Thursday, February 23, 2012

ജനസമ്പര്‍ക്കം: രണ്ടരലക്ഷം അപേക്ഷ കെട്ടിക്കിടക്കുന്നു

കോടികള്‍ ധൂര്‍ത്തടിച്ച് നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച അപേക്ഷകളില്‍ രണ്ടര ലക്ഷത്തോളം തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ജനസമ്പര്‍ക്കം പൂര്‍ത്തിയായപ്പോഴാണ് കെട്ടിക്കിടക്കുന്ന ഫയല്‍ക്കൂമ്പാരത്തിലേക്ക് ഇത്രയുംകൂടി എത്തിയത്. ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്കം ഇന്ന് നടക്കും. മണിക്കൂറുകളോളം തിക്കിത്തിരക്കി മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ കൊടുത്തവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ . 5.01 ലക്ഷം അപേക്ഷ മുഖ്യമന്ത്രിക്ക് കിട്ടിയെന്നും ഇതില്‍ 2.81 ലക്ഷം തീര്‍പ്പാക്കിയെന്നുമാണ് ഔദ്യോഗിക കണക്ക്. ഇതനുസരിച്ച് 2.20 ലക്ഷം അപേക്ഷ കെട്ടികിടക്കുകയാണ്.

തൃശൂര്‍ ജില്ലയാണ് പരിഹാരം കാണാത്ത അപേക്ഷകളില്‍ ഒന്നാംസ്ഥാനത്ത്. അവിടെ 42,685 അപേക്ഷ പൊടിപിടിച്ചുകിടക്കുന്നു. ഡിസംബര്‍ 15ന് ജനസമ്പര്‍ക്കത്തില്‍ 90,688 അപേക്ഷ കിട്ടിയെന്നാണ് സര്‍ക്കാര്‍ വാദം. ബാക്കിയുള്ളവ എങ്ങനെ ഒറ്റയടിക്ക് പരിഹരിച്ചെന്നു വ്യക്തമല്ല. മലപ്പുറം ജില്ലയില്‍ 38,000 അപേക്ഷ പരിഹരിക്കാതെ കിടക്കുന്നു. കോട്ടയം- 21,234, വയനാട്- 17,927, കൊല്ലം- 13,595, പാലക്കാട്- 13,114, കണ്ണൂര്‍ - 19,771, കാസര്‍കോട്- 13,621, ആലപ്പുഴ- 18,105, പത്തനംതിട്ട- 12,540, കോഴിക്കോട് -5673, എറണാകുളം- 5000, തിരുവനന്തപുരം 1483 എന്നിങ്ങനെയാണ് ജില്ലകളിലെ തീരുമാനമാകാത്ത ഫയലുകള്‍ സംബന്ധിച്ച് ഔദ്യോഗിക കണക്ക്. റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷ മുഖ്യമന്ത്രി വാങ്ങിയിരുന്നു. അത് ഈ കണക്കില്‍ പെടുത്തിയിട്ടില്ല.

അപേക്ഷകളുടെ എണ്ണത്തിലും മായം ചേര്‍ത്തിട്ടുണ്ട്. ആലപ്പുഴയില്‍ 61,900 അപേക്ഷ കിട്ടിയെന്നാണ് ജനസമ്പര്‍ക്കദിവസം അറിയിച്ചത്. ഇപ്പോഴത്തെ കണക്കില്‍ ഇത് 44,025 ആണ്. 17,875 എണ്ണം കാണാനില്ല. മിക്കയിടത്തും ഇങ്ങനെ അപേക്ഷ അപ്രത്യക്ഷമായി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗപരിഹാരം അവകാശപ്പെട്ടാണ് ഉമ്മന്‍ചാണ്ടി തന്റെ വണ്‍മാന്‍ഷോ ആരംഭിച്ചത്. ചട്ടങ്ങളും നിബന്ധനകളും കാറ്റില്‍പറത്തി അനധികൃതമായി പണം വാരിയെറിയുന്നതിനെതിരെ ധനവകുപ്പ് തടസ്സവാദമുയര്‍ത്തിയിട്ടും ജനസമ്പര്‍ക്കം തുടരുകയായിരുന്നു. ചട്ടവും നിയമവും നോക്കിയാല്‍ ജനങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ന്യായീകരണം പറഞ്ഞ മുഖ്യമന്ത്രി ലക്ഷക്കണക്കിന് അപേക്ഷ വാങ്ങിയശേഷം തീര്‍പ്പുണ്ടാക്കാന്‍ കലക്ടര്‍മാര്‍ക്കും വകുപ്പുകള്‍ക്കും വിട്ട് കൈകഴുകിയിരിക്കുകയാണ്.

തീര്‍പ്പുണ്ടാക്കിയതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം സംബന്ധിച്ച അപേക്ഷകളാണ്. ഇതിലും മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് പണം കൊടുത്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കിടക്കുന്നവരെ അടക്കം ഇതിനായി ആംബുലന്‍സുകളിലും സ്ട്രെച്ചറിലും കൊണ്ടുവന്ന് പൊരിവെയിലില്‍ കിടത്തി. ആംബുലന്‍സുകളില്‍ വന്നവര്‍ക്ക് 10,000 വീതം കൊടുത്തപ്പോള്‍ അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാതെ മറ്റെല്ലാവര്‍ക്കും 2000 രൂപമുതല്‍ അനുവദിച്ചു. സര്‍ക്കാര്‍ജീവനക്കാരിയുടെ സ്ഥലംമാറ്റത്തിന് നല്‍കിയ അപേക്ഷയിലും 2000 രൂപ അനുവദിച്ചത് ഭര്‍ത്താവ് തന്നെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തിച്ച സംഭവവും ജനസമ്പര്‍ക്കത്തിലുണ്ടായി.
(കെ എം മോഹന്‍ദാസ്)

deshabhimani 230212

1 comment:

  1. കോടികള്‍ ധൂര്‍ത്തടിച്ച് നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച അപേക്ഷകളില്‍ രണ്ടര ലക്ഷത്തോളം തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ജനസമ്പര്‍ക്കം പൂര്‍ത്തിയായപ്പോഴാണ് കെട്ടിക്കിടക്കുന്ന ഫയല്‍ക്കൂമ്പാരത്തിലേക്ക് ഇത്രയുംകൂടി എത്തിയത്. ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്കം ഇന്ന് നടക്കും. മണിക്കൂറുകളോളം തിക്കിത്തിരക്കി മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ കൊടുത്തവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ . 5.01 ലക്ഷം അപേക്ഷ മുഖ്യമന്ത്രിക്ക് കിട്ടിയെന്നും ഇതില്‍ 2.81 ലക്ഷം തീര്‍പ്പാക്കിയെന്നുമാണ് ഔദ്യോഗിക കണക്ക്. ഇതനുസരിച്ച് 2.20 ലക്ഷം അപേക്ഷ കെട്ടികിടക്കുകയാണ്.

    ReplyDelete