാണ് പറയുന്നത്. റിയലിസ്റ്റിക് ഭാഷയില്‍ പറഞ്ഞുപോയ നാടകത്തില്‍ നടി രേവതി പ്രധാനവേഷത്തിലെത്തി. അഭിഷേക് മജുംദാറാണ് സംവിധായകന്‍ . രാവിലെ മുഖാമുഖവും "അനുഷ്ഠാനവും വംശസ്മൃതികളും രംഗവേദിയില്‍" സെമിനാറും നടന്നു.
ചണ്ഡാലികയോടെ അന്തര്‍ദേശീയ നാടകമേള സമാപിച്ചു
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകത്തിന്റെഹിന്ദി പുനരാവിഷ്കാരത്തോടെ തിരുവനന്തപുരത്തു നടന്ന നാലാമത്രാജ്യാന്തര നാടകമേള സമാപിച്ചു. കൊല്‍ക്കൊത്ത രംഗകര്‍മിയാണ് നാടകം അവതരിപ്പിച്ചത്. സംവിധായിക ഉഷാ ഗാംഗുലിക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഉപഹാരംകാവാലം നാരായണപണിക്കരും ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് സുധയും ചേര്‍ന്ന് സമ്മാനിച്ചു. ആറുദിവസംനീണ്ട നാടകമേളയില്‍ കാളിദാസന്റെയും ടാഗോറിന്റെ കൃതികളെ ആസ്പദമാക്കിയ നാടകങ്ങള്‍ക്കൊപ്പം തമിഴ് ഗ്രാമീണതയുടെ നേര്‍ക്കാഴ്ചയായ നാടകവും രാജസ്ഥാനില്‍നിന്നുള്ള രജപുത്രരുടെ പരമ്പരാഗത വായ്മൊഴി ശീലുകളും സംഗീതവും അവതരിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് മേള സംഘടിപ്പിച്ചത്.
പഴമയുടെ ചാരുതയുമായി "മാളവികാഗ്നിമിത്രം"
കോഴിക്കോട്: ദൃശ്യമികവും സംഗീതവും സമ്മേളിപ്പിച്ച് മാളവികാഗ്നിമിത്രം നാടകം. കാവാലം നാരായണപണിക്കരുടെ സംവിധാനത്തില്‍ സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്സ് അവതരിപ്പിച്ച നാടകമാണ് അവതരണത്തില്‍ നവ്യാനുഭവമായത്. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിന്റെ ഇതിവൃത്തം അഞ്ച് അങ്കങ്ങളില്‍ രണ്ടെണ്ണമായി ചുരുക്കി നാടകത്തില്‍ അവതരിപ്പിക്കുന്നു. രാജാവായ അഗ്നിമിത്രത്തിന്റെയും മാളവികയുടെയും പ്രണയത്തെക്കുറിച്ചാണ് നാടകം. അഗ്നിമിത്രന്റെ ഭാര്യ ധാരിണിയുടെ തോഴിയാണ് മാളവിക. ശൃംഗാര രസാവിഷ്ക്കാരത്താല്‍ പ്രസിദ്ധിയാര്‍ജിച്ച കാളിദാസന്റെ നാടകത്തെ ശൃംഗാരം, കരുണം, വീരം, ഹാസ്യം എന്നീ രസങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുകയാണ്. വിദൂഷകനാണ് നാടകത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു കഥാപാത്രം. സംസ്കൃത നാടകമായ മാളവികാഗ്നിമിത്രത്തില്‍ മലയാളം സംസാരിക്കുന്ന കഥാപാത്രത്തെയാണ് വിദൂഷകന്‍ അവതരിപ്പിച്ചത്.
നാടകോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ മുതിര്‍ന്ന നാടക കലാകാരന്മാരെ ആദരിച്ചു. എം വി തവന്നൂര്‍ , കോഴിക്കോട് ബാലന്‍ , പി എന്‍ ചന്ദ്രന്‍ , ടി പി വേലായുധന്‍ , പി നാരായണന്‍നായര്‍ , ജ്യോതി ബാലന്‍ , ഗോവിന്ദന്‍കുട്ടിനായര്‍ , ടി കെ വിജയരാഘവന്‍ , പി കെ ജയപാലന്‍ , എ കെ നമ്പ്യാര്‍ , പി ചന്ദ്രന്‍ , പള്ളത്ത് അഹമ്മദ്കോയ എന്നിവരെയാണ് ആദരിച്ചത്. കോഴിക്കോട് നാരായണന്‍നായര്‍ മുഖ്യാതിഥിയായി. കെ രാജന്‍ അധ്യക്ഷനായി. ജയപ്രകാശ് കുളൂര്‍ സംസാരിച്ചു. അഡ്വ. എം രാജന്‍ സ്വാഗതവും എം എ നാസര്‍ നന്ദിയും പറഞ്ഞു. ബുധനാഴ്ച നാടകോത്സവം സമാപിക്കും. വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് ആറിന് ശങ്കര്‍ വെങ്കിടേശ്വരന്റെ വാട്ടര്‍ സ്റ്റേഷന്‍ നിശ്ശബ്ദ നാടകം അരങ്ങേറും.
deshabhimani 080212
ഏഴാം നാളായ ചൊവ്വാഴ്ചയും ജീവിതത്തെക്കുറിച്ചുതന്നെയായിരുന്നു അരങ്ങ് പറഞ്ഞത്. ദൈവവും ചെകുത്താനും മനുഷ്യനും തമ്മിലുള്ള കളിയാണ് ജീവിതമെന്ന് ഓര്‍മിപ്പിച്ച മലയാള നാടകസംഘം ഓക്സിജന്‍ തിയറ്ററിന്റെ "പീര്‍ ഗിന്റ്", പുതിയ സൗഹൃദങ്ങളോരോന്നും പുതിയ ശത്രുവിനെ തേടലാണെന്ന് വിളിച്ചുപറഞ്ഞ ബംഗളൂരു ഇന്ത്യന്‍ എന്‍സെംബിളിന്റെ "ദ ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ്" എന്നീ നാടകങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു.
ReplyDelete