Saturday, February 18, 2012

ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ സിലബസ് പഠപ്പിക്കണോയെന്ന് അധ്യാപകര്‍ ചിന്തിക്കണം

പുതുതായി വരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ വിദ്യാഭ്യാസ സിലബസ് പഠപ്പിക്കണോയെന്ന് അധ്യാപകരും പഠിക്കണമോ യെന്ന് വിദ്യാര്‍ഥികളും ചിന്തിക്കേണ്ടതുണ്ടെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി പൊരുതി നേടിയ അവകാശങ്ങള്‍ തെറ്റായ നയങ്ങളിലൂടെ കേന്ദ്ര സസര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നു. ഇപ്പോള്‍ ഈ നയങ്ങള്‍ക്ക് കേരള സര്‍ക്കാരും പിന്തുണ നല്‍കുന്നു. സമ്പത്തുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള ഇത്തരം നയങ്ങള്‍ക്കെതിരെയാണ് ലോകമെങ്ങും പ്രക്ഷോഭം നടക്കുന്നത്. ഇതിന്റെ അലയൊലികള്‍ക്ക് അതിര്‍ത്തികളില്ലെന്ന് ഇത്തരം നയങ്ങളുടെ വക്താക്കള്‍ ഓര്‍ക്കണം. ഇടതുപക്ഷങ്ങള്‍ നയിക്കുന്ന സമരങ്ങളുംസമ്മര്‍ദവും മൂലമാണ് മറ്റ് ലോക രാജ്യങ്ങളിലേതുപോലെ ഇവിടംസാമ്പത്തികക്കുഴപ്പത്തിലേക്ക് പോകാതിരുന്നത്. കോടികള്‍ ലാഭം തരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനയങ്ങളെ തടഞ്ഞുനിര്‍ത്തുന്നത് ഇടതുപക്ഷമാണ്. പൊതുമേഖലയോട് അലര്‍ജി രൂപപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസിനും ബിജെപിക്കും. ഇതിനെ ചെറുത്ത് ഒരളവുവരെയെങ്കിലും പൊതുമേഖലയെ സംരക്ഷിക്കാനാകുന്നത് തൊഴിലാളികളുടെ ഐക്യം കൊണ്ടാണ്.

കേരളസര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കേസില്‍ പ്രതികളാണ്. മുഖ്യമന്ത്രി പ്രതിക്കൂട്ടിലായ പാമൊലിന്‍ കേസാകട്ടെ ടു ജി അഴിമതിക്ക് തുല്യമാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ മതത്തെ ഭൗതീകനേട്ടത്തിനായി ഉപയോഗിക്കുന്നു: ജി സുധാകരന്‍

വിദ്യാഭ്യാസമേഖലയില്‍ മതത്തെ ഭൗതീകനേട്ടത്തിനു വേണ്ടി ചിലര്‍ ഉപയോഗിക്കുകയാണെന്നും ഇത് പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെ ദോഷകരമായി ബാധിക്കുമെന്നും മുന്‍മന്ത്രി ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുന്നത് സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടുകളെ പിന്നോട്ടടിപ്പിക്കും. ബജറ്റില്‍ വിദ്യാഭ്യാസമേഖലയ്ക്ക് അഞ്ഞൂറു കോടി രൂപയെങ്കിലും നീക്കി വെയ്ക്കണം. വിദ്യാഭ്യാസത്തിനു വേണ്ടി പണം മാറ്റിവെയ്ക്കുന്നത് അഭിമാനമായി കാണണം. സംസ്ഥാനത്ത് സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളുടെ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ സ്കൂളുകളുടെ പിന്നോട്ടു പോക്കിനും സര്‍ക്കാരാണ് ഉത്തരവാദികള്‍ . കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വരുത്തിയ വീഴചയുമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് സര്‍ക്കാര്‍ സ്കൂളുകളുടെ ഉന്നമനത്തിനായി കാര്യമായി പ്രവര്‍ത്തിച്ചിട്ടുള്ളൂ.

കേരളത്തിലെ മതപുരോഹിതന്മാര്‍ എല്ലാവരും പിന്തിരിപ്പന്മാരല്ല. മതങ്ങളുടെ മുകളിലിരുന്ന് പഴയ കമ്യൂണിസ്റ്റ് വിരോധവുമായി പോകുന്ന ഒരു മതമേധാവിക്കും തങ്ങളുടെ മതവിശ്വാസികളോട് നീതി പുലര്‍ത്താനുമാവില്ല. മതമൗലികവാദികള്‍ സമൂഹത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സന്ദേശം നല്‍കുന്നവരാണ്. ഇവരാണ് പാഠപുസ്തകങ്ങളെയും വിദ്യാഭ്യാസ പരിഷ്കാരങ്ങളെയും വെറുതെ എതിര്‍ക്കുന്നത്. യുഡിഎഫും ബിജെപിയും ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുകുയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 180212

1 comment:

  1. പുതുതായി വരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ വിദ്യാഭ്യാസ സിലബസ് പഠപ്പിക്കണോയെന്ന് അധ്യാപകരും പഠിക്കണമോ യെന്ന് വിദ്യാര്‍ഥികളും ചിന്തിക്കേണ്ടതുണ്ടെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete