Saturday, February 18, 2012

പരാജയത്തിന് രാഷ്ട്രീയ, സംഘടന, ഭരണപരമായ കാരണങ്ങള്‍

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിനു പിന്നില്‍ രാഷ്ട്രീയവും സംഘടനാപരവും ഭരണപരവുമായ കാരണങ്ങളുണ്ടെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സമ്മേളന നടപടികള്‍ വിശദീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ കരാര്‍ സംബന്ധിച്ച് സിപിഐ എം കൈക്കൊണ്ട നിലപാടിലും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിലും പ്രതിനിധികള്‍ വിമര്‍ശമുന്നയിച്ചില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് സലിം പറഞ്ഞു. മുപ്പത്തിനാല് വര്‍ഷത്തെ ഇടതുമുന്നണി ഭഭരണത്തില്‍ ബംഗാള്‍ സമഗ്ര പുരോഗതി കൈവരിച്ചുവെന്ന് പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങളെ താഴ്ത്തിക്കെട്ടുന്ന പ്രചാരണങ്ങള്‍ ആസൂത്രിതമായി നടന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും അനുഭവങ്ങളെയും സംബന്ധിച്ചുള്ള സത്യസന്ധമായ വിലയിരുത്തല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയിലുള്ള ശരിയായ പ്രവര്‍ത്തനത്തിന് സഹായകമാകുമെന്ന് പ്രതിനിധികള്‍ പറഞ്ഞു.

തൊഴിലാളികള്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കുമെതിരായി കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നവ ഉദാര നയത്തിന് പിന്തുണ നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഇതേ നയം തന്നെയാണ് പിന്തുടരുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തുകയും പണിമുടക്ക് അവകാശമുള്‍പ്പെടെ നിഷേധിക്കാന്‍ ശ്രമിക്കുകയുമാണ് മമത സര്‍ക്കാര്‍ . സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് വലിയ ഉത്സാഹമാണ് കാട്ടുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന കടന്നാക്രമണങ്ങളെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും യോജിച്ചണിനിരന്ന് എതിര്‍ത്ത് പരാജയപ്പെടുത്തണം. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തടയാനാണ് ശ്രമം. ഇത് ധീരതയോടെ നേരിടുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ സമ്മേളനം അഭിനന്ദിച്ചു.

തെറ്റായ പ്രചാരണങ്ങളെ ചെറുക്കാന്‍ പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ശക്തമാക്കണമെന്നും സാംസ്കാരികമേഖലയിലെ പ്രവര്‍ത്തനം വിപുലമാക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വൈകിട്ട് സമാപിച്ച ചര്‍ച്ചയില്‍ മൊത്തം 56 പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ച് ഞായറാഴ്ച പകല്‍ ഒന്നിന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ വമ്പിച്ച റാലി നടക്കും. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും.
(വി ജയിന്‍ )

deshabhimani 180212

2 comments:

  1. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിനു പിന്നില്‍ രാഷ്ട്രീയവും സംഘടനാപരവും ഭരണപരവുമായ കാരണങ്ങളുണ്ടെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സമ്മേളന നടപടികള്‍ വിശദീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete
  2. മൂന്നര ദശാബ്ദം തുടര്‍ച്ചയായി പാര്‍ടിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളില്‍&ലവേ;ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നടപടികളും ആര്‍ജിച്ച നേട്ടങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചാലും ഇടതുമുന്നണി ഭരണത്തില്‍ ബംഗാളിന്റെ ജനജീവിതത്തിലും സാമൂഹ്യ മണ്ഡലത്തിലും ഉണ്ടായ പരിവര്‍ത്തനവും നേട്ടങ്ങളും തള്ളിക്കളയാനോ നിന്ദിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം പറഞ്ഞു. അവയുടെ സംരക്ഷണത്തിന് ജനങ്ങളെ അണിനിരത്താന്‍ സമ്മേളനം ആഹ്വാനംചെയ്തു. ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത ജനാധിപത്യ അവകാശങ്ങളും നേട്ടങ്ങളും അട്ടമറിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. അക്രമവും അരാജകത്വവും വ്യാപിക്കുന്നു. കര്‍ഷകരെ കടക്കെണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടു. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. എല്ലാ തലങ്ങളിലും സംസ്ഥാനത്തെ പിന്നോട്ടുനയിക്കുന്ന നയങ്ങളാണ് എട്ടുമാസമായി നടപ്പാക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പോരാട്ടം നടത്തുന്നതിന് സമ്മേളനം തീരുമാനിച്ചു. ഇരുപത്തെട്ടിന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, സാമ്രജ്യവിരുദ്ധ പോരാട്ടം തുടരുക, നൂനപക്ഷ അവകാശം സംരക്ഷിക്കുക, അംസഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെയും തീവ്രവാദത്തെയും ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

    ReplyDelete