പാനൂര്‍ :ഭൂതകാല കാഴ്ചപ്പാടുകളെ സ്വയം നവീകരിച്ച് ഇടതുപക്ഷ പുരോഗമന ആശയ പ്രചാരണത്തിന്റെ ധീരമായ കൊടുങ്കാറ്റായി മാറിയ സുകുമാര്‍ അഴീക്കോട് കുറച്ചുകൂടി ജീവിച്ചിരുന്നെങ്കില്‍ മാര്‍ക്സിസം -ലെനിനിസത്തോട് കുറേക്കൂടി അടുക്കുമായിരുന്നെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് അനുസ്മരിച്ചു. പാനൂര്‍ യുപിസ്കൂളില്‍ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുകാലങ്ങളിലെ ഇടയലേഖനങ്ങളെ മഠയലേഖനങ്ങളെന്നു പരിഹസിക്കാനും വന്‍കിട ആള്‍ ദൈവങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കാനും ധൈര്യം കാട്ടിയ അഴീക്കോട് ഇന്നുണ്ടായിരുന്നെങ്കില്‍ യേശുദേവനിലെ പോരാളിയെ സംബന്ധിച്ച വിവാദങ്ങള്‍ക്കും കുറിക്കുകൊള്ളുന്ന മറുപടി നല്‍കുമായിരുന്നു. വിമോചന സമരത്തെ പിന്തുണക്കുകയും അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ക്കാതിരിക്കുകയും ചെയ്ത മാഷിന്റെ ഭൂതകാലത്തെ മതിലായി നിര്‍ത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന വര്‍ത്തമാന പ്രതിഛായയെ മലിനമാക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
എഴുത്ത് ശ്രേഷ്ഠവും പ്രഭാഷണങ്ങളും പ്രതികരണങ്ങളും മ്ലേച്ഛവുമെന്ന വരേണ്യവര്‍ഗ ചിന്തയെ അവഗണിക്കുകയും സാഹിത്യത്തിലല്ല പ്രഭാഷണത്തിലാണ് വാക്കുകള്‍ അതിന്റെ ആദിമതയിലേക്ക് വികസിക്കുന്നതെന്ന് വിളിച്ചു പറയുകയും ചെയ്ത അഴീക്കോട് വധഭീഷണിയെപ്പോലും പ്രഭാഷണങ്ങളെക്കൊണ്ട് പരാജയപ്പെടുത്തി- കെ ഇ എന്‍ പറഞ്ഞു. പാലത്തായി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ പാനൂര്‍ , കെ പി എ റഹീം, രാജു കാട്ടുപുനം, കവിയൂര്‍ രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ടി ജയേഷ് സ്വാഗതം പറഞ്ഞു.
deshabhimani 080212