Wednesday, February 8, 2012

ആര്‍.എസ്.എസ്, കോണ്‍ഗ്രസ്, ലീഗ് ആക്രമണങ്ങള്‍

നാട്ടികയില്‍ ആര്‍എസ്എസ് ഭീകരത സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു, വീടുകളും തകര്‍ത്തു

തൃപ്രയാര്‍ : നാട്ടികയില്‍ ആര്‍എസ്എസ്- ബിജെപി ഭീകരത വീണ്ടും. സ്ത്രീകളുള്‍പ്പെടെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ . വീടുകള്‍ക്കുനേരെയും കല്ലേറ്. തിങ്കളാഴ്ച രാത്രി സിപിഐ എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം എം ബി ബിജുവിനുനേരെ വധശ്രമമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ നടുവില്‍ക്കരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഏറാച്ചന്‍ വീട്ടില്‍ ഷിഹാബിന്റെ വീട് ആക്രമിച്ചു. തിങ്കളാഴ്ച രാത്രി 12ന് എടമുട്ടം തൈപ്പൂയത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. നടുവില്‍ക്കരയിലെത്തിയ ആര്‍എസ്എസ് സംഘം ഷിഹാബിന്റെ വീടിനും കാറിനുംനേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചില്‍ കിടന്ന കാറും തകര്‍ത്തു. എടമുട്ടത്തുണ്ടായ ആക്രമണത്തില്‍ എം എസ് അമല്‍ , സുശോഭ് വാഴപ്പിള്ളി, ടി കെ ഫെബിന്‍ , ശ്രീജില്‍ , മണികണ്ഠന്‍ , ഷിബിന്‍ , നിധിന്‍ , അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറച്ചുകാലമായി പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന പ്രദേശങ്ങളില്‍ വീണ്ടും കലാപം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പുതിയ ആക്രമണങ്ങള്‍ . പൊലീസ് പ്രതികളെ പിടികൂടാതെ സഹായിക്കുന്നത് ഇവര്‍ക്ക് തുണയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ജനാധിപത്യ മഹിളാ അസോ. പ്രവര്‍ത്തകയായ, എരണേഴത്ത് പത്മനാഭന്റെ ഭാര്യ വത്സല(51)യെ ബിജെപി സംഘം ആക്രമിച്ചിരുന്നു. വീട്ടുമുറ്റത്തിട്ട് മകന്‍ ജിത്തുവിനെ ആക്രമിക്കുന്നത് തടയാന്‍ ചെന്നതായിരുന്നു വത്സല. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ നാറാണത്ത് മോഹനന്റെ മകന്‍ രജുവിനെതിരെ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു മാസം മുമ്പ് ഏങ്ങണ്ടിയൂര്‍ മണപ്പാട് സിപിഐ എം പ്രവര്‍ത്തകനായ അജയ്നെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ആര്‍എസ്എസ് മുന്‍ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

കൊല്ലം: ആര്‍എസ്എസ് മുന്‍ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. ജില്ലയിലെ അറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനല്‍ കടവൂര്‍ കോയിപ്പുറത്തുവീട്ടില്‍ കടവൂര്‍ ജയനാണ് (രാജേഷ്-38) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ കടവൂര്‍ ജങ്ഷന് സമീപം ജയന്റെ വീടിന് മുന്നിലായിരുന്നൂ സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളെല്ലാം പ്രദേശത്തെ ആര്‍എസ്എസുകാരാണ്.

കഴിഞ്ഞ മൂന്നുവര്‍ഷമായി കടവൂര്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസുകാര്‍ തമ്മില്‍ നടക്കുന്ന കലഹത്തിന്റെ ഇരയാണ് ജയന്‍ . സംഭവത്തെ തുടര്‍ന്ന് കടവുരില്‍ ഹര്‍ത്താല്‍ ആചരിച്ചു. ആറുമാസം മുമ്പ് ജയനെ അഞ്ചാലുംമൂടിന് സമീപത്ത് ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായായി രണ്ടുമാസം മുമ്പ് കടവൂര്‍ ജങ്ഷനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ജയന്റെ കൂട്ടാളികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ചീമേനിയില്‍ മാരകായുധങ്ങളുമായി കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി

ചെറുവത്തൂര്‍ : ചീമേനിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണിക്കൂറുകളോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. മാരകായുധങ്ങളുമായി പ്രകടനം നടത്തിയ സംഘം പ്രകോപനമില്ലാതെ വഴിയാത്രക്കാരെ ആക്രമിച്ച് സംഘര്‍ഷത്തിന് തുടക്കമിടുകയായിരുന്നു. പ്രകടനം നടത്താന്‍ പാടില്ലെന്ന പൊലീസ് നിര്‍ദേശം ലംഘിച്ചാണ് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.

പാടിയോട്ടുചാലില്‍നിന്നെത്തിയ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വടിവാളും മറ്റു മാരകായുധങ്ങളുമായി ചീമേനിയില്‍ തമ്പടിച്ചായിരുന്നു പ്രകടനം. മാരകായുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രകടനം നടത്തിയവര്‍ റോഡരികിലൂടെ നടന്നുപോകുന്ന യാത്രക്കാരെ ആക്രമിച്ചു. സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. നീലേശ്വരം സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇടപെട്ടതോടെ അക്രമികള്‍ ചിതറിയോടി.

പൊതാവൂരില്‍ പൂഴി വാരലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ചീമേനിയിലേക്ക് വ്യാപിപ്പിച്ച് കൂടുതല്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. തിങ്കളാഴ്ച പൊതാവൂരില്‍ ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ വധിക്കാന്‍ കോണ്‍ഗ്രസ് സംഘം ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് അക്രമമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ ചീമേനി ടൗണില്‍ എത്തിയതോടെയാണ് ഇവര്‍ പിരിഞ്ഞുപോയത്.

മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് അക്രമം: പ്രതിഷേധം വ്യാപകം

മണ്ണാര്‍ക്കാട്: എല്‍ഡിഎഫ് വിജയിച്ച വാഴമ്പുറം ക്ഷീര സഹകരണ സംഘത്തിനെതിലെ ലീഗ് നടത്തിയ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനഭരണത്തിന്റെ മറവിലാണ് മുസ്ലിംലീഗിന്റെ അഴിഞ്ഞാട്ടം. ക്ഷീരസംഘത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച മികച്ച വിജയമാണ് ലീഗിനെ പ്രകോപിപ്പിച്ചത് മണ്ണാര്‍ക്കാടിന്റെ വിവിധഭാഗങ്ങളില്‍ ഭരണസ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്ടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലീഗിന്റെ ക്വട്ടേഷന്‍ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരാകുറുശിയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം ഭരണസമിതിക്കും ജീവനക്കാര്‍ക്കും എതിരെ ലീഗ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ചയും അക്രമം നടത്തി. അലനല്ലൂര്‍ , അത്താണിപ്പടി, തച്ചമ്പാറ, ആര്യമ്പാവ്, ചിറക്കല്‍പ്പടി, കോട്ടോപ്പാടം തുടങ്ങിയ പ്രദേശങ്ങളിലും ലീഗ് ക്വട്ടേഷന്‍ സംഘം അക്രമം നടത്തുകയാണ്. യൂത്ത് ലീഗ് നേതാവുകൂടിയായ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പിന്തുണയും ഈ ക്വട്ടേഷന്‍ സംഘത്തിനുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.

മണ്ണാര്‍ക്കാട്ടെ പൊലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കാനും ക്രമസമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തയ്യാറായില്ലെങ്കില്‍ ഡിവൈഎഫ്ഐ പ്രതികരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ടെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജി സുരേഷ്കുമാര്‍ , എം മനോജ്, രാജീവ് നടക്കാവില്‍ , സന്തോഷ്, എ ഷൗക്കത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട് ലീഗിന്റെ അക്രമവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ആശുപത്രി ജങ്ഷനില്‍ നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി സുരേഷ്കുമാര്‍ അധ്യക്ഷനായി. എം വിനോദ്കുമാര്‍ , കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മനോജ് സ്വാഗതവും ടി കെ സുനില്‍ നന്ദിയും പറഞ്ഞു.

deshabhimani news

2 comments:

  1. നാട്ടികയില്‍ ആര്‍എസ്എസ്- ബിജെപി ഭീകരത വീണ്ടും. സ്ത്രീകളുള്‍പ്പെടെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ . വീടുകള്‍ക്കുനേരെയും കല്ലേറ്. തിങ്കളാഴ്ച രാത്രി സിപിഐ എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം എം ബി ബിജുവിനുനേരെ വധശ്രമമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ നടുവില്‍ക്കരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഏറാച്ചന്‍ വീട്ടില്‍ ഷിഹാബിന്റെ വീട് ആക്രമിച്ചു. തിങ്കളാഴ്ച രാത്രി 12ന് എടമുട്ടം തൈപ്പൂയത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.

    ReplyDelete
  2. വാടാനപ്പള്ളി: സിപിഐ എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നാട്ടിക ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ എം ബി ബിജുവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറംഗ ബിജെപി ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ . വാടാനപ്പള്ളി തൃത്തല്ലൂര്‍ കൊറ്റായി കോളനിയില്‍ ചരുവിള സുരേഷിന്റെ മകന്‍ സുധീഷ് (24), വടനി വിളയില്‍ തമിഴ രാജന്റെ മകന്‍ വിബി (24) എന്നിവരെയാണ് വാടാനപ്പള്ളി എസ്ഐയും സംഘവും അറസ്റ്റുചെയ്തത്. ചാവക്കാട് കോടതിയില്‍ കയറി വാടാനപ്പള്ളി സ്വദേശി സുമേഷിനെ ആക്രമിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷും വിബിയും.

    തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു ബിജു ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ ബിജു ഇപ്പോഴും തൃശൂരിലെ ജൂബിലി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരുമ്പു പൈപ്പുകൊണ്ടും മറ്റ് മാരകായുധങ്ങളുമായി ബിജുവിനെ ആക്രമിച്ചത് വാടാനപ്പള്ളി പഞ്ചായത്തംഗവും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ എസ് ധനീഷ്, നാറാണത്ത് മോഹനന്റെ മകന്‍ രജു, ചക്കാണ്ടന്‍ രാമന്‍കുട്ടിയുടെ മകന്‍ തമ്പുരാന്‍ , കല്ലയില്‍ ഗോപിയുടെ മകന്‍ വിബി എന്നിവരെ ഇനിയും പിടികൂടിയിട്ടില്ല. മുഴുവന്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നും തീരപ്രദേശങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബിജെപി ആര്‍എസ്എസ് ക്രിമിനല്‍സംഘങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ നാട്ടിക ബ്ലോക്ക് കമ്മിറ്റിയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു നാട്ടിക ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.

    ReplyDelete