Thursday, February 9, 2012

സൂര്യനെല്ലി കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു: വനിതാ സംഘടനകള്‍

സുപ്രിം കോടതിയുടെ പരിഗണനയിലുള്ള സൂര്യനെല്ലി കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി വനിതാ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പീഡനകേസിലെ  പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലുള്ളത്. ഉന്നതതലങ്ങളില്‍ സ്വാധീനമുള്ള രാഷ്ട്രീയ മാഫിയകളാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. ഒരുവര്‍ഷം മുമ്പ് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ വാണിജ്യവകുപ്പിലെ നാലുപേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞദിവസം വീടിന് സമീപത്തെ റോഡില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത് തികച്ചും ആസൂത്രിതമായിട്ടാണ്.  

കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പെണ്‍കുട്ടിയെ പൊലീസ്  അറസ്റ്റ് ചെയ്തത്.  പെണ്‍കുട്ടിയുടെ വിശ്വാസ്യത സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.  ഓരോ ദിവസവും നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളുമാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയെ അനാവശ്യമായി കേസിലേയ്ക്ക് വലിച്ചിഴച്ചത് സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ചങ്ങനാശേരി വാണിജ്യ നികുതി ഓഫീസിലെ സാമ്പത്തിക തിരിമറി അന്വേഷിച്ച ക്രൈം ബ്രാഞ്ച് കോട്ടയം എസ് പി കണ്ണന്‍ സൂര്യനെല്ലി കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ അടുത്ത സുഹൃത്താണ്.   പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ കൈവശം 50,000 രൂപക്ക് മുകളിലുള്ള തുക കൊടുത്തയച്ചതു മുതല്‍ സര്‍വീസ് ചട്ടലംഘനമാണ് മേലുദ്യേഗസ്ഥര്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ സംസ്ഥാന  നേതാവ് പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും എഴുതിയ വാങ്ങിയ കുറ്റസമ്മതം ഇതിന് തെളിവാണെന്നും ഇവര്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ വാദിഭാഗം അഭിഭാഷകയായിരുന്ന അനിലാ ജോര്‍ജ്, കേരള സ്ത്രീവേദി സംസ്ഥാന സെക്രട്ടറി മേഴ്‌സി അലക്‌സാണ്ടര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, മാധ്യമ പ്രവര്‍ത്തക ആര്‍ പാര്‍വതിദേവി, സിസ്റ്റര്‍ റജി, ജയശ്രീ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കെ പി സി സി സെക്രട്ടറി ലതിക സുഭാഷ് ആവശ്യപ്പെട്ടു.

janayugom 090212

1 comment:

  1. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള സൂര്യനെല്ലി കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി വനിതാ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

    ReplyDelete