Thursday, February 23, 2012

മുസ്ലിംലീഗില്‍ വിഭാഗീയത ശക്തമായി; നേതൃത്വം പിടിച്ചെടുക്കാന്‍ ഇരുപക്ഷവും

ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചതോടെ മുസ്ലീം ലീഗില്‍ വിഭാഗീയത ശക്തമായി. യൂത്ത് ലീഗ് തിരഞ്ഞെടുപ്പില്‍ കണ്ടതിനേക്കാള്‍ വാശിയേറിയ കരുനീക്കങ്ങളാണ്് ഇരുഗ്രൂപ്പുകളും മുസ്ലിം ലീഗ് സംഘടനാ നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തുന്നത്. സംസ്ഥാനതലത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെതിരെ മന്ത്രി എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ എം ഷാജി, അഹമ്മദ് കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദിനെ സംഘടനാകാര്യങ്ങളുടെ ചുമതലനല്‍കി മറ്റൊരു ജനറല്‍സെക്രട്ടറിയായ ഇ ടി മുഹമ്മദ് ബഷീറിനെ ഒതുക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ കഴിഞ്ഞിരുന്നു. വകുപ്പ് വിഭജനത്തിലൂടെ മുനീറിനെയും ഒതുക്കാന്‍ കഴിഞ്ഞു. ഭരണരംഗത്ത് പൂര്‍ണ ആധിപത്യം നേടിയതിന് പിന്നാലെ സംഘടനാരംഗത്തും സമ്പുര്‍ണ ആധിപത്യം നേടാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് എതിര്‍പക്ഷം കരുനീക്കം നടത്തുന്നത്.

മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശക്തമായ വിഭാഗീയതയാണ് ലീഗില്‍ രൂപപ്പെട്ടിരിക്കുന്നത്. ജില്ലകളില്‍  നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ പക്ഷപാതപരമായ ഇടപ്പെടലുകളാണ്  പല ജില്ലകളിലും വിഭാഗീയത ശക്തിപ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനമെന്ന തീരുമാനം നടപ്പാക്കാത്തതാണ് സമ്മേളനങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യുന്നതും.

മുസ്ലീംലീഗ് ജില്ലാതിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചുള്ള പ്രാദേശികസമ്മേളനങ്ങള്‍ പോലും വിഭാഗീയമൂലം ബഹളത്തിലും കയ്യേറ്റത്തിലുമാണ് നടക്കുന്നത്. മുസ്ലിലീഗിന് സ്വാധീനമുള്ള മലബാറിലുള്ളതിനേക്കാള്‍ ശക്തമായ രീതിയില്‍ തെക്കന്‍ ജില്ലകളിലും വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിഭാഗീയതയ്ക്ക് നേരത്തെ തന്നെ സംസ്ഥാനതലത്തിലെ വിഭാഗീയതയുടെ സ്വഭാവം കൈവന്നിരുന്നു.ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ആദ്യസമ്മേളനം നടന്ന കാസര്‍കോട് ജില്ലയില്‍  തര്‍ക്കം മൂലം പ്രസിഡന്റിനെ മാത്രമാണ് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞത്.

മുന്‍മന്ത്രി കൂടിയായ ചെര്‍ക്കളം അബ്ദുള്ളയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. എ അബ്ദുറഹ്മാനെ ജനറല്‍സെക്രട്ടറിയായി കൊണ്ടുവന്ന ഔദ്യോഗികപാനലിനെതിരെ നിലവിലെ ജില്ലാസെക്രട്ടറി എം സി കമറുദ്ദീന്‍ മല്‍സരിച്ചതോടെ വിഭാഗീയത മറനീക്കി പുറത്തുവന്നു. ചെര്‍ക്കളം അബ്ദുള്ളയ്‌ക്കെതിരായി നിലകൊള്ളുന്ന കമറുദ്ദീന് കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചിരുന്നു. രണ്ട് വോട്ടിന്റെ ഭുരിപക്ഷം അബ്ദുറഹ്മാന് നേടാന്‍ കഴിഞ്ഞെങ്കിലും അസാധുവാക്കപ്പെട്ട വോട്ടുകളിലെ തര്‍ക്കം യോഗം അലങ്കോലമാക്കി. പിന്നീട് പാണാക്കാട് ഇരുവിഭാഗവുമായി നടന്ന ചര്‍ച്ചയിലും സമവായമെത്താന്‍ കഴിഞ്ഞില്ല. 27 ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം സി ടി അഹമ്മദലി ജനറല്‍സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ടൗണ്‍കമ്മിറ്റിയോഗം തമ്മിലടിയിലാണ് കലാശിച്ചത്. ഇവിടെ മുന്‍ ജില്ലാസെക്രട്ടറി ബി എ റസ്സാക്കിന്റെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടി പക്ഷം ജില്ലാകമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. നിലവിലെ ജില്ലാസെക്രട്ടറി എ യഹ്‌യ, എസ് ടി യു ജില്ലാപ്രസിഡന്റ് കെ എം മുഹമ്മദ് എന്നിവര്‍  റസ്സാക്കിന്റെ കുടെയാണ്. നിലവിലെ പ്രസിഡന്റ് ഇസ്മാല്‍കുഞ്ഞിന്റെയും ജില്ലാവൈസ് പ്രസിഡന്റ് എ എം നസീറിന്റെയും നേതൃത്വത്തില്‍ മുനീറിനെ അനൂകൂലിക്കുന്നവര്‍ ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സംഘട്ടനമുണ്ടായതിനെതുടര്‍ന്ന് എ എം നസീറിനും ബി എ റസ്സാക്കിന്റെ സഹോദരനും യൂത്ത്‌ലീഗ് ജില്ലാപ്രസിഡന്റുമായ ബി എ ഗഫൂറിനും പരുക്കേറ്റിരുന്നു.

കീഴ്ഘടകങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വാശിയേറിയ ഗ്രൂപ്പ്‌പോരാട്ടവേദിയാണ്. ഇന്നലെ ആരംഭിച്ച തിരുവനന്തപുരം ജില്ലാസമ്മേളനത്തിലും നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ ഭാരവാഹികളും കുഞ്ഞാലിക്കുട്ടി പക്ഷക്കാരുമായ ബീമാപ്പള്ളി റഷീദും തോന്നക്കല്‍ ജമാലും നോമിനേറ്റഡ് ഭാരവാഹികളാണ്. ഇവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാതിരിക്കുവാന്‍ മറുപക്ഷത്ത്  യുത്ത്‌ലീഗ് നേതാക്കളായ എസ് എ വാഹിദ്, നിസാര്‍ മുഹമ്മദ്,ഹുമയൂണ്‍ കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുനീര്‍ പക്ഷക്കാര്‍ രംഗത്തുണ്ട്.

എറണാകുളത്ത് ഗ്രൂപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ നേതാവുമായ അഹമ്മദ് കബീര്‍ എം എല്‍ എയുമാണ്. കളമശ്ശേരി, മൂവാറ്റുപുഴ, കൊച്ചി, കോതമംഗലം എന്നീവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ തര്‍ക്കംമൂലം മന്ദഗതിയിലാണ്. യുത്ത്‌ലീഗ് ജില്ലാപ്രസിഡന്റായി ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അഡ്വ ഗഫൂറിനെ തിരഞ്ഞെടുത്തത് തര്‍ക്കത്തിനെടുവിലാണ്. എറണാകുളത്ത് ജില്ലാപ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കുഞ്ഞാലിക്കുട്ടിപക്ഷത്തിനും ജനറല്‍സെക്രട്ടറി കെ എം മജീദ് വിരുദ്ധപക്ഷത്തിനുമാണ് നിലവില്‍. കോട്ടയത്ത് വിഭാഗീയ രൂക്ഷമായതിനെതുടര്‍ന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് കണ്ണുര്‍സ്വദേശി അബ്ദുറഹ്മാന്‍ കല്ലായിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മുന്‍ജില്ലാ ജനറല്‍സെക്രട്ടറി പി എസ് ബഷീറിന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുല്‍സലാമിന്റെയും നേതൃത്വത്തിലാണ് കുഞ്ഞാലിക്കുട്ടിപക്ഷം. പി എം ഷെരിഫിന്റെ നേതൃത്വത്തിലാണ് മറുപക്ഷം. തൃശ്ശുരില്‍ ജില്ലാപ്രസിഡന്റ് ഹംസ മുനീര്‍പക്ഷത്തും ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ് കുഞ്ഞാലിക്കുട്ടിപക്ഷത്തും നിലയുറപ്പിച്ച് കരുക്കള്‍ നീക്കുകയാണ്. ഇരുക്കുട്ടരും തുല്യശക്തികളാണെന്നത് നേതൃത്വത്തിന് നിര്‍ണായകവുമാണ്.
( ജലീല്‍ അരൂക്കുറ്റി)

janayugom 230212

1 comment:

  1. ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചതോടെ മുസ്ലീം ലീഗില്‍ വിഭാഗീയത ശക്തമായി. യൂത്ത് ലീഗ് തിരഞ്ഞെടുപ്പില്‍ കണ്ടതിനേക്കാള്‍ വാശിയേറിയ കരുനീക്കങ്ങളാണ്് ഇരുഗ്രൂപ്പുകളും മുസ്ലിം ലീഗ് സംഘടനാ നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തുന്നത്. സംസ്ഥാനതലത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെതിരെ മന്ത്രി എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ എം ഷാജി, അഹമ്മദ് കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

    ReplyDelete