നോട്ടീസ് നല്‍കിയ ഉടന്‍ ലേബര്‍ കമീഷണര്‍ വിളിച്ച ചര്‍ച്ചയും മാനേജ്മെന്റിന്റെ നിഷേധാത്മക നിലപാടിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. ശമ്പളവര്‍ധനയെക്കുറിച്ചു പഠിക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്ന് ഡിസംബര്‍ ഒമ്പതിന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. മറ്റ് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സമരക്കാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കി. എന്നാല്‍ വാഗ്ദാനങ്ങള്‍ മാനേജ്മെന്റ് കാറ്റില്‍പറത്തിയതായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ഇരുന്നൂറ്റി മുപ്പതോളം സമരക്കാരെ പിരിച്ചുവിട്ട മാനേജ്മെന്റ് പകരം നേഴ്സുമാരെ നിയമിച്ചില്ല. നിലവില്‍ 13 രോഗികള്‍ക്ക് ഒരാള്‍ എന്ന അനുപാതത്തില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ കടുത്ത ജോലിഭാരം അനുഭവിക്കുന്നു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികാര നടപടികളാണ് സമരക്കാര്‍ക്കെതിരെ സ്വീകരിക്കുന്നത്. ആശുപത്രിയില്‍ നേഴ്സുമാരെ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേഴ്സിനെ രോഗം പരിഗണിക്കാതെ സ്ഥലംമാറ്റിയെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
നേഴ്സുമാരുടെ സമരം: പൈങ്കുളത്ത് നിരാഹാരം ആരംഭിച്ചു
തൊടുപുഴ: ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെടുകയും മാനേജ്മെന്റ് പിടിവാശി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൈങ്കുളം എസ്എച്ച് മാനസികാശുപത്രിയിലെ നേഴ്സുമാരുടെ സംഘടന ആശുപത്രി കവാടത്തില്‍ അനിശ്ചിതകാലനിരാഹാരസമരം ആരംഭിച്ചു. നേഴ്സുമാരുടെ സംഘടനാനേതാവ് എം പി സന്തോഷാണ് നിരാഹാരം ആരംഭിച്ചത്. ശനിയാഴ്ച നേഴ്സുമാര്‍ കോതമംഗലത്തെ പ്രൊവിന്‍ഷ്യല്‍ ഹൗസിനുമുമ്പിലേക്കും ബിഷപ് ഹൗസിലേക്കും മാര്‍ച്ച് നടത്തി. കോതമംഗലം ടൗണില്‍ മാനേജ്മെന്റിന്റെ കോലം കത്തിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേഴ്സസ് പേരന്റ്സ് അസോസിയഷന്‍ പൈങ്കുളം ആശുപത്രിക്കു മുമ്പില്‍ പ്രകടനം നടത്തി.
അടിസ്ഥാനശമ്പളത്തില്‍ വര്‍ധന അനുവദിക്കുക, റിസ്ക് അലവന്‍സ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച പണിമുടക്ക് അഞ്ചുദിവസം പിന്നിട്ടു. പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും രോഗികളെ ശുശ്രൂഷിക്കാന്‍ തയാറായ ജീവനക്കാരെ ആശുപത്രി വളപ്പില്‍നിന്ന് മാനേജ്മെന്റ് ബലമായി പുറത്താക്കി. തുടര്‍ന്ന് മുഴുവന്‍ നേഴ്സുമാരും സമരത്തിലേക്ക് വന്നു. ഇതിനിടെ തൊഴില്‍മന്ത്രിയും ലേബര്‍ കമീഷണറും ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ 35 ശതമാനം വര്‍ധന നല്‍കാന്‍ തയ്യാറാണെന്നും ജീവനക്കാര്‍ക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. ജെയിന്‍ ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ 25 വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന മെയില്‍ നേഴ്സിന്റെ ആകെ ശമ്പളം 9,800 രൂപയാണ്.
ഓച്ചിറ പരബ്രഹ്മ ആശുപത്രി: സമരം ഒത്തുതീര്‍ന്നു
ഓച്ചിറ: പരബ്രഹ്മ ആശുപത്രിയില്‍ ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒത്തുതീര്‍പ്പായി. ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം. 2009ലെ മിനിമം വേജസ് മുന്‍കാല പ്രാബല്യത്തോടെ 2012 ജനുവരി ഒന്നുമുതല്‍ നടപ്പാക്കും. ഒരുവര്‍ഷം കഴിഞ്ഞ ജീവനക്കാര്‍ക്കും മിനിമം വേജസ് ലഭിക്കും. നിലവില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിഐടിയു യൂണിയന്‍ നേതാക്കളായ കെ വരദരാജന്‍ , രാജ്മോഹന്‍ , ടി വിജയന്‍പിള്ള, എന്‍ വിശ്വനാഥന്‍ , രാജന്‍പിള്ള, എഐടിയുസി യൂണിയന്‍ നേതാക്കളായ ആര്‍ ഡി പത്മകുമാര്‍ , മുരളി, ശശിധരന്‍പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണസമിതി പ്രസിഡന്റ് വി പി എസ് മേനോന്‍ , സെക്രട്ടറി സദാശിവന്‍ , ട്രഷറര്‍ സുനില്‍ എന്നിവര്‍ ആശുപത്രിമാനേജ്മെന്റിനെ പ്രതിനിധീകരിച്ചു. അതിനിടെ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ സിഐടിയു യൂണിയന്‍ സമരരംഗത്ത് വരുമെന്ന് നേതാക്കള്‍ പറഞ്ഞു.
deshabhimani 190212
ശമ്പളവര്‍ധനയുള്‍പ്പെടെ മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ ചൊവ്വാഴ്ചമുതല്‍ വീണ്ടും പണിമുടക്കും. ഡിസംബറില്‍ നടന്ന സമരത്തിനുശേഷം മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിന് നേഴ്സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതേക്കുറിച്ച് റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ വിന്‍സന്റ് അലക്സിന്റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നേഴ്സുമാരും തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നേഴ്സുമാര്‍ വീണ്ടും സമരം നടത്തുന്നത്.
ReplyDelete