Sunday, February 19, 2012

മന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി: ആരോപണം കൂടുതല്‍ ബലപ്പെടുന്നു


ആദിവാസി ക്ഷേമത്തിനായുള്ള വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പച്ചതുസംബന്ധിച്ച് ആരോപണത്തിന് കൂടുതല്‍ ബലം നല്‍കുന്നതായി സ്റ്റാഫംഗത്തിനെതിരെയുള്ള നടപടി. പെണ്‍കുട്ടിയും കുടുംബവും വൈകിയാണെങ്കിലും സംഭവം നിഷേധിച്ചത് കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണെന്നാണ് സൂചന. അദ്ദേഹത്തെ രക്ഷിക്കാന്‍ പെണ്‍കുട്ടിയെ പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിച്ചദിവസംതന്നെയാണ് നടപടിയും ഉണ്ടായിരിക്കുന്നത്. പരാതി ലഭിച്ചില്ലെന്ന് നേരത്തെ പറഞ്ഞ മന്ത്രി നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ജനുവരി 24ന് തിരുവനന്തപുരത്തേക്കുപോയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കും ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫംഗത്തിനെതിരെയുള്ള കടുത്ത വിരോധവുമാണ് ആരോപണത്തിനു പിന്നിലെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. അതേസമയം മന്ത്രിക്കു പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയതായി പറയപ്പെടുന്ന കത്തിലെ ഒപ്പ് തന്റേത് തന്നെയാണെന്ന് അച്ഛന്‍ സമ്മതിച്ചിട്ടുമുണ്ട്. മൂന്ന് വെള്ളക്കടലാസില്‍ ഒപ്പുവാങ്ങിയശേഷം പരാതി തയ്യാറാക്കിയതാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ താല്‍കാലികമായെങ്കിലും ജോലി വാങ്ങിക്കൊടുത്തത് "സോദരിച്ചേച്ചി" പറഞ്ഞിട്ട് ചന്ദ്രന്‍ എന്നൊരാളാണെന്നാണ് പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സോദരിച്ചേച്ചിയോടൊപ്പമാണ് പെണ്‍കുട്ടിയും കുടുംബവും വാര്‍ത്താസമ്മേളനത്തിനെത്തിയതും. പേഴ്സണല്‍ സ്റ്റാഫംഗം ഐസക് സാര്‍ ആണ് തിരുവനന്തപുരത്ത് താമസസൗകര്യം ഒരുക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഒട്ടേറെ ആരോപണവിധേയരായവര്‍ ഈ സംഭവം ഒതുക്കിത്തീര്‍ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പെണ്‍കുട്ടി മാനന്തവാടിയില്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കാന്‍ എത്തിയത് ഒരു സ്വകാര്യ വാഹനത്തിലാണ്. ഇതില്‍ ഉള്‍പ്പെട്ട ഒരാളുടേതാണ് ഈ വാഹനം എന്നറിയുന്നു. മാനന്തവാടി പിഡബ്ല്യുഡി ടിബിയിലായിരുന്നു കമീഷന്‍ സിറ്റിങ്. പെണ്‍കുട്ടിയും കുടുംബവും എത്തിയ സ്വകാര്യവാഹനം റോഡില്‍ ഏറെ മാറ്റിനിര്‍ത്തിയശേഷമാണ് പരാതി നല്‍കാനെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സ്വതന്ത്രമായി പരാതി പറയാന്‍ അവസരം നല്‍കാതെ കേസ് ഒതുക്കാന്‍ താല്‍പര്യമുള്ള ഒരുസംഘം എപ്പോഴും കൂടെനില്‍ക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നാല്‍ സാധാരണയായി പെണ്‍കുട്ടിയെ പൊതുസമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരാറില്ല. എന്നാല്‍ ആരോപണം ഉയര്‍ന്നതിന്റെ അടുത്തദിവസംതന്നെ പെണ്‍കുട്ടിയുടെ പേരുവെച്ച് മാധ്യമങ്ങള്‍ക്ക് നിഷേധക്കുറിപ്പ് നല്‍കിയിരുന്നു. പരസ്യമായി പെണ്‍കുട്ടിയുടെ പേര് ആരും ഉന്നയിക്കാത്തപ്പോഴായിരുന്നു ഇത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയെക്കൊണ്ട് വാര്‍ത്താസമ്മേളനവും നടത്തിച്ചു. ഇതിനെല്ലാം പിന്നില്‍ പ്രത്യേകസംഘമാണ് എന്നാണ് ആക്ഷേപം.

deshabhimani 190212

No comments:

Post a Comment