Thursday, February 23, 2012

മുടിയെക്കുറിച്ച് പറയാന്‍ പാണ്ഡിത്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

തലമുടി കത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ തക്ക പാണ്ഡിത്യം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രവാചകന്റെ തിരുകേശ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുടി കത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ പാണ്ഡിത്യം വേണോ എന്ന ചോദ്യത്തിന് ഇത് സാധാരണ മുടിയല്ലല്ലോ എന്നായി മറുപടി. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ അത്ര പാണ്ഡിത്യം തനിക്കില്ല. മതകാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം. തിരിച്ചാകാമോ എന്ന ചോദ്യത്തിന് എല്ലാറ്റിനും ലക്ഷ്മണ രേഖ വേണമെന്നും പറഞ്ഞു.

ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ നടപടി പാടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹം നിഷേധിച്ചല്ലോ എന്നായിരുന്നു മറുപടി. തീവണ്ടികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. തീവണ്ടികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് 218 പൊലീസുകാരെ നിയോഗിക്കാന്‍ റെയില്‍വേയോട് പാസ് ചോദിച്ചെങ്കിലും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സീസണ്‍ ടിക്കറ്റെടുത്ത് പൊലീസുകാരെ ഡ്യൂട്ടിയ്ക്കിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റുമരിച്ച സംഭവത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ഫീദെസ് വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് ശരിയായിട്ടുള്ളതല്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാര്‍ത്ത അവര്‍ പിന്‍വലിക്കുകയും തന്നോട് ഖേദം പ്രകടിപ്പിക്കുകയുംചെയ്തതായും അദ്ദേഹം അറിയിച്ചു. വിലയേറിയ രണ്ട് മനുഷ്യജീവന്‍ അപഹരിക്കപ്പെട്ട സംഭവം വേണ്ടത്ര ഗൗരവത്തോടെ കണ്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സംഭവത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ശ്രമിക്കുകയോ അതിനായി ഒരു മന്ത്രിയെയും സമീപിക്കുകയോ ചെയ്തിട്ടില്ല. പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്കു നീങ്ങാന്‍ ഇടയാക്കരുതെന്നും പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാജ്യത്തിലെ ജനതയുടെ വികാരം ഉള്‍ക്കൊള്ളുകയും ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുകയുംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 230212

2 comments:

  1. തലമുടി കത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ തക്ക പാണ്ഡിത്യം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രവാചകന്റെ തിരുകേശ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുടി കത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ പാണ്ഡിത്യം വേണോ എന്ന ചോദ്യത്തിന് ഇത് സാധാരണ മുടിയല്ലല്ലോ എന്നായി മറുപടി.

    ReplyDelete
  2. പണ്ടൊരിക്കല്‍, വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച നാടായിരുന്നു കേരളം.
    പിന്നീട് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വളരെ പണിപ്പെട്ട് കേരളം സാക്ഷര - സാംസ്കാരിക കേരളം ആയി മാറി.
    ഇന്നിപ്പോള്‍ , മനുഷ്യന്റെ തലമുടി കത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നും ഭൌതിക പദാര്‍ത്ഥ ങ്ങള്‍ക്ക് വെളിച്ചം തട്ടുമ്പോള്‍ നിഴല്‍ ഉണ്ടാകുമോ എന്നും തര്‍ക്കം നടക്കുന്നു...!!!

    തലമുടി കത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നു പറയാന്‍ വേണ്ടതു പാണ്ടിത്യമല്ല ; നട്ടെല്ലാണ്.

    ReplyDelete