Sunday, February 19, 2012

ഇറാന്‍ -പാക് വാതകക്കുഴലിനെതിരെ അമേരിക്ക

നിര്‍ദിഷ്ട ഇറാന്‍ -പാകിസ്ഥാന്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരെയും അമേരിക്ക രംഗത്തെത്തി. വാതകക്കുഴല്‍ പദ്ധതി മോശം ആശയമാണെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്ടോറിയ ന്യൂലന്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

ഇറാനുമായുള്ള സഹകരണം ശക്തമാക്കാനും വാതകക്കുഴല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് അമേരിക്ക രംഗത്തെത്തിയത്. പ്രതിദിനം 2.15 കോടി ക്യുബിക് മീറ്റര്‍ (പ്രതിവര്‍ഷം 870 കോടി ക്യുബിക് മീറ്റര്‍) പ്രകൃതിവാതകം ഇറാനില്‍നിന്ന് പാകിസ്ഥാനിലേക്ക് എത്തിക്കുന്നതാണ് വാതകക്കുഴല്‍ പദ്ധതി. ഇറാനിലൂടെയുള്ള 900 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വാതകക്കുഴല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയും ഭാഗഭാക്കാകാനിരുന്ന പദ്ധതിയില്‍നിന്ന് അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്.

അതേസമയം, ആണവപ്രശ്നത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇറാനുമായി ചര്‍ച്ചയ്ക്ക് വഴങ്ങാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചു. ഒരുവര്‍ഷത്തിനുശേഷമാണ് ചര്‍ച്ചയ്ക്ക് പാശ്ചാത്യചേരി സന്നദ്ധമാകുന്നത്. പ്രശ്നപരിഹാരത്തിന് മുന്നുപാധികളില്ലാതെ ചര്‍ച്ചയാകാമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ കത്ത് ലഭിച്ചെന്നും അതിന്മേല്‍ ചര്‍ച്ച നടക്കുകയാണെന്നും ഇയു വിദേശനയ മേധാവി കാതറിന്‍ ആഷ്ടണ്‍ പറഞ്ഞു. ഇറാന്റെ ഈ പ്രതികരണത്തിനാണ് തങ്ങള്‍ കാത്തിരുന്നതെന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ ഫലമുണ്ടാകുമെന്നും യുഎസ് വിദേശ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

അതിനിടെ, ഇറാന്‍ ആണവായുധം നേടുന്നത് തടയാനും ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതിനെതിരെയും ഏതറ്റംവരെയും പോകുമെന്ന് അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ലിയോണ്‍ പനേറ്റ ഭീഷണിമുഴക്കി. ഇറാന്‍ ആണവശക്തിയാകുന്നത് തങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൂയസ് കനാല്‍ കടന്ന് യുദ്ധക്കപ്പലുകളെ മധ്യധരണ്യാഴിയിലെത്തിച്ച് ഇറാന്‍ സൈനികശേഷി വീണ്ടും തെളിയിച്ചു. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇത് രണ്ടാംവട്ടമാണ് നാവികസേന സൂയസ് കനാല്‍ താണ്ടുന്നത്.

deshabhimani 190212

1 comment:

  1. നിര്‍ദിഷ്ട ഇറാന്‍ -പാകിസ്ഥാന്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരെയും അമേരിക്ക രംഗത്തെത്തി. വാതകക്കുഴല്‍ പദ്ധതി മോശം ആശയമാണെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്ടോറിയ ന്യൂലന്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

    ReplyDelete