ഒഞ്ചിയം: നവോത്ഥാന മൂല്യങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റുകാര്‍ വളര്‍ത്തിയെടുത്ത ഇടതുപക്ഷ സമൂഹത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചരിത്രത്തെ നിഷേധിക്കുക, സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുക, മധ്യവര്‍ഗ സംസ്കാരം തിരിച്ചുകൊണ്ടുവരിക-ഇതാണ് കേരളത്തില്‍ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി നാദാപുരം റോഡില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ സംഘടിപ്പിച്ച "വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകിട്ട് നടന്ന സെമിനാറില്‍ പാലേരി രമേശന്‍ അധ്യക്ഷനായി.
അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പിണറായി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ , ഇപ്പോള്‍ ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍ . സ്വകാര്യ സ്വീകരണ മുറിയിലെ ഇക്കിളികള്‍ക്കും നിലവാരമില്ലാത്ത അഭിപ്രായരൂപീകരണ ചര്‍ച്ചകളിലുമാണ് കണ്ണും കാതും. മതങ്ങളും മതമേധാവികളും നഗ്നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു. പൊതുമണ്ഡലങ്ങള്‍ ബോധപൂര്‍വം ഇല്ലാതാക്കുന്നു. ഇടത്തരക്കാരിലും തൊഴിലാളികളിലും കര്‍ഷകരിലും മധ്യവര്‍ഗ സാംസ്കാരിക പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളത്തിലാണ് സാമൂഹിക-സാംസ്കാരിക നേട്ടങ്ങള്‍ ഉണ്ടായതെന്ന് മറന്നുകൂട. സംസ്കാരത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു വാഗ്ഭടാനന്ദ ഗുരു. അതുകൊണ്ടാണ് അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നിന്നത്. സംസ്കാരത്തെ രാഷ്ട്രീയവല്‍ക്കരിച്ച മഹാന്മാരാണ് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദഗുരുവും. വീട് നിര്‍മിക്കുമ്പോള്‍ പൂജാമുറി ഇപ്പോള്‍ നിര്‍ബന്ധമായിട്ടുണ്ട്. പൂജാമുറിയില്‍ ദൈവങ്ങളേക്കാളധികം ആള്‍ദൈവങ്ങള്‍ . വിഗ്രഹം തന്നെ വേണ്ടെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടില്‍ പുതിയ പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടായിവരുന്നു. മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാംസ്കാരിക വിരുദ്ധ-അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായ പോരാട്ടത്തില്‍ വാഗ്ഭടാനന്ദ ഗുരുവിെന്‍റ സ്മരണ പ്രചോദനമാകണമെന്ന് പിണറായി പറഞ്ഞു.
നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണിലാണ് കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിത്തുകള്‍ മുളച്ചുവളര്‍ന്നത്. സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സന്ദേശവും ആശയവും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. വിവിധ തരത്തിലുള്ള സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് കേരളത്തിന് ഇടതുപക്ഷ സ്വഭാവം കൈവന്നത്. സമൂഹത്തില്‍ ജാതി-മത വേര്‍തിരിവ് രൂക്ഷമായ കാലഘട്ടത്തിലാണ് നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും സഹോദരന്‍ അയ്യപ്പന്റെയും വാഗ്ഭടാനന്ദന്റെയും പ്രവര്‍ത്തനമുണ്ടായത്. മനുഷ്യകേന്ദ്രീകൃതമായിരുന്നു ഇവരുടെ ദര്‍ശനങ്ങള്‍ . "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിന്റെ ദര്‍ശനം ഏറ്റവും വിപ്ലവകരമായിരുന്നു. വടക്കേ മലബാറില്‍ നവോത്ഥാനത്തിന് കരുത്തുറ്റ സംഭാവന നല്‍കിയത് വാഗ്ഭടാനന്ദനാണ്. "അനീതിയോടെതിര്‍പ്പിന്‍" എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അന്നത്തെ യുവതലമുറയെ ആവേശം കൊള്ളിച്ചു. ജാതി മേധാവിത്തത്തിന്റെയും ജന്മിത്വത്തിന്റെയും കാലത്ത് നരകയാതനയനുഭവിച്ച ജനങ്ങളില്‍ വര്‍ഗബോധം വളര്‍ത്തിയെടുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞത് വാഗ്ഭടാനന്ദനെപ്പോലുള്ള നവോത്ഥാന നായകരുടെ സന്ദേശങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതുകൊണ്ടാണെന്ന് പിണറായി പറഞ്ഞു.
അധ്വാനത്തിലെ സഹകരണവും അതുവഴി ചൂഷണത്തില്‍നിന്നുള്ള മോചനവും ലക്ഷ്യമാക്കിയാണ് വാഗ്ഭടാനന്ദന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സ്ഥാപിച്ചത്. ആ സ്ഥാപനം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന വന്‍ സ്ഥാപനമായി വളര്‍ത്തിയെടുത്തവരെ പിണറായി അഭിനന്ദിച്ചു. വാഗ്ഭടാനന്ദനുള്ള നിത്യസ്മാരകമാണ് സൊസൈറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആത്മവിദ്യാസംഘത്തിന്റെ നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും ആദരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അവരെ ഷാള്‍ അണിയിച്ചു. ഡോ. കെ കെ എന്‍ കുറുപ്പും എം എസ് നായരും ചേര്‍ന്ന് രചിച്ച "വാഗ്ഭടാനന്ദ ഗുരു-നവോത്ഥാനത്തിെന്‍റ ശക്തി" എന്ന ഗ്രന്ഥം പിണറായി പ്രകാശനം ചെയ്തു. കേളുഏട്ടന്‍ പഠന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം സി കെ നാണു എംഎല്‍എ ഏറ്റുവാങ്ങി. പ്രൊ. എം കെ സാനുവിന്റെ സന്ദേശവും മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഡോ. സുകുമാര്‍ അഴീക്കോട് എഴുതി നല്‍കിയ ആശംസയും ചടങ്ങില്‍ വായിച്ചു. സ്വാമി ഋതംബരാനന്ദ (ശിവഗിരി മഠം), ഡോ. കെ കെ എന്‍ കുറുപ്പ്, എം എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ സ്വാഗതവും ഇ എം ദയാനന്ദന്‍ നന്ദിയും പറഞ്ഞു. മാതാ പേരാമ്പ്ര വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
deshabhimani 200212
നവോത്ഥാന മൂല്യങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റുകാര്‍ വളര്‍ത്തിയെടുത്ത ഇടതുപക്ഷ സമൂഹത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചരിത്രത്തെ നിഷേധിക്കുക, സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുക, മധ്യവര്‍ഗ സംസ്കാരം തിരിച്ചുകൊണ്ടുവരിക-ഇതാണ് കേരളത്തില്‍ വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി നാദാപുരം റോഡില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ സംഘടിപ്പിച്ച "വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകിട്ട് നടന്ന സെമിനാറില്‍ പാലേരി രമേശന്‍ അധ്യക്ഷനായി.
ReplyDelete