Monday, February 20, 2012

ടോള്‍പിരിവ് പ്രക്ഷോഭം ശക്തിപ്പെടുത്തും

തൃശൂര്‍ : അന്യായവും അശാസ്ത്രീയവുമായ ടോള്‍പിരിവ് അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തിന്റെയും കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെയും ഗൂഢാലോചനക്കെതിരെ ബഹുജന പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഐ എം ജില്ലാകമ്മിറ്റി തീരുമാനിച്ചു.

മുഴുനീള സര്‍വീസ് റോഡ്, ആവശ്യത്തിന് ക്രോസിങ് സിഗ്നലുകള്‍ , തെരുവ് വിളക്കുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ ധൃതിപിടിച്ച് അമിത ടോള്‍ നിരക്ക് ഈടാക്കാനെടുത്ത തീരുമാനം പിന്‍വലിക്കണം. പുതിയ റോഡ് ആവശ്യമില്ലാത്തവര്‍ക്ക് നിലവിലെ റോഡുകള്‍ അടച്ചുകെട്ടി സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് അനുവദിക്കാനാവില്ല. സര്‍വകക്ഷിയോഗം വിളിക്കാന്‍ വിസമ്മതിക്കുകയും ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയും ചെയ്യുന്നതുവഴി ഇതിന്റെ പുറകിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വെളിപ്പെടുകയാണ്. ജനങ്ങളെ കൊള്ളയടിക്കാതെ ഈ പ്രശ്നം പരിഹരിക്കാന്‍ വിദഗ്ധതലത്തിലോ ബഹുജനതലത്തിലോ നിര്‍ദേശങ്ങള്‍ ആരായാനുള്ള സാമാന്യമര്യാദപോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവയെ നയിക്കുന്ന പാര്‍ടിയും സ്വീകരിക്കാത്തത് ദുരുദ്ദേശ്യപരമാണ്. ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചിന് സിപിഐ എം നേതൃത്വത്തില്‍ പാലിയേക്കരയിലെ ടോള്‍പ്ലാസയിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. ഈ സമരത്തില്‍ പങ്കാളികളാകാനും തുടര്‍ പ്രക്ഷോഭത്തിലേക്ക് വരാനും മുഴുവന്‍ ബഹുജനങ്ങളോടും ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു.

കെടുകാര്യസ്ഥതക്കെതിരെ ജനരോഷം ഉയര്‍ത്തും: സിപിഐ എം

തൃശൂര്‍ : നഗരജീവിതത്തെ താറുമാറാക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ തൃശൂര്‍ കോര്‍പറേഷന്റെ ഭരണനേതൃത്വം കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് സിപിഐ എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോര്‍പറേഷന്റെ കെടുകാര്യസ്ഥതക്കും ജനവഞ്ചനക്കുമെതിരെ സിപിഐ എം 21ന് രാവിലെ കോര്‍പറേഷന്‍ ഓഫീസിലേക്ക് നടത്തുന്ന ബഹുജനമാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു. സര്‍വരും അംഗീകരിച്ച വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയും പാക്കേജും അട്ടിമറിച്ച് നഗരവും പരിസരവുമാകെ മാലിന്യം നിറച്ച് ദുര്‍ഗന്ധപൂരിതമാക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പറേഷന്‍ ഭരണനേതൃത്വത്തിനാണ്. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥക്കനുസരിച്ച് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. ജില്ലയെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് മന്ത്രിയും നിഷ്ക്രിയത്വം തുടരുകയാണ്. ചൊവ്വാഴ്ച കോര്‍പറേഷന്‍ ഓഫീസിനുമുന്നിലേക്ക് സിപിഐഎം നേതൃത്വത്തില്‍ നടത്തുന്ന ബഹുജനമാര്‍ച്ച് ഭരണനേതൃത്വത്തിനുള്ള താക്കീതാണ്. പ്രശ്നപരിഹാര പരിശ്രമങ്ങളുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താന്‍ സിപിഐ എം നിര്‍ബന്ധിതമാകും. കോര്‍പറേഷന്‍ ഭരണനേതൃത്വം കാണിക്കുന്ന കുറ്റകരമായ നിലപാടിനെതിരെ അതിശക്തമായ തുടര്‍പ്രക്ഷോഭത്തിന് ജനങ്ങളാകെ തയ്യാറാകണമെന്ന് എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു.

മാലിന്യം നഗരം രോഗഭീതിയില്‍ കോര്‍പറേഷന്‍ നിഷ്ക്രിയം

തൃശൂര്‍ : സാംസ്കാരിക നഗരം ഇന്ന് മാലിന്യനഗരമാണ്. മാലിന്യ നീക്കം നിലച്ച് ആഴ്ചകള്‍ പിന്നിട്ടു. നഗരം ദുര്‍ഗന്ധപൂരിതമായി. പലയിടങ്ങളിലും രോഗാണുക്കള്‍ നുരയ്ക്കുകയാണ്. മാലിന്യം പേറുന്ന ലാലൂര്‍ നിവാസികള്‍ നീതിക്കായി മുറവിളി തുടരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച "ലാംപ്സ്" എന്ന വികേന്ദ്രീകരണ മാലിന്യ സംസ്കരണം എന്ന പദ്ധതി പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനകം ലാലൂര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലാംപ്സ് പദ്ധതി തന്നെ അട്ടിമറിച്ചു. ഇപ്പോള്‍ മാലിന്യ നീക്കം നിലച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നീങ്ങിയിട്ടും കോര്‍പറേഷന്‍ ഭരണം പ്രായോഗിക നടപടികളില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. സര്‍വകക്ഷി യോഗം മാലിന്യ സംസ്കരണ നടപടികള്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഭരണക്കാര്‍ വിമുഖത തുടരുന്നു.

deshabhimani 200212

1 comment:

  1. അന്യായവും അശാസ്ത്രീയവുമായ ടോള്‍പിരിവ് അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തിന്റെയും കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെയും ഗൂഢാലോചനക്കെതിരെ ബഹുജന പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഐ എം ജില്ലാകമ്മിറ്റി തീരുമാനിച്ചു.

    ReplyDelete