Sunday, February 19, 2012

നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണനിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: കെ പി രാജേന്ദ്രന്‍

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കഴിഞ്ഞ നിയമസഭയില്‍ 'കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം' അവതരിപ്പിച്ച മുന്‍ റവന്യൂ മന്ത്രിയും സി പി ഐ നേതാവുമായ അഡ്വ. കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയും അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ നിലനിര്‍ത്തുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയകളുടെ നേതൃത്വത്തില്‍ കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പ്രകൃതി വിഭവങ്ങളും കച്ചവട താത്പര്യത്തോടെ കയ്യടക്കാനും ചൂഷണം ചെയ്യാനും അതുവഴി വന്‍ലാഭം കൊയ്യാനുമുള്ള സംഘടിത നീക്കം ശക്തിപ്പെട്ട സാഹചര്യത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, പ്രകൃതിസ്‌നേഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ ആവശ്യം കൂടിയായിരുന്നു ഈ നിയമം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും എല്‍ ഡി എഫും കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനാ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയും അഭിപ്രായ സമന്വയത്തിലൂടെയുമാണ് ബില്ലിന് രൂപംനല്‍കിയത്. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും പിന്നീട് സെലക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു.

വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ എട്ടുമാസങ്ങള്‍ക്കുശേഷം ഭേദഗതികളോടെ നിയമസഭയില്‍ വീണ്ടും അവതരിപ്പിച്ചു. ഭേദഗതികള്‍ പരിഗണിച്ച് സഭ ബില്‍ പാസാക്കി. നിയമസഭയില്‍ ബില്‍ പാസാക്കുന്ന മൂന്നാം വായനയുടെ ഘട്ടത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും ശ്രദ്ധേയമാണ്. ഇപ്പോള്‍ കേരളത്തിലെ നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ കയ്യടക്കി വ്യാപകമായി നികത്തുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. യു ഡി എഫ് ഭരണത്തിന്റെ തണലില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചേര്‍ന്ന് നഗ്നമായ നിയമലംഘനം നടത്തുകയാണ്. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയതിനെ തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുന്നതുവരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതുകൊണ്ട് നിലം നികത്തല്‍ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് കേരള ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളിലെല്ലാം നെല്‍വയല്‍ സംരക്ഷണ നിയമത്തിന് അനുകൂലമായും എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ അംഗീകരിച്ചുമുള്ള ഉത്തരവുകളാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ കേസുകള്‍ ഫലപ്രദമായി നടത്തുന്നതില്‍ വലിയ ജാഗ്രതയും പുലര്‍ത്തിയിരുന്നു. ഇപ്പോഴാകട്ടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അപ്രായോഗികമാണെന്നും വികസനത്തെ തടസ്സപ്പെടുത്തുമെന്നും ഹൈക്കോടതി ഈ  നിയമത്തിനെതിരെ വിധി പുറപ്പെടുവിച്ചുവെന്ന് വ്യാപകമായി പ്രചരിപ്പിച്ചുംകൊണ്ട് ഭൂ മാഫിയ സംസ്ഥാനത്താകെ നിലംനികത്തല്‍ വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും അവര്‍ക്ക് വേണ്ട സഹായവുമായി നിലകൊള്ളുകയാണ്.

ഈയടുത്തകാലത്ത് ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ ഫലപ്രദമായി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഹൈക്കോടതി ഉത്തരവും യു ഡി എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ അന്തസ്സത്തയെ തന്നെ തകര്‍ക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാനുമുള്ള ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെയും നിയമലംഘനം നടത്തുന്നവരുടെയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും അങ്ങനെ കേരളത്തിന്റെ ഭാവി വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഈ നിയമത്തെ സംരക്ഷിക്കുന്നതിന് വലിയ ജാഗ്രതയും ബഹുജന പിന്തുണയും ഉറപ്പാക്കാന്‍ കഴിയണമെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു.

janayugom 190212

No comments:

Post a Comment